03:55am 07 November 2026
NEWS
ഭേദഗതികളോടെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ, നിയന്ത്രണ നിയമം
24/06/2025  05:38 PM IST
സുരേഷ് വണ്ടന്നൂർ
ഭേദഗതികളോടെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ, നിയന്ത്രണ നിയമം

മെച്ചപ്പെട്ട പൊതുജനാരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ചികിത്സാ സമ്പ്രദായങ്ങളിൽ സേവനങ്ങൾ നൽകുന്ന ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാൻ 2018-ൽ നിലവിൽ വന്ന കേരള ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ടേഷൻ, നിയന്ത്രണ  നിയമം ഭേദഗതി ചെയ്തു നിയമമായി. ഇതു പ്രകാരം നിലവിൽ സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ സ്‌ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ജില്ല രജിസ്റ്ററിംഗ് അതോറിറ്റി അധികൃതർ  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതേ തുടർന്ന് രജിസ്ട്രേഷൻ എടുക്കാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് താൽക്കാലിക റജിസ്ട്രേഷൻ എടുക്കാനും അധികൃതർ
നോട്ടിസ് അയച്ചു തുടങ്ങി. നിശ്ച‌ിത സമയ പരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ഓരോ ദിവസവും 10,000 രൂപ വീതം അധിക പിഴ ഈടാക്കുമെന്നും നിർദ്ദേശമുണ്ട്. ഒരു ഡോക്ട‌ർ മാത്രം സേവനമുള്ള ക്ലിനിക്കുകളെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അത്തരം ക്ലിനിക്കുകൾക്ക് പുതിയ രജിസ്ട്രേഷൻ നിയമം ബാധകമല്ല.

സെക്ഷൻ 18 അനുസരിച്ച് 2018-ൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് താൽക്കാലിക ( പ്രൊവിഷണൽ ) ലൈസൻസ് കാലാവധി രണ്ട് വർഷ സമയമാണ് നൽകിയിരുന്നത് 2021-ൽ 4 വർഷമായി ഉയർത്തിയിരുന്നു. 2022-ൽ ഇത് 4 വർഷവും 6 മാസവുമായി വീണ്ടും ഉയർത്തി. ഈ രണ്ട് ഭേദഗതികളോടെയാണ് പുതിയ ബിൽ നിലവിൽ വരുന്നത്. സെക്ഷൻ 51 പ്രകാരം നിയമത്തിൽ  വൈഷമ്യങ്ങളും പോരായ്മകളും പരിഹരിക്കാൻ 2 വർഷം കാലാവധി നൽകിയിരുന്നെങ്കിൽ പുതിയ ഭേദഗതി അനുസരിച്ച് അത് 4 വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ സ്വീകരിച്ചിട്ടുള്ള ഈ സമീപനം ഈ മേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

2021-ലെ ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും ) ഭേദഗതി ഓർഡിനൻസ് (2021-ലെ 114) ഇതോടെ റദ്ദായി പുതിയ ബിൽ ‘2021-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും ) ഭേദഗതി ആക്ട് ’ എന്നായി മാറും.  നിയമസഭ പാസ്സാക്കിയ ബില്ലിന് 2023 ജനുവരി 5-നാണ് ഗവർണറുടെ അംഗീകാരം ലഭിച്ചതെങ്കിലും 2020 നവംബർ 9-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കുന്നതാണ്. ഇതോടെ 2018-ലെ 2-ാം ആക്ട്, ഇനി മുതൽ പ്രധാന ആക്ട് എന്ന് പരാമർശിക്കപ്പെടും. എന്നാൽ 51-ാം വകുപ്പ് പ്രകാരം എടുത്ത നടപടിയോ, കാര്യങ്ങളോ കാലാവധി അവസാനിച്ചു എന്ന കാരണത്താൽ അസാധുവാകുകയുമില്ല. സർക്കാർ, സർക്കാരിൻ്റെ ഒരു വകുപ്പ്, പൊതു, സ്വകാര്യ ട്രസ്റ്റ്, വ്യക്തിഗത - പങ്കാളിത്ത സ്ഥാപനങ്ങൾ, 1969-ലെ കേരള സഹകരണ സംഘ ആക്ടിൻ (1969-ലെ 21 ) കീഴിൽ രജിസ്റ്റർ ചെയ്ത സഹകരണ സംഘം, 1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്ര ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ടിൽ (1955-ലെ 12 ) കീഴിലോ,1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1860-ലെ 21-ാം കേന്ദ്ര ആക്ട് ) കീഴിലോ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റി, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള സ്ഥാപനങ്ങളാണ് 
"ക്ലിനിക്കൽ സ്ഥാപനങ്ങൾ” എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഇതിൽ കൺസൾട്ടേഷൻ സ്ഥാപനങ്ങളും സായുധസേനകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള ക്ലിനിക്കൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നില്ല.

ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ അതോറിറ്റി:

ആക്ട് 14 പ്രകാരം ജില്ല കളക്ടർ എക്സ് - ഒഫീഷ്യോ-ചെയർപേഴ്സണും ജില്ല ഹെൽത്ത് മെഡിക്കൽ ഓഫീസർ വൈസ് ചെയർപേഴ്സണുമായതാണ് 
എല്ലാ ജില്ലകളിലും രജിസ്ട്രേഷനുള്ള അതോറിറ്റി. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ സംസ്ഥാന രജിസ്റ്റർ തയ്യാറാക്കുന്നതും, നാളിതുവരെയുള്ളതാക്കുന്നതിനും ഉള്ള ഉത്തരവാദിത്തം കൗൺസിൽ സെക്രട്ടറിക്കാണ്. വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്ത നിലവാരം പുലർത്തുന്ന ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് അവയുടെ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ രജിസ്ട്രേഷൻ നൽകും. സ്ഥാപനങ്ങളിലെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി ആക്‌ട് പ്രാബല്യത്തിൽ വന്ന തീയതി മുതൽ രണ്ട് വർഷ കാലയളവിനുള്ളിൽ ആദ്യ ശ്രേണി നിലവാരം കൗൺസിൽ നിശ്ചയിക്കും. 

രജിസ്ട്രേഷൻ ഉപാധികൾ:

ആക്ട് 15 അനുസരിച്ച് ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് അതാത് വിഭാഗത്തിനനുസൃതമായ നിലവാരം ഉണ്ടായിരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർക്ക് കൗൺസിൽ പരസ്യപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കുക; കൗൺസിൽ ഉത്തരവുകൾ നിർബന്ധമായി പാലിക്കുമെന്ന ഫാറത്തിൽ ഉറപ്പ് നൽകുക; സുരക്ഷയുടെയും അണുബാധാ നിയന്ത്രണത്തിൻ്റെയും നിലവാരം പുലർത്തുന്ന ചികിത്സാമാർഗ്ഗങ്ങൾ അവലംബിക്കുക ഇത്യാദിയാണ്. സെക്ഷൻ 16 (1)  വ്യവസ്ഥകൾ പ്രകാരം കേരളത്തിലെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും ബന്ധപ്പെട്ട അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനം നടത്തുവാൻ പാടുള്ളതല്ല. താൽക്കാലിക രജിസ്ട്രേഷനിൽ പ്രവർത്തുന്ന സ്ഥാപനങ്ങളെല്ലാം കാലാവധിക്കുള്ളിൽ തങ്ങളുടെ വിഭാഗത്തിലെ സ്ഥിരം രജിസ്ട്രേഷൻ ആർജ്ജിച്ചിരിക്കണം. അതേ സമയം വ്യത്യസ്ത ചികിത്സാ സേവനങ്ങൾ നൽകുകയാണെങ്കിൽ വെവ്വേറെ രജിസ്ട്രേഷൻ നേടിയിരിക്കണം. എന്നാൽ ഒരു സ്ഥാപനത്തിൻ്റെ ഭാഗമായി വരുന്ന ലാബിനോ, രോഗ നിർണ്ണയ കേന്ദ്രത്തിനോ പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമില്ല.

താൽക്കാലിക രജിസ്ട്രേഷൻ:

ആക്ട് 17 പ്രകാരം സർട്ടിഫിക്കറ്റ് നൽകുന്ന തീയതി മുതൽ രണ്ടു വർഷക്കാലമാണ് താൽക്കാലിക രജിസ്ട്രേഷൻ സാധുത. രജിസ്ട്രേഷൻ ഫോറത്തിൽ ഫീസ് സഹിതം താൽക്കാലിക രജിസ്ട്രേഷന് അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് 45 ദിവസങ്ങൾക്കകം അതോറിറ്റി അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും. 

