
മരട്: കുണ്ടന്നൂരിൽ നവജാത ശിശുവിനെ വഴിയരികിലെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ കണ്ടെത്തിയതായി ആദ്യം പോലീസിനെ അറിയിച്ച യുവാവും കുഞ്ഞിന്റെ അമ്മയും ചേർന്നാണ് ശിശുവിനെ അവിടെ എത്തിച്ച് ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അരൂർ-ഇടപ്പള്ളി ദേശീയപാതയിലെ ഫോറം മാളിന് സമീപമുള്ള സർവീസ് റോഡരികിലെ തട്ടുകടയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് മടങ്ങുന്നതിനിടെ ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കണ്ടെന്നായിരുന്നു തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുൻ ആദ്യം പോലീസിനോട് പറഞ്ഞത്. ദേഹമാസകലം കൊതുകുകടിയേറ്റ നിലയിലായിരുന്ന കുഞ്ഞിന് സമീപം തെരുവുനായകളും ഉണ്ടായിരുന്നുവെന്നും ഇയാൾ അറിയിച്ചിരുന്നു.
എന്നാൽ മിഥുനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്തുവന്നത്. കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയായ അഞ്ജുവാണ് പ്രസവത്തിന് പിന്നാലെ സുഹൃത്തായ മിഥുന്റെ സഹായത്തോടെ കുഞ്ഞിനെ തട്ടുകടയിലെ ബെഞ്ചിൽ കിടത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കാനായിരുന്നു മിഥുനോട് ആവശ്യപ്പെട്ടത്.
ശനിയാഴ്ച വെളുപ്പിനാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. വളർത്താൻ സാഹചര്യമില്ലെങ്കിലും കുഞ്ഞ് സുരക്ഷിതമായി ആരുടെയെങ്കിലും സംരക്ഷണത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അഞ്ജു പോലീസിനോട് മൊഴി നൽകി.
കുഞ്ഞിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്കും മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ജുവിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.







