08:18am 19 July 2026
NEWS
റോഡിലെ കുഴി ഇനി മിനിറ്റുകൾക്കകം മായും; 5 മിനിറ്റിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്ന സ്മാർട്ട് മെഷീൻ എത്തി
18/07/2026  10:26 AM IST
nila
റോഡിലെ കുഴി ഇനി മിനിറ്റുകൾക്കകം മായും; 5 മിനിറ്റിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്ന സ്മാർട്ട് മെഷീൻ എത്തി

 

ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്. 'സ്പ്രേ–ഇൻജക്ഷൻ–പാച്ചിങ്' സംവിധാനത്തിൽ പ്രവർത്തിക്കുന്ന പൂർണമായും ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ച് വെറും 2 മുതൽ 5 മിനിറ്റിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനാകുമെന്നാണ് അധികൃതരുടെ അവകാശവാദം.

സെൻട്രൽ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുത്താതെ വേഗത്തിലും ദീർഘകാലം നിലനിൽക്കുന്ന രീതിയിലും അറ്റകുറ്റപ്പണികൾ നടത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മന്ത്രി പർവേശ് സാഹിബ് സിങ് അറിയിച്ചു.

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, ആദ്യം ഉയർന്ന മർദത്തിലുള്ള വായു ഉപയോഗിച്ച് കുഴിക്കുള്ളിലെ പൊടിയും മാലിന്യവും നീക്കം ചെയ്യും. തുടർന്ന് ബിറ്റുമിൻ എമൽഷൻ പൂശി, അതേ മർദത്തിൽ പ്രത്യേക മിശ്രിതം കുഴിയിലേക്ക് സ്പ്രേ ചെയ്ത് നിറയ്ക്കും. മിശ്രിതം വളരെ വേഗത്തിൽ ഉറയുന്നതിനാൽ റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കേണ്ടതില്ല. പണി പൂർത്തിയായ ഉടൻ തന്നെ വാഹനഗതാഗതം പുനരാരംഭിക്കാനും കഴിയും.

ഒരു മെഷീനും കുറച്ച് തൊഴിലാളികളും മാത്രം ഉപയോഗിച്ച് ദിവസേന 100 മുതൽ 150 വരെ കുഴികൾ അടയ്ക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. റോഡ് പൂർണമായി അടച്ചിടാതെ തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുന്നതും വലിയ നേട്ടമാണ്.

മഴക്കാലത്തും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, മിശ്രിതം ചൂടാക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇന്ധനച്ചെലവും വായുമലിനീകരണവും കുറയും. ആവശ്യമായ അളവിൽ മാത്രം മിശ്രിതം തയ്യാറാക്കുന്നതിനാൽ പാഴ് ചെലവും ഒഴിവാക്കാം.

ആഴമുള്ള കുഴികൾ, റോഡരികിലെ തകർച്ചകൾ, പൈപ്പുകളുടെയും കേബിളുകളുടെയും നിർമ്മാണത്തിനായി എടുത്ത കുഴികൾ, വലിയ വിള്ളലുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള റോഡ് കേടുപാടുകൾ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img