ക്ലിനിക്കൽ സ്ഥാപനത്തിൻ്റെ സ്ഥിരം രജിസ്ട്രേഷൻ:

സെക്ഷൻ 19 അനുസരിച്ച് സ്ഥിരം രജിസ്ട്രേഷന് വിഭാഗത്തിനനുസരിച്ചുള്ള നിലവാരം പാലിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന തെളിവ് സഹിതം വേണം അതോറിറ്റിക്ക് ഫീസ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും താൽക്കാലിക രജിസ്ട്രേഷൻ കാലാവധി തീരുന്ന തീയതിക്ക് 60 ദിവസം മുൻപായിട്ടാണ് സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാൻ. അതോറിറ്റി രജിസ്ട്രേഷൻ നൽകുന്നതിന് മുൻപായി നിലവാരം പരിശോധിക്കും. സ്ഥിരം രജിസ്ട്രേഷനുള്ള അപേക്ഷ നിരസിച്ചാൽ അതിൻ്റെ കാരണം അപേക്ഷകനെ അതോറിറ്റി 30 ദിവസത്തിനകം അറിയിക്കും. സ്ഥാപനം നിലവാരം ആർജ്ജിക്കാത്ത സംഭവത്തിൽ താൽക്കാലിക,സ്ഥിരം രജിസ്ട്രേഷനുകൾ അതോറിറ്റി റദ്ദാക്കും. സെക്ഷൻ24 പ്രകാരം യാതൊരു കാരണവശാലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. 24 (2) പ്രകാരം ഏതെങ്കിലും കാരണവശാൽ സ്ഥാപനം നിന്നു പോയാൽ 30 ദിവസത്തിനകം സ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ അതോറിറ്റിയെ തിരികെ ഏൽപ്പിക്കണം.

ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന:

 സെക്ഷൻ 37 പ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളിലെ പരിശോധന കൗൺസിലിനോ അതോറിറ്റിക്കോ അപ്പലേറ്റ് അതോറിറ്റിക്കോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ ക്ലിനിക്കൽ സ്ഥാപനം, കെട്ടിടം, ലബോറട്ടറികൾ എന്നിവയ്ക്ക് നോട്ടീസ് നൽകിക്കൊണ്ടും  ഏതെങ്കിലും നിലവാരമോ, രജിസ്ട്രേഷൻ ഉപാധികളും സംബന്ധിച്ച് ഒരു പരിശോധന നടത്തുന്നതിനോ അവകാശം ഉണ്ടായിരിക്കുന്നതാണ്. പരിശോധന റിപ്പോർട്ട് 48 മണിക്കൂറുകൾക്കകം അധികാരപ്പെടുത്തിയ സ്ഥാനത്തിന് മുൻപാകെ സമർപ്പിക്കപ്പെടും.
രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനം ആരെങ്കിലും നടത്തിവരുന്നതായി സംശയമുണ്ടായാൽ അവിടെ ഏത് സമയത്തും അധികൃതർക്ക് പ്രവേശിക്കാവുന്നതും പരിശോധിക്കാവുന്നതും അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ ക്ലിനിക്കൽ സ്ഥാപനം നൽകേണ്ടതുമാണ്.
 
രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി:

സെക്ഷൻ 25 അനുസരിച്ചാണ് രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി സ്വീകരിക്കുക. പരിചരണം തേടുന്ന ആളുകളുടെ ആരോഗ്യത്തിന് ദോഷകരമായ ഒരു കാര്യം സ്ഥാപനം ബോധപൂർവ്വമോ അശ്രദ്ധമൂലമോ ചെയ്താൽ കാരണം കാണിക്കൽ നോട്ടീസ് (Show Cause)നൽകും. ചട്ടങ്ങളിലോ, വ്യവസ്ഥകളിലോ ലംഘനം സംഭവിച്ചിട്ടുണ്ടെന്ന് അതോറിറ്റിയ്ക്കോ, കൗൺസിലിനോ ബോദ്ധ്യപ്പെട്ടാൽ രജിസ്ട്രേഷൻ റദ്ദാക്കും. 

