10:14am 02 September 2026
NEWS
സുരക്ഷിത നടപ്പിന് പുതിയ ചുവടുകൾ: ഗതാഗതവകുപ്പിന്റെ പുതിയ കർമ്മപദ്ധതി
01/09/2026  06:15 PM IST
ശ്യാംകുമാർ
സുരക്ഷിത നടപ്പിന്  പുതിയ ചുവടുകൾ: ഗതാഗതവകുപ്പിന്റെ പുതിയ കർമ്മപദ്ധതി

സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് പ്രഖ്യാപിച്ച പുതിയ കർമ്മപദ്ധതി കേരളത്തിന്റെ റോഡ് സുരക്ഷാ ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പാണ്. സീബ്രാ ലൈനുകളുടെ വീതി   കൂട്ടുക ,മൾട്ടി ലൈൻ പാതകളിൽ പെഡസ്ട്രിയൻ ക്രോസിങ്, റെസ്‌ക്യൂ സ്‌പോട്ട് എന്നിവ സജ്ജമാക്കുക തുടങ്ങിയ തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കേണ്ടവ തന്നെയാണ്. വാഹന ബാഹുല്യം കാരണം റോഡ് മുറിച്ചുകടക്കാൻ ജനങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരം എന്ന നിലയിൽ ഈ തീരുമാനം ഏറെ ആശ്വാസകരമാണ്. സമീപകാലത്തായി നമ്മുടെ റോഡുകളിൽ കാൽനടയാത്രക്കാർക്ക് നേരെയുണ്ടായ ദാരുണമായ അപകടങ്ങൾ കൂടി കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിലെ കിഴക്കേകോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമ്പോൾ കൂടുതൽ സമഗ്രവും പ്രായോഗികവുമായ  പഠനങ്ങൾ  കൂടി നടത്തേണ്ടതാണ്.

ഏതൊരു സുരക്ഷാ പദ്ധതിയുടെയും വിജയം അതിനായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ചില മാതൃകകൾ നമ്മുടെ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തി ഇവിടെയും പ്രയോഗിക്കാവുന്നതാണ്. പല റോഡുകളിലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നടപ്പാതകളില്ലാത്ത അവസ്ഥയുണ്ട്. ഉള്ളവ തന്നെ വാഹനങ്ങളുടെ പാർക്കിംഗിനും മറ്റ് കച്ചവടങ്ങൾക്കുമായി കൈയേറപ്പെട്ടിരിക്കുന്നു. ഇത് ആളുകളെ റോഡിലേക്ക് ഇറങ്ങി നടക്കാൻ നിർബന്ധിതരാക്കുന്നു. നടപ്പാതകൾ പൂർണ്ണമായും കയ്യേറ്റമുക്തമാക്കുകയും, സ്വീഡനിലെ 'വിഷൻ സീറോ' പദ്ധതിയുടെ മാതൃകയിൽ സീബ്രാ ലൈനുകൾ റോഡിൽ നിന്നും അല്പം ഉയർത്തി (Raised crosswalks) നിർമ്മിക്കുകയും ചെയ്യുന്നത് വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതരാക്കും.

സ്വീഡനിൽ നടപ്പാക്കിയ   റോഡ് സുരക്ഷാ പദ്ധതിയാണ് വിഷൻ സീറോ (Vision Zero) എന്നത്. റോഡ് അപകടങ്ങളിലെ മരണങ്ങളും ഗുരുതരമായ പരിക്കുകളും പൂജ്യത്തിൽ  എത്തിക്കുക എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് .ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വീഡനിലെ റോഡ് അപകട മരണനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

