
ദോഹ:ലോയേഴ്‌സ് അഡ്മിഷൻ കമ്മിറ്റിയുടെ (Lawyers Admission Committee) വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ചുകൊണ്ട് നീയമ വകുപ്പും മന്ത്രിസഭാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം, നീതിമന്ത്രാലയത്തിന്റെ നിയമകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ കമ്മിറ്റിയുടെ വൈസ് ചെയർമാനായും, നിയമകാര്യ വകുപ്പ് ഡയറക്ടറെ അംഗവും സെക്രട്ടറിയുമായും നിയമിച്ചു.
കൂടാതെ, അപ്പീൽ കോടതി പ്രസിഡന്റുമാരായ അബ്ദുല്ല മഹ്മൂദ് അൽ സാലിം അൽ അമീരി, മൊഹ്‌സൻ മഹ്മൂദ് മുസ്തഫ അൽ ഖാദി, പബ്ലിക് പ്രോസിക്യൂഷനിലെ അറ്റോർണി ജനറൽ മുഹമ്മദ് റാഷിദ് അൽ ബിനാലി എന്നിവരെയും, അഭിഭാഷകരായ മുബാറക് അബ്ദുല്ല അൽ സുലൈതി, ഷെയ്ഖ് ഡോ. താനി ബിൻ അലി ബിൻ സൗദ് അൽ താനി, മുഹമ്മദ് ലഹ്ദാൻ മുഹമ്മദ് അൽ ഹസൻ അൽ മുഹന്നദി എന്നിവരെയും കമ്മിറ്റിയംഗങ്ങളായി നിയമിച്ചു.
പുതിയ ചെയർമാനും അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. അഭിഭാഷക മേഖല നിയന്ത്രിക്കുന്നതിലും നിലവാരം ഉയർത്തുന്നതിലും ലോയേഴ്‌സ് അഡ്മിഷൻ കമ്മിറ്റിക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ രൂപീകരണം നീതിവ്യവസ്ഥയുടെ വികസനത്തിനും നിയമപ്രവർത്തകരുടെ കഴിവ് വർധിപ്പിക്കുന്നതിനും നിയമത്തിന്റെ ആധിപത്യം ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.











