04:50am 26 May 2026
NEWS
പുതു വര്‍ഷ പ്രതിജ്ഞ: ശ്രദ്ധക്കുറവിനോട് വിടപറയൂ, 'എഐ' ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യൂ!
02/01/2026  12:43 PM IST
Health Desk
പുതു വര്‍ഷ പ്രതിജ്ഞ: ശ്രദ്ധക്കുറവിനോട് വിടപറയൂ, എഐ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യൂ!

 

പുതുവര്‍ഷം തുടങ്ങുമ്പോള്‍, പലരും പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ശ്രദ്ധാ പരിധി (attention span) കുറവാണ് എനന്നുള്ളതാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, ഷോര്‍ട്ട് വീഡിയോകള്‍, തുടര്‍ച്ചയായ നോട്ടിഫിക്കേഷനുകള്‍ എന്നിവ ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് മനസ്സിനെ വഴിതിരിച്ചുവിടുന്നു.

മനശാസ്ത്രപരമായി നോക്കിയാല്‍, ഇതിന്റെ അടിസ്ഥാനം ഡോപ്പമിന്‍ റിവാര്‍ഡ് സിസ്റ്റമാണ്. ഓരോ ലൈക്ക്, കമന്റ്, നോട്ടിഫിക്കേഷന്‍ എന്നിവ താല്‍ക്കാലിക സുഖം നല്‍കി മനസ്സിനെ അടിമയാക്കുന്നു. ഫലമോ? ദീര്‍ഘകാല ഏകാഗ്രതയുടെ കുറവ്, ഉത്കണ്ഠ കൂടുക, വിഷാദത്തിന്റെ ലക്ഷണങ്ങള്‍, കാര്യശേഷിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സമയ പരിധി ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളിലും മുതിര്‍ന്നവരിലും ഈ പ്രശ്‌നങ്ങള്‍ വ്യാപകമാണ്.

ഇതിനൊപ്പം എഐ ആപ്ലിക്കേഷനുകളുടെ അമിത ഉപയോഗവും ഒരു ആശങ്കയാണ്. ചാറ്റ് ജിപിടി, ഗ്രോക്, ജെമിനൈ തുടങ്ങിയവ ജോലികള്‍ എളുപ്പമാക്കുന്നു. എന്നാല്‍ അവയെ ആശ്രയിച്ച് സ്വന്തം ചിന്താശേഷി ഉപയോഗിക്കാതിരുന്നാല്‍ ക്രിയാത്മക ശക്തി കുറയുകയും വിമര്‍ശനാത്മക ചിന്ത തടസ്സപ്പെടുകയും ചെയ്യും. എഐ നമ്മുടെ ടൂള്‍ ആകുന്നതില്‍ തെറ്റില്ല, പക്ഷേ മനുഷ്യ ചിന്തയുടെ പകരക്കാരനല്ല. എന്തിനും ഏതിനും എഐ ആശ്രയിക്കുന്നവരില്‍ അനാവശ്യ ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് എന്നിവ കണ്ടുവരുന്നു.  


2026-ലെ ന്യൂ ഇയര്‍ റസല്യൂഷനുകള്‍ ഇങ്ങനെ ആകാം

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ഇടവേള: ദിവസവും ഒരു മണിക്കൂര്‍ സ്‌ക്രീന്‍-ഫ്രീ സമയം. ധ്യാനം പരിശീലിക്കുക. ഇത് ഏകാഗ്രത വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പരിശീലനം: പോമോഡോറോ ടെക്‌നിക് (Pomodoro technique) ഉപയോഗിക്കുക.  അതായത്, 25 മിനിറ്റ് ജോലി ചെയ്യുമ്പോള്‍ 5 മിനിറ്റ് ഇടവേള എടുക്കുന്ന രീതിയാണിത്. നോട്ടിഫിക്കേഷനുകള്‍ ഓഫാക്കി ശ്രദ്ധ വ്യതിചലനം കുറയ്ക്കുക.

എഐ ബുദ്ധിപൂര്‍വം ഉപയോഗിക്കുക: ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അടിസ്ഥാന ആശയം സ്വന്തമായി ഉണ്ടായിരിക്കണം അത് വിശകലനം ചെയ്ത് പരിഷ്‌കരിച്ചതിനു ശേഷം എഐ ഉപയോഗിച്ച് അതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുന്നതില്‍ തെറ്റില്ല. ഓരോരുത്തരും സ്വന്തം കഴിവുകളും അറിവുകളും മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി വിദ്യാഭ്യാസപരമായും തൊഴില്‍പരമായും വളര്‍ച്ച ലക്ഷ്യമാക്കണം. ആഴ്ചയില്‍ രണ്ട് ദിവസം എഐ-ഫ്രീ ദിനങ്ങള്‍ നിശ്ചയിക്കുക.

ആഴത്തിലുള്ള വായന: ദിവസവും 20-30 മിനിറ്റ് പുസ്തകം വായിക്കുക. എഐ സംഗ്രഹങ്ങള്‍ക്ക് പകരം പൂര്‍ണ്ണരൂപം തന്നെ വായിക്കേണ്ടതാണ്. ഇത് ശ്രദ്ധയും ഭാവനയും വര്‍ദ്ധിപ്പിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് സമയത്തെ കാര്യക്ഷമമായി ഉപയോഗിക്കണം.

യഥാര്‍ത്ഥ സാമൂഹിക ബന്ധങ്ങള്‍: എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് പകരം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നേരിട്ട് സംസാരിക്കുക.

വ്യക്തിത്വവും മൂല്യങ്ങളും: സത്യസന്ധത, ഉത്തരവാദിത്വബോധം, നല്ല സ്വഭാവ ഗുണങ്ങള്‍ എന്നിവ വളര്‍ത്തണം. ദോഷകരമായ ശീലങ്ങള്‍ ഒഴിവാക്കി, സ്വയം മെച്ചപ്പെടാനുള്ള ശ്രമം തുടര്‍ച്ചയായി നടത്തണം.


ഈ മാറ്റങ്ങള്‍ ഒരുമിച്ച് വരുത്താന്‍ ശ്രമിക്കരുത്; ചെറിയ ലക്ഷ്യങ്ങളായി തുടങ്ങുക. മനശാസ്ത്രപരമായി, പുതിയ ശീലങ്ങള്‍ രൂപപ്പെടാന്‍ ശരാശരി രണ്ടു മാസത്തില്‍ കൂടുതല്‍ എടുത്തേക്കാം. ക്ഷമയോടെ, സ്ഥിരതയോടെ പരിശ്രമം തുടരുക.

പുതുവര്‍ഷം നിങ്ങളുടെ മനസ്സിനെ വീണ്ടെടുക്കാനുള്ള അവസരമാണ്. ശ്രദ്ധാപ്രതിസന്ധി മറികടന്ന്, എഐയെ സന്തുലിതമായി ഉപയോഗിച്ച്, കൂടുതല്‍ സന്തോഷകരമായി അര്‍ത്ഥവത്തായ ജീവിതം നയിക്കൂ.

പുതുവത്സര ആശംസകള്‍ 2026!


Nithin A.F.
Consultant Psychologist
SUT Hospital, Pattom, Trivandrum.
Mob: 9496341841
Email: nithinaf@gmail.com

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.