
കൊച്ചി: പി സി ചാക്കോ രാജിവെച്ചതിന് പിന്നാലെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിന്റെ സാന്നിധ്യത്തിലാകും തെരഞ്ഞെടുപ്പ്. പി സി ചാക്കോ വിഭാഗവും മന്ത്രി എ കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗവും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്കിടെയാണ് പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനായി ഇന്ന് യോഗം ചേരുന്നത്.
തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ആവശ്യം. ഈ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പി സി ചാക്കോ നിർദേശിക്കുന്നയാളെ അധ്യക്ഷനാക്കാനുളള തീരുമാനം ഉണ്ടായാൽ ശശീന്ദ്രൻ പക്ഷം കടുത്ത നിലപാടിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.
എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. രാജിവെച്ച പി.സി.ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായി തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.