റോഡിന്റെ സാധാരണ നിരപ്പിൽ നിന്നും അല്പം ഉയർത്തി, ഫുട്പാത്തിന്റെ അതേ ഉയരത്തിൽ നിർമ്മിക്കുന്ന നടപ്പാതകളാണ്  റൈസ്ഡ് ക്രോസ്സ്  വാക്കുകൾ (Raised Crosswalks). ഇവ ഒരേസമയം ഒരു സീബ്രാ ക്രോസിംഗായും, വാഹനങ്ങളുടെ വേഗത കുറയ്ക്കുന്ന സ്പീഡ് ബ്രേക്കറായും  പ്രവർത്തിക്കുന്നു. കേരളത്തിലെ ചില പ്രധാന നഗരങ്ങളിലും പുതിയ സ്മാർട്ട് റോഡുകളിലും ഇപ്പോൾ ഇത്തരം റേസ്ഡ് ക്രോസ്വാക്കുകൾ കാണാം.റോഡിന് കുറുകെയുള്ള ഈ ഉയരം കാരണം വാഹനങ്ങൾക്ക് വേഗത മണിക്കൂറിൽ 20-30 കിലോമീറ്ററായി കുറയ്‌ക്കേണ്ടി വരുന്നു . ഇത് അപകടസാധ്യത വലിയ തോതിൽ ഇല്ലാതാക്കുന്നു.സാധാരണ സീബ്രാ ക്രോസിംഗിനേക്കാൾ ഉയരത്തിലുള്ളതിനാൽ ദൂരെ നിന്ന് വരുന്ന ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെയും ക്രോസിംഗിനെയും പെട്ടെന്ന് വ്യക്തമായി കാണാൻ സാധിക്കും. ഫുട്പാത്തിന്റെ അതേ ഉയരത്തിലായതിനാൽ കാഴ്ചപരിമിതിയുള്ളവർക്കും, വയോധികർക്കും, വീൽചെയർ ഉപയോഗിക്കുന്നവർക്കും റോഡിലേക്ക് ഇറങ്ങാതെയും കയറാതെയും വളരെ എളുപ്പത്തിൽ റോഡ് മുറിച്ചുകടക്കാനും കഴിയും . 

മഴക്കാലത്ത് സാധാരണ ക്രോസിംഗുകളിൽ വെള്ളം കെട്ടിക്കിടക്കാറുണ്ട്, എന്നാൽ ഉയർന്നു നിൽക്കുന്നതിനാൽ ഇവയിൽ വെള്ളക്കെട്ട് ഉണ്ടാകില്ല.വലിയ വാഹനങ്ങൾ അമിതവേഗതയിൽ വരുന്നത് തടയാൻ നഗരത്തിലെ അപകടസാധ്യത കൂടിയ കറുത്ത മേഖലകളിൽ (Black spots) ഇവ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബട്ടൺ അമർത്തി പ്രവർത്തിപ്പിക്കുന്ന ട്രാഫിക് സിഗ്‌നൽ സംവിധാനമാണ് പെലിക്കൻ ക്രോസിംഗ് (Pelican Crossing). കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കേണ്ടപ്പോൾ സിഗ്‌നൽ പോസ്റ്റിലെ ബട്ടൺ അമർത്തിയാൽ വണ്ടികൾക്കുള്ള ലൈറ്റ് ചുവപ്പാവുകയും ആളുകൾക്ക് നടന്നുപോകാൻ പച്ച ലൈറ്റ് തെളിയുകയും ചെയ്യും. സിൻക്രണൈസ്ഡ് സിഗ്‌നൽ സിസ്റ്റം  ശരിയായ രീതിയിൽ രൂപകൽപ്പന ചെയ്താൽ കാൽനടയാത്രക്കാർക്കും  വലിയ രീതിയിൽ ഗുണം ചെയ്യും. 

ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രോസിംഗുകളിൽ റാമ്പുകളും   കാഴ്ചപരിമിതിയുള്ളവർക്കായി ടാക്‌റ്റൈൽ ടൈലുകളും ഒരുക്കേണ്ടത് അനിവാര്യമാണ്. കാഴ്ചപരിമിതിയുള്ളവർക്ക്  പൊതുസ്ഥലങ്ങളിലൂടെയും റോഡുകളിലൂടെയും സ്വതന്ത്രമായി സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന പ്രത്യേക തരം ടൈലുകളാണ് ടാക്ടൈൽ ടൈലുകൾ (Tactile Tiles). തങ്ങളുടെ വാക്കിംഗ് സ്റ്റിക്ക്  ഈ വരകളിൽ തട്ടിച്ച് അവർക്ക് തടസ്സമില്ലാതെ നേരെ മുന്നോട്ട് നടന്നു പോകാൻ കഴിയും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും യാത്രക്കാരെ നയിക്കാൻ ഈ ടൈലുകൾ സ്ഥാപിക്കണം. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ 'സ്മാർട്ട് സിറ്റി' പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ഫുട്പാത്തുകളിൽ ടാക്ടൈൽ ടൈലുകൾ പാകേണ്ടതുണ്ട്.ഇതിനുപുറമെ, കേരളത്തിലെ കനത്ത മഴയെ അതിജീവിക്കാൻ ശേഷിയുള്ള ദീർഘകാലം നിലനിൽക്കുന്ന തെർമോപ്ലാസ്റ്റിക് പെയിന്റുകളും വാട്ടർപ്രൂഫ് എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും ക്രോസിംഗുകളിൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വലിയ റോഡുകൾക്ക് നടുവിലായി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാൻ വേണ്ടി മാത്രം നിർമ്മിക്കുന്ന ചെറിയ ഉയർന്ന ദ്വീപുകൾ ആണ് പെഡസ്ട്രിയൻ റീഫ്യൂജ് ഐലൻഡുകൾ. ഒറ്റത്തവണയായി വലിയ റോഡ് മുഴുവൻ മുറിച്ചുകടക്കാൻ സാധിക്കാത്ത വയോധികർക്കും കുട്ടികൾക്കും റോഡിന്റെ പകുതി കടന്ന ശേഷം അടുത്ത വശത്തെ ട്രാഫിക്കിന്റെ തിരക്ക് കുറയുന്നത് വരെ സുരക്ഷിതമായി കാത്തുനിൽക്കാൻ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോഡിനേക്കാൾ അല്പം ഉയർത്തി നിർമ്മിക്കുന്നതിനാൽ വാഹനങ്ങൾ ഇതിലേക്ക് കയറി അപകടമുണ്ടാകാനുള്ള സാധ്യത കുറവാണ്. കേരളത്തിൽ ഇപ്പോൾ പുതിയതായി നിർമ്മിക്കുന്ന സ്മാർട്ട് റോഡുകളിലും വീതിയേറിയ ദേശീയപാത ജംഗ്ഷനുകളിലും ഇത്തരം പെഡസ്ട്രിയൻ ഐലൻഡുകൾ ചെറിയ തോതിൽ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വലിയ കവലകളിൽ കാൽനടയാത്രക്കാർക്ക് റോഡിന് നടുവിൽ വണ്ടികൾക്കിടയിൽ കുടുങ്ങിപ്പോകാതിരിക്കാൻ ഇവ വളരെ ഫലപ്രദമാണ്.

കിഴക്കേകോട്ടയിലോ സ്റ്റാച്യുവിലോ ഉള്ളത് പോലുള്ള വിശാലമായ റോഡ് സാഹചര്യങ്ങളല്ല സംസ്ഥാനത്തെ മറ്റ് പലയിടത്തുമുള്ളത് എന്നത് പദ്ധതി വ്യാപിപ്പിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇടുങ്ങിയ റോഡുകളിലും തിരക്കേറിയ കവലകളിലും റെസ്‌ക്യൂ സ്‌പോട്ടുകൾ ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ, ട്രാഫിക് സിഗ്‌നലുകളുമായി ബന്ധിപ്പിച്ചുള്ള സിൻക്രൊണൈസ്ഡ് സിഗ്‌നൽ സംവിധാനമാണ് നാറ്റ്പാക്കിന്റെ (NATPAC) പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടത്. ഇതുവഴി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കൃത്യമായ സമയം സിഗ്‌നലുകളിൽ അനുവദിക്കാനാകും. ദേശീയ പാതകളിലും മറ്റ് അതിവേഗ പാതകളിലും കേവലം സീബ്രാ ലൈനുകൾ നൽകുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ, അവിടെ ഫുട്ട് ഓവർബ്രിഡ്ജുകളോ അടിപ്പാതകളോ നിർമ്മിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. സ്ഥാപിക്കപ്പെടുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങൾക്കും കൃത്യമായ വാർഷിക അറ്റകുറ്റപ്പണികൾ (AMC) ഉറപ്പാക്കിയാൽ മാത്രമേ ഇവ ദീർഘകാലം പ്രയോജനപ്രദമാകൂ.

ഈ പദ്ധതികളുടെ വിജയത്തിനായി വകുപ്പുകളുടെ ഏകോപനവും ഫണ്ട് വിനിയോഗവും കാര്യക്ഷമമാക്കേണ്ടതുണ്ട്. റോഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെയും റോഡിലെ സുരക്ഷ വർദ്ധിപ്പിക്കുന്ന കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും ഫണ്ടുകൾ സംയോജിപ്പിച്ചുകൊണ്ട് വേണം പദ്ധതികൾ നടപ്പിലാക്കാൻ. റോഡ് നിർമ്മാണത്തിനും ഓടകൾക്ക് മുകളിലൂടെയുള്ള സുരക്ഷിതമായ നടപ്പാത നിർമ്മാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിക്കുമ്പോൾ, ബ്ലാക്ക് സ്‌പോട്ടുകൾ പരിഹരിക്കാനും സീബ്രാ ലൈനുകൾക്ക് സമീപം എ.ഐ ക്യാമറകൾ സ്ഥാപിക്കാനും ബോധവൽക്കരണ പരിപാടികൾക്കുമായി സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിക്കാവുന്നതാണ്. സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി സ്വകാര്യ കമ്പനികളുടെ സി.എസ്.ആർ (CSR) ഫണ്ടുകൾ കൂടി ഇതിലേക്ക് ആകർഷിക്കാവുന്നതാണ്.

