09:07pm 26 November 2026
NEWS
ന്യൂയോർക്കിന്റെ ഭൂമിക്കടിയിൽ മറ്റൊരു ലോകം; ആരാണ് ഈ ‘എലിമനുഷ്യർ’?
26/11/2026  06:39 AM IST
nila
ന്യൂയോർക്കിന്റെ ഭൂമിക്കടിയിൽ മറ്റൊരു ലോകം; ആരാണ് ഈ ‘എലിമനുഷ്യർ’?

ന്യൂയോർക്ക് നഗരത്തിന്റെ തിരക്കേറിയ തെരുവുകൾക്ക് താഴെ മറ്റൊരു ലോകമുണ്ടെന്ന് അറിയാമോ? ഭൂമിക്കടിയിലെ ഇരുണ്ട തുരങ്കങ്ങളിൽ പുറംലോകവുമായി വലിയ ബന്ധമില്ലാതെ കഴിയുന്ന ഒരു വിഭാഗം മനുഷ്യർ. വിചിത്രമായ ജീവിതരീതി കാരണം ഇവർ അറിയപ്പെടുന്നത് ‘മോൾ പീപ്പിൾ’ അഥവാ എലിമനുഷ്യർ എന്നാണ്. എലിയും മനുഷ്യനും ചേർന്ന സങ്കരജീവികളല്ല ഇവർ. മറിച്ച്, ഭൂമിക്കടിയിലെ തുരങ്കങ്ങളെ സ്വന്തം താമസസ്ഥലമാക്കിയ മനുഷ്യരാണ്.

ന്യൂയോർക്ക് നഗരത്തിന് അടിയിൽ കിലോമീറ്ററുകളോളം നീളുന്ന ഭൂഗർഭ തുരങ്കങ്ങളുണ്ട്. മലിനജലം ഒഴുക്കിക്കളയാനുള്ള സ്യൂവർ സംവിധാനങ്ങൾക്ക് പുറമെ ഉപേക്ഷിക്കപ്പെട്ട സബ്‌വേ പാതകൾ, പഴയ റെയിൽവേ സ്റ്റേഷനുകൾ, നീരാവി കടന്നുപോകുന്ന തുരങ്കങ്ങൾ എന്നിവയും ഈ ഭൂഗർഭ ലോകത്തിന്റെ ഭാഗമാണ്. ഇവിടങ്ങളിലാണ് മോൾ പീപ്പിളിൽ ചിലർ താവളമുറപ്പിക്കുന്നത്. മലിനജലം ഒഴുകുന്ന സ്യൂവറുകളേക്കാൾ സുരക്ഷിതമെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട തുരങ്കങ്ങളാണ് പലരും താമസത്തിനായി തിരഞ്ഞെടുക്കുന്നത്.

ഭവനരഹിതരായ ആളുകളാണ് പ്രധാനമായും ഇത്തരം ജീവിതത്തിലേക്ക് എത്തിപ്പെടുന്നത്. നഗരത്തിൽ തണുപ്പ് അതിരൂക്ഷമാകുമ്പോൾ ഭൂമിക്കടിയിലെ തുരങ്കങ്ങൾ അവർക്ക് താൽക്കാലിക അഭയകേന്ദ്രങ്ങളാകുന്നു. നീരാവി പൈപ്പുകൾ കടന്നുപോകുന്ന ഇടങ്ങളിൽ പുറത്തെ അന്തരീക്ഷത്തേക്കാൾ ചൂട് ലഭിക്കുമെന്നതാണ് പ്രധാന കാരണം. തണുത്തുറഞ്ഞ് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയേക്കാൾ ഭേദമാണ് ഈ ഭൂഗർഭ ജീവിതമെന്നാണ് ഇവരുടെ കാഴ്ചപ്പാട്.

തുരങ്കങ്ങൾക്കുള്ളിൽ താൽക്കാലിക കൂടാരങ്ങളും മറ്റും ഒരുക്കിയാണ് ഇവർ താമസിക്കുന്നത്. ഭക്ഷണവും പണവും കണ്ടെത്തുന്നതിനായി ഇടയ്ക്കിടെ നഗരത്തിന്റെ ഉപരിതലത്തിലേക്ക് എത്തും. അതേസമയം, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുന്നവരും ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തുന്നവരും ഇത്തരം ഇടങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

1980-കളിലും 1990-കളിലും നൂറുകണക്കിന് ആളുകൾ ന്യൂയോർക്കിലെ ഭൂഗർഭ തുരങ്കങ്ങളിൽ താമസിച്ചിരുന്നതായാണ് കണക്കുകൾ. എന്നാൽ പിന്നീട് അധികൃതർ ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കുകയും സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തതോടെ ഇവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

അതേസമയം, ഭൂമിക്കടിയിലെ ജീവിതം വലിയ അപകടസാധ്യതകൾ നിറഞ്ഞതാണ്. മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ സ്യൂവർ സംവിധാനങ്ങളിൽ അടിഞ്ഞുകൂടുന്നത് ശ്വാസംമുട്ടലിനും മറ്റ് ഗുരുതര അപകടങ്ങൾക്കും കാരണമാകാം. ചില സാഹചര്യങ്ങളിൽ വാതകങ്ങൾ തീപിടിത്തത്തിനും സ്ഫോടനങ്ങൾക്കും വഴിയൊരുക്കും. മഴ ശക്തമായി പെയ്താൽ നിമിഷങ്ങൾക്കുള്ളിൽ തുരങ്കങ്ങളിൽ വെള്ളം നിറയാനും അവിടെയുള്ളവർ ഒഴുക്കിൽപ്പെട്ട് അപകടത്തിലാകാനും സാധ്യതയുണ്ട്. സബ്‌വേ പാതകളിലെ ഉയർന്ന വോൾട്ടേജുള്ള വൈദ്യുത ലൈനുകളും മറ്റൊരു ഭീഷണിയാണ്.

ന്യൂയോർക്കിൽ മാത്രമല്ല, ഫ്രാൻസിലെ പാരീസിലുള്ള ഭൂഗർഭ കാറ്റകോംബ്സ് പോലുള്ള ഇടങ്ങളിലും ഭൂമിക്കടിയിലെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, മഴവെള്ളത്തിലും മറ്റും ഒഴുകിയെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ നിധിവേട്ടക്കാരും ന്യൂയോർക്കിലെ സ്യൂവർ ശൃംഖലകളിലേക്ക് എത്താറുണ്ട്. എന്നാൽ അനുമതിയില്ലാതെ ഇത്തരം ഭൂഗർഭ മേഖലകളിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ പിടിയിലാകുന്നവർക്കെതിരെ അധികൃതർ നടപടികളും സ്വീകരിക്കാറുണ്ട്.

നഗരത്തിന്റെ മുകളിൽ ആധുനിക ജീവിതം തിരക്കുപിടിച്ച് മുന്നോട്ടുപോകുമ്പോൾ, അതിന് തൊട്ടുതാഴെ അതിജീവനത്തിനായി പോരാടുന്ന മറ്റൊരു മനുഷ്യലോകം നിലനിൽക്കുന്നുവെന്നതാണ് മോൾ പീപ്പിളിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img