
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (VB–G RAMG)’ എന്ന പേരിലുള്ള ബിൽ സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിച്ച ഉടൻ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് പൂർണമായി ഒഴിവാക്കിയതാണ് പ്രധാന വിവാദമായത്.
മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി എംപിമാർ സഭയിൽ മുദ്രാവാക്യം വിളിച്ചു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമായത്. ഗാന്ധി ഒരു കുടുംബത്തിന്റേതല്ല, രാജ്യത്തിന്റെ സ്വത്താണെന്ന് അവർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.
അതേസമയം, ‘റാം’ എന്ന പദത്തെ എതിർക്കുന്നതെന്തിനാണെന്ന് മന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിപക്ഷത്തോട് ചോദിച്ചു. ഗാന്ധിജിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ഗാന്ധി സ്വപ്നം കണ്ടത് രാമരാജ്യമാണെന്നും അദ്ദേഹം വാദിച്ചു. ബിൽ പ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ വേതനത്തിന്റെ 40 ശതമാനം ഇനി സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് കുറഞ്ഞത് 125 ദിവസമാക്കുമെന്നും കരടിൽ പറയുന്നു. പദ്ധതി കേന്ദ്രാവിഷ്കൃതമെന്ന നിലയിലായിരിക്കുമെന്നും അധിക ചെലവുകൾ സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ എംപിമാർ രാവിലെ പാർലമെന്റിനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ആർഎസ്എസ്–ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ബില്ലിന് പിന്നിലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചത്. വിദേശത്ത് ഗാന്ധിജിക്ക് ആദരം അർപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളുടെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്താകുന്നതെന്നും ഖർഗെ പറഞ്ഞു. വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതികരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.











