04:49pm 18 August 2026
NEWS
കൊച്ചി മെട്രോയ്ക്ക് പുതിയ വെബ്‌സൈറ്റ്; തയ്യാറാക്കിയത് കുസാറ്റ് വിദ്യാർത്ഥികൾ
18/08/2026  02:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോയ്ക്ക് പുതിയ വെബ്‌സൈറ്റ്; തയ്യാറാക്കിയത് കുസാറ്റ് വിദ്യാർത്ഥികൾ

 

കൊച്ചി: കൊച്ചി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ലഭ്യമാകുന്ന രീതിയിൽ കൊച്ചി മെട്രോയുടെ പുതിയ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാങ്കേതിക നിലവാരത്തോടെയാണ് വെബ്‌സൈറ്റ് പുതുക്കിയിരിക്കുന്നത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആവശ്യപ്പെട്ടതനുസരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി, KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, (റിട്ട. ഐ.പി.എസ്). എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

മികച്ച നിലവാരത്തിലുള്ള വെബ്‌സൈറ്റ് തയ്യാറാക്കുന്നതിന് പ്രവർത്തിച്ച വിദ്യാർത്ഥികളെ വൈസ് ചാൻസലർ അഭിനന്ദിച്ചു. KMRL-മായി തുടർന്നും വിവിധ മേഖലകളിൽ സഹകരിക്കാൻ സർവകലാശാല സന്നദ്ധമാണെന്നും വിവിധ മേഖലകളിൽ വിദഗ്ധ സേവനങ്ങൾ നൽകാൻ ശേഷിയുള്ള സ്ഥാപനമാണ് കുസാറ്റെന്നും അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റ് പരിഷ്കരണത്തിന് സ്വകാര്യ കമ്പനികൾ ആറ് മാസം വരെ സമയമെടുക്കുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് കുസാറ്റിലെ അഞ്ചാം സെമസ്റ്റർ ഐ.ടി. വിദ്യാർത്ഥികൾ വെറും മൂന്ന് ആഴ്ചകൊണ്ട് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കി നൽകിയതെന്ന് KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിൽ മാത്രമല്ല, മികച്ച നിലവാരത്തിലും വെബ്‌സൈറ്റ് തയ്യാറാക്കാൻ കുസാറ്റ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. സഹകരിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും കുസാറ്റുമായി സഹകരിക്കാൻ KMRL തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
KMRL അഡീഷണൽ ജനറൽ മാനേജർ ഗോകുൽ ടി.ജി. പദ്ധതി വിശദീകരിച്ചു.

കുസാറ്റ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദലീഷ എം. വിശ്വനാഥിന്റെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ വെബ്‌സൈറ്റ് തയ്യാറാക്കിയത്. ജയസൂര്യ ജയകുമാർ, അലൻ ഫിലിപ്പ്, ഹാഫിസ് ഹുസൈൻ, മുഹമ്മദ് ദിൽഷാൻ സി. എന്നിവരാണ് പദ്ധതിയിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾ.
കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ, പരീക്ഷാ കൺട്രോളർ ഡോ. എൻ. മനോജ്, ഫിനാൻസ് ഓഫീസർ പി.ജി. ഗിരീഷ് കുമാർ CMA , വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വെബ്‌സൈറ്റ് തയ്യാറാക്കുന്നതിൽ പങ്കാളികളായ കുസാറ്റ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img