01:18am 23 September 2026
NEWS
ന്യൂയോർക്കർ റിപ്പോർട്ട് വ്യാജം:ആരോപണങ്ങൾ തള്ളി ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ്
22/09/2026  10:54 AM IST
nila
ന്യൂയോർക്കർ റിപ്പോർട്ട് വ്യാജം:ആരോപണങ്ങൾ തള്ളി ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ്

 


​ദോഹ: ന്യൂയോർക്കർ മാഗസിൻ സെപ്റ്റംബർ 19-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് രംഗത്ത്. വ്യാജവും നിർമ്മിതവുമായ രേഖകളെ അടിസ്ഥാനമാക്കിയാണ് മാഗസിൻ വാർത്ത തയ്യാറാക്കിയിരിക്കുന്നതെന്നും ഖത്തർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
​റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന "ബ്ലാസ്റ്റ്" (Blast) ഉൾപ്പെടെയുള്ള രേഖകൾ പൂർണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ മാഗസിന് കൈമാറിയിരുന്നു. എന്നാൽ തെളിവുകൾ അവഗണിച്ച് വാർത്തയുമായി മുന്നോട്ട് പോകാനാണ് മാഗസിൻ തയ്യാറായത്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത തരത്തിലാണ് ന്യൂയോർക്കർ പ്രവർത്തിച്ചിരിക്കുന്നതെന്നും ഖത്തർ വിമർശിച്ചു.
​ഖത്തറിനെതിരെ നടക്കുന്ന ആസൂത്രിത തെറ്റായ പ്രചാരണങ്ങളുടെ (Disinformation Campaign) ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നത്. ഇതിന് പിന്നിൽ തീവ്ര വലതുപക്ഷ ഇസ്രായേലി ഘടകങ്ങൾക്ക് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ട്. ഖത്തറിനെ വ്യാജ ആരോപണങ്ങളിൽ കുടുക്കാൻ ലക്ഷ്യമിട്ടാണ് വർഷങ്ങളായി ഈ പ്രചാരണങ്ങൾ നടക്കുന്നത്. മുൻപ് പല പ്രമുഖ മാധ്യമങ്ങളും വ്യാജമെന്ന് കണ്ട് തള്ളിക്കളഞ്ഞ രേഖകളാണ് ഇപ്പോൾ ന്യൂയോർക്കർ വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.​ഹമാസിന് ഖത്തർ സാമ്പത്തിക സഹായം നൽകിയെന്ന ആരോപണത്തെ വാർത്താക്കുറിപ്പിൽ പൂർണ്ണമായും നിഷേധിച്ചു. ഗാസയിലെ ഫലസ്തീൻ ജനതയ്ക്കുള്ള സഹായങ്ങൾ പൂർണ്ണമായും ഇസ്രായേൽ അധികാരികളുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും സഹകരണത്തോടെയും മേൽനോട്ടത്തിലുമാണ് എത്തിച്ചത്. ഭക്ഷണവും മരുന്നും ഇന്ധനവും ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക സമാഹരണങ്ങളും ഇസ്രായേൽ വഴിയാണ് ഗാസയിലേക്ക് പോയത്. സാമ്പത്തിക സഹായങ്ങൾ ഹമാസിന് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഖത്തറിനല്ല, മറിച്ച് സാമ്പത്തിക വിതരണം ഏകോപിപ്പിച്ച ഇസ്രായേൽ ഭരണകൂടത്തിനും അവരുടെ സുരക്ഷാ ഏജൻസികൾക്കുമാണെന്ന് ഇന്റർനാഷണൽ മീഡിയ ഓഫീസ് വ്യക്തമാക്കി.
​മേഖലയിൽ സമാധാനം കൊണ്ടുവരാനായി ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ തകർക്കുകയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം. വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഖത്തർ പരിഗണിച്ചുവരികയാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img