അപ്പീലുകളും, റിവിഷനും പരാതി പരിഹാരവും:

സെക്ഷൻ34 പ്രകാരം അപ്പീലുകൾ,35 പ്രകാരം റിവിഷനുകൾ,36 പ്രകാരം പരാതി പരിഹാരവും നിർദ്ദേശിച്ചിരിക്കുന്നു. 
സർക്കാർ, വിജ്ഞാപനം വഴി, അതോറിറ്റിയുടെ തീരുമാനത്തിനെതിരെ അപ്പീലുകൾ സ്വീകരിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് സെക്രട്ടറി ചെയർപേഴ്സണും, നിയമ വകുപ്പ് അഡീ.നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അംഗങ്ങളുമായ ഒരു അപ്പലേറ്റ് അതോറിറ്റി ഉണ്ടായിരിക്കും. ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് അല്ലെങ്കിൽ പുതുക്കുന്നത് നിരസിച്ചു കൊണ്ടും ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടോ പരിഷ്കരിച്ചു കൊണ്ടോ ഉള്ളതും 27-ാം വകുപ്പ് 1-ാം ഉപവകുപ്പിനും, 28-ാം ഉപവകുപ്പിനും,29-ാം വകുപ്പിനും കീഴിൽ ഉള്ളതോ ആയ അതോറിറ്റിയുടെ ഒരു ഉത്തരവും മൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അങ്ങനെയുള്ള തീരുമാനത്തിന്റെ തീയതി മുതൽ 45 ദിവസത്തിനകം, നിർണയിക്കപ്പെടാവുന്ന രീതിയിൽ അപ്പലേറ്റ് അതോറിറ്റി മുമ്പാകെ ഒരു അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. 2-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ അപ്പീലും അപ്പീൽ നൽകിയ തീയതി മുതൽ 60 ദിവസങ്ങൾക്കകം, അപ്പീൽ വാദിക്ക് പറയുവാനുള്ളത് പറയുവാൻ ന്യായമായ അവസരം നൽകിയശേഷം അപ്പലേറ്റ് അതോറിറ്റി തീർപ്പാക്കും. സംഘടന അനുഭവിക്കുന്ന ഏതൊരാൾക്കും ഹൈക്കോടതി മുമ്പാകെ അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് തീയതി മുതൽ 60 ദിവസത്തിനുള്ളിൽ റിവിഷൻ ബോധിപ്പിക്കാവുന്നതാണ്.
പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉണ്ടായാൽ നിർണയിക്കപ്പെടാവുന്ന രീതിയിൽ കൗൺസിൽ ഒരു പരാതി പരിഹാര സംവിധാനം ഉണ്ടാക്കി പരാതികളിൽ മേൽ ഉചിത നടപടി സ്വീകരിക്കുവാൻ അതോറിറ്റിക്ക് നിർദ്ദേശം നൽകും.

ശിക്ഷാ നടപടികൾ:

26 പ്രകാരമാണ് ആക്ടിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ വിശദീകരിക്കുന്നത്. ഈ വകുപ്പ് പ്രകാരം കൗൺസിലിനും ആക്റ്റിലെ മറ്റ് വകുപ്പുകൾ പ്രകാരം അതോറിറ്റിക്കും നടപടിക്രമങ്ങൾ പാലിക്കപ്പെടാതിരിക്കുന്നതിനുള്ള ശിക്ഷകൾ നിർണയിക്കാവുന്നതാണ്. ആദ്യലംഘനത്തിന് പതിനായിരം രൂപ വരെയാണ് ശിക്ഷ. രണ്ടാമത്തെ ലംഘനത്തിന് അമ്പതിനായിരം രൂപ വരെയാണ് പിഴ ശിക്ഷ എങ്കിൽ തുടർന്നുള്ള ലംഘനത്തിന് 5 ലക്ഷം രൂപ വരെയാകും പിഴ ശിക്ഷ വിധിക്കുക. കുറ്റം ഗുരുതര സ്വഭാവമുള്ളതാണെങ്കിൽ പിഴ ശിക്ഷയ്ക്ക് പുറമേ ക്ലിനിക്കൽ സ്ഥാപനം അടച്ചുപൂട്ടുന്നതിന് കൗൺസിൽ ഉത്തരവിടുകയും ചെയ്യും.
രജിസ്ട്രേഷൻ ഇല്ലാതെ ക്ലിനിക്കൽ സ്ഥാപനം നടത്തുന്ന ഏതൊരാൾക്കും ആദ്യലംഘനത്തിന് ₹50,000 രൂപ വരെയാകും ശിക്ഷ. രണ്ടാമത്തെ ലംഘനത്തിന് 2 ലക്ഷം രൂപയും തുടർന്നുള്ള ഏതെങ്കിലും ലംഘനത്തിന് അഞ്ച് ലക്ഷം രൂപവരെയാകും ശിക്ഷ. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഓരോ ദിവസത്തിനും ഇതിന് പുറമേ പതിനായിരം രൂപ പിഴ ശിക്ഷയും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img