
ദോഹ: ഖത്തറിന്റെ സുസ്ഥിര വികസനത്തിൽ ഖത്തരി വനിതകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള സമഗ്ര പഠനഗ്രന്ഥം പുറത്തിറങ്ങി. 'ഖത്തരി വുമൺ ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്: ആൻ അനാലിസിസ് ഓഫ് റോൾസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്സ്' എന്ന പേരിൽ ഡോ. അൽ അനൂദ് അഹമ്മദ് അൽതാനി രചിച്ച പുസ്തകം അൽ ജസീറ സെന്റർ ഫോർ സ്റ്റഡീസ് ആണ് പ്രസിദ്ധീകരിച്ചത്.
ഖത്തറിന്റെ വേഗത്തിലുള്ള നവീകരണത്തിലും വികസനത്തിലും പങ്കാളികളാകുന്ന വനിതകളുടെ സാമൂഹിക, സാമ്പത്തിക, ഭരണഘടനാപരമായ സംഭാവനകളെ പുസ്തകം വിശകലനം ചെയ്യുന്നു. വിദ്യാഭ്യാസം, തൊഴിൽ വിപണി, സിവിക് പ്രാതിനിധ്യം എന്നിവയിലുണ്ടായ പുരോഗതിയും പൊതുനയങ്ങൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ മുതിർന്ന നേതൃപദവികൾ, സംരംഭകത്വം, നയതന്ത്രം, ശാസ്ത്രം, കായികം തുടങ്ങി എല്ലാ മേഖലകളിലും ഖത്തരി വനിതകൾ ഇന്ന് തിളങ്ങിനിൽക്കുകയാണെന്നും ഈ പുസ്തകം വനിതകളുടെ സാംസ്കാരിക-ബുദ്ധിപരമായ നേട്ടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്നും പ്രമുഖ ഖത്തരി മാധ്യമപ്രവർത്തക മൂസ അബ്ദുൽ അസീസ് അൽ ഇഷാഖ് അഭിപ്രായപ്പെട്ടു.
പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളും സാമൂഹിക ഐക്യവും നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക വികസനത്തിലേക്ക് കുതിക്കാൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വനിതകളുടെ പങ്കാളിത്തം നിർണായകമാണെന്ന് സ്ഥിതിവിവരക്കണക്കുകളുടെ അകമ്പടിയോടെ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.










