
ചെങ്ങന്നൂർ: പശ്ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ചുകൊണ്ട് ശാസ്ത്രജ്ഞർ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി. പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ നദിയുടെ ഉത്ഭവസ്ഥലത്ത് ഉള്ള അരുവികളിൽ നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം മത്സ്യത്തിന് “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ” എന്നാണ് പേര് നൽകിയിരിക്കുന്നത്.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കേരള സർവകലാശാലയിലെ ഗവേഷകയായ ശ്വേത ചന്ദ്ര (സെന്റ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം) കേരള ഫിഷറീസ് സമുദ്രഗവേഷണ സർവ്വകലാശാലയിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ് , ന്യൂ ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ, കുഫോസ്- ലെ റയാൻ ബാബു എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ ആണ് പുതിയ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
1941-ൽ കേരളത്തിലെ പമ്പാനദിയിൽ നിന്ന് ബി. സുന്ദരരാജ് കണ്ടെത്തിയ, ഒരൊറ്റ മത്സ്യയിനത്തിനായി 1999-ലാണ് 'ഈച്ചത്തലക്കണ്ട' എന്ന ജനുസ്സ് രൂപീകരിച്ചത്. അതിനുശേഷം പെരിയാറിലും പമ്പയിലും കഴിഞ്ഞ 80 വർഷമായി കാണുന്ന മത്സ്യത്തിനെ ശാസ്ത്രലോകം 'ഈച്ചത്തലക്കണ്ട ഒഫിസെഫാല എന്ന ഒരൊറ്റ ഇനമായി കണക്കാക്കുകയായിരുന്നു. മൈറ്റോകോൺട്രിയൽ ഡി.എൻ.എ. സ്വീക്വൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ ഈ മത്സ്യത്തിന്റെ തന്മാത്രാ വിന്യാസത്തെ അനാവരണം ചെയ്തതിലൂടെയാണ് ഇവ തികച്ചും വ്യത്യസ്തമായ രണ്ട് മത്സ്യയിനങ്ങളാണെന്ന് ബോധ്യപ്പെട്ടത്. ജനിതകപരമായി രണ്ട് ഇനങ്ങൾ തമ്മിൽ 4.9% മുതൽ 5.3% വരെ വ്യക്തമായ വ്യത്യാസമുണ്ട്. കൂടാതെ, ചെതുമ്പലുകളുടെ ആകൃതിയിലും കൈ ചിറകുകളിലെ രശ്മികളുടെ എണ്ണത്തിലും ഈ മത്സ്യങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. ഈ പഠനങ്ങളിലൂടെ 'ഈച്ചത്തലക്കണ്ട' എന്ന മുഴുവൻ ജനുസ്സിനെയും സൈപ്രിനിഡ് കുടുംബത്തിലെ 'ടോറിനേ' എന്ന ഉപകുടുംബത്തിൽ കൃത്യമായി ഉൾപ്പെടുത്താൻ ഗവേഷണ സംഘത്തിന് കഴിഞ്ഞു എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. ഇത്, ഈ പുരാതന മത്സ്യവംശത്തിന് കൃത്യമായ ഒരു പരിണാമ സ്ഥാനം നൽകുന്നു. ശാസ്ത്രലോകത്ത് ദീർഘകാലമായി തുടർന്ന അവ്യക്തത മുൻനിർത്തിയാണ് ഇതിന് 'ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ' (തിരിച്ചറിയപ്പെടാത്തത്/രഹസ്യമായത് എന്നാണ് ഇൻകോഗ്നിറ്റ എന്ന വാക്കിനർത്ഥം) എന്ന് പേരിട്ടത്. ഒഫിസെഫാലയെ തൊണ്ടൻ, ഇണ്ടൻ എന്നും ഇൻകോഗ്നിറ്റ യെ ഈറ്റിലക്കണ്ട, പാൽക്കെണ്ട എന്നും പൊതുവായി അറിയപ്പെടുന്നു.
ഈ രണ്ട് മത്സ്യയിനങ്ങളുടെയും നിലനിൽപ്പിനെക്കുറിച്ച് ശാസ്ത്രജ്ഞർ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ഇവയുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം വളരെ പരിമിതമാണ് ഒഫിസെഫാല സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിലധികം ഉയരമുള്ള പമ്പാനദിയുടെ ഉറവിടങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുമ്പോൾ, ഇൻകോഗ്നിറ്റ പെരിയാർ കടുവ സങ്കേതത്തിലെ വേഗത്തിലൊഴുകുന്നതും പാറക്കെട്ടുകൾ നിറഞ്ഞതുമായ പ്രത്യേക അരുവികളിൽ മാത്രമാണ് കാണുന്നത്. കാലാവസ്ഥാ പ്രതിസന്ധി മൂലമുള്ള ആവാസവ്യവസ്ഥയുടെ തകർച്ചയും അധിനിവേശ മത്സ്യങ്ങൾ ഉയർത്തുന്ന ഭീഷണിയും ഈ അപൂർവ്വ മത്സ്യങ്ങളുടെ നിലനിൽപ്പിന് വലിയ വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ലോകത്ത് പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് 'ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ'. ഈ കണ്ടെത്തലോടെ, ഇന്ത്യയിൽ മാത്രമല്ല, ഏഷ്യൻ ഭൂഖണ്ഡത്തിൽ തന്നെ ശുദ്ധജല മത്സ്യസംരക്ഷണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കേതങ്ങളിലൊന്നായി പെരിയാർ കടുവ സങ്കേതം മാറിയിരിക്കുകയാണ്. പഠനത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അന്താരാഷ്ട്ര ജേർണൽ ആയ 'സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി' യിൽ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി സങ്കേതമായ പെരിയാർ കടുവ സങ്കേതം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ ഈ കണ്ടെത്തൽ സവിശേഷതയുള്ളതാകുന്നു.