അപകടങ്ങളുടെ ഉത്തരവാദിത്തം ഡ്രൈവർമാർക്ക് മാത്രമല്ല, റോഡ് നിർമ്മിക്കുന്നവർക്കും വാഹന കമ്പനികൾക്കും ഭരണാധികാരികൾക്കും കൂടിയാണ് എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. അപകടങ്ങൾ സ്ഥിരമായി നടക്കുന്ന കറുത്ത മേഖലകൾ (Black spots)  കണ്ടെത്തി അവിടെയുള്ള  റോഡ് വളവുകളും ഇറക്കങ്ങളും ശാസ്ത്രീയമായി പുനർനിർമ്മിക്കുകയും സ്‌കൂളുകൾ, ആശുപത്രികൾ, തിരക്കേറിയ ടൗണുകൾ എന്നിവിടങ്ങളിൽ വാഹന വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും. എ ഐ ക്യാമറകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി അമിതവേഗതയും തെറ്റായ ഓവർടേക്കിംഗും പൂർണ്ണമായി തടയുകയും ചെയ്യേണ്ടത് അനിവാര്യമാണ് .ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കൂടുതൽ സുരക്ഷിതവും സമയനിഷ്ഠയുമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുകയും നഗരങ്ങളിൽ സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക ട്രാക്കുകൾ കൂടുതൽ നിർമ്മിച്ച് പ്രോത്സാഹിപ്പിക്കുകയും വേണം .ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കഠിനമാക്കുകയും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുക, അപകടമുണ്ടായാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ  മികച്ച ചികിൽസ ഉറപ്പാക്കാൻ റോഡരികിലുള്ളവർക്ക് ട്രോമ കെയർ പരിശീലനം നൽകുക എന്നിവയും  പ്രധാനമാണ് .

മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ ഏറ്റവും അനിവാര്യമായ മറ്റൊന്നാണ് ശരിയായ ഒരു ട്രാഫിക് സംസ്‌കാരം ഡ്രൈവർമാർക്കിടയിൽ രൂപപ്പെടുത്തിയെടുക്കുക എന്നത്. റോഡിൽ വാഹനങ്ങൾക്ക് മാത്രമാണ് മുൻഗണന എന്ന തെറ്റായ ധാരണയും അശ്രദ്ധയുമാണ് പലപ്പോഴും നിരപരാധികളായ കാൽനടയാത്രക്കാരുടെ ജീവനെടുക്കുന്നത്. റോഡ് സുരക്ഷാ എന്നത് കേവലം നിയമമല്ല മറിച്ചു പരസ്പരമുള്ള ബഹുമാനം കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാക്കണം. സീബ്രാ ലൈനുകളിൽ പോലും വാഹനം നിർത്താൻ തയ്യാറാകാത്ത ഡ്രൈവർമാരും, നടപ്പാതകളിലെ അനധികൃത പാർക്കിംഗും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഇത് പരിഹരിക്കുന്നതിനായി സ്‌കൂൾ തലം മുതൽ ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ റോഡ് മര്യാദകൾ കർശനമായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. സ്‌കൂൾ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ ലളിതമായി പഠിക്കാൻ സ്‌കൂൾ കോമ്പൗണ്ടുകളിൽ ചെറിയ ട്രാഫിക് പാർക്കുകളും സിഗ്‌നൽ മാതൃകകളും നിർമ്മിക്കാവുന്നതാണ്.

ട്രാഫിക് സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്കായി പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യാവുന്നതാണ് . നിയമം ലംഘിക്കുന്നവർക്കെതിരെ എ.ഐ ക്യാമറകളുടെ സഹായത്തോടെ കർശന നടപടിയും പിഴയും ഉറപ്പാക്കണം. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കർശനമായ നിയമപാലനവും ശരിയായ ട്രാഫിക് ബോധവൽക്കരണവും സമന്വയിപ്പിച്ചാൽ മാത്രമേ കേരളത്തിലെ റോഡുകളെ കാൽനടയാത്രക്കാർക്ക് കൂടി ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിത ഇടങ്ങളാക്കി മാറ്റാൻ സാധിക്കൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img