11:36am 30 August 2026
NEWS
പുക മലിനീകരണം കൂടിയാൽ ഇരുചക്ര വാഹനങ്ങളിൽ വേഗം കുറയും; പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം
30/08/2026  10:20 AM IST
nila
പുക മലിനീകരണം കൂടിയാൽ ഇരുചക്ര വാഹനങ്ങളിൽ വേഗം കുറയും; പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

ന്യൂഡൽഹി: വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കാൻ ഇരുചക്ര വാഹനങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. അനുവദനീയമായ പരിധിക്കപ്പുറം മലിനീകരണം കണ്ടെത്തിയാൽ വാഹനത്തിന്റെ വേഗവും പ്രവർത്തനശേഷിയും സ്വമേധയാ കുറയ്ക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.

ഭാരത് സ്റ്റേജ്–6 (ബിഎസ്-VI) രണ്ടാം ഘട്ടത്തിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങളിൽ ‘ലിംപ്-ഹോം മോഡ്’ നടപ്പാക്കാനാണ് നിർദേശം. മലിനീകരണ നിയന്ത്രണ സംവിധാനത്തിൽ തകരാർ കണ്ടെത്തിയാൽ വാഹനം സാധാരണ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം വേഗവും ശേഷിയും കുറയ്ക്കുന്നതാണ് ഈ സംവിധാനം.

വാഹനത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും തകരാറുകൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (ഒബിഡി) സംവിധാനത്തിന്റെ ഭാഗമായിട്ടായിരിക്കും പുതിയ നിയന്ത്രണം കൊണ്ടുവരിക. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം (SIAM) ആണ് ഇത്തരമൊരു നിർദേശം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചത്.

വാഹനത്തിന്റെ എൻജിൻ ശേഷി കുറയ്ക്കുക, പരമാവധി വേഗം നിയന്ത്രിക്കുക, വാഹനം സ്റ്റാർട്ട് ചെയ്യുന്നത് തടയുക, എൻജിൻ സ്റ്റാർട്ടാകാൻ കൂടുതൽ സമയം എടുക്കുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് ലിംപ്-ഹോം മോഡിലൂടെ സാധ്യമാകുക.

അതേസമയം, വാഹനത്തിന്റെ വേഗവും ശേഷിയും പെട്ടെന്ന് കുറയ്ക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് സിയാം വ്യക്തമാക്കി. പുതിയ സംവിധാനം കൃത്യമായി എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് വിശദീകരിക്കുന്ന നിർദേശങ്ങൾ സമർപ്പിക്കാൻ ഗതാഗത മന്ത്രാലയം സിയാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സാങ്കേതിക സംവിധാനങ്ങൾ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് വാഹന നിർമാതാക്കളുടെ നിലപാട്. അതിനാൽ 2027ൽ ബിഎസ്-VII മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ പുതിയ നിയന്ത്രണം നടപ്പാക്കുന്നതാണ് ഉചിതമെന്നാണ് സിയാമിന്റെ നിർദേശം.

ഇരുചക്ര വാഹനങ്ങൾക്ക് അനുവദനീയമായ മലിനീകരണ പരിധി

കാർബൺ മോണോക്സൈഡ്: 1,900 മില്ലിഗ്രാം/കിലോമീറ്റർ
ഹൈഡ്രോകാർബണുകൾ: 250 മില്ലിഗ്രാം/കിലോമീറ്റർ
നൈട്രജൻ ഓക്സൈഡ്: 300 മില്ലിഗ്രാം/കിലോമീറ്റർ
പാർട്ടിക്കുലേറ്റ് മാറ്റർ (PM): 50 മില്ലിഗ്രാം/കിലോമീറ്റർ (ഡയറക്ട് ഇൻജക്‌ഷൻ എൻജിനുകളിൽ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img