08:09pm 10 September 2026
NEWS
ശ്രീചിത്രയിൽ പുതിയ തസ്തികകൾ; നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ
04/08/2025  09:04 AM IST
സുരേഷ് വണ്ടന്നൂർ
ശ്രീചിത്രയിൽ പുതിയ തസ്തികകൾ; നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ (SCTIMST) 225 പുതിയ തസ്തികകൾ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 107 എണ്ണം നഴ്സിംഗ് ഓഫീസർ തസ്തികകളാണ്. ഇത് നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.

പുതിയ ഒ.പി, ഓപ്പറേഷൻ തിയേറ്റർ, പേ വാർഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. നഴ്സിംഗ് ഓഫീസർമാർക്കു പുറമേ, 18 സീനിയർ നഴ്സിംഗ് ഓഫീസർമാർ, 57 സീനിയർ റസിഡന്റ്, 17 അസിസ്റ്റന്റ് പ്രൊഫസർ, 30 അനസ്‌തേഷ്യ, കാർഡിയോളജി, റേഡിയോളജി, ന്യൂറോ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.

2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച 590 പേർ ഉൾപ്പെട്ട നഴ്സിംഗ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്ന് 59 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. രണ്ടുവർഷ കാലാവധിയുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിച്ചെങ്കിലും, ഹൈക്കോടതിയിൽ കേസുള്ളതിനാൽ അത് മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തസ്തികകൾക്ക് അംഗീകാരം ലഭിച്ചത്.

പുതിയ തസ്തികകളിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്ന് തന്നെ നിയമനം നടത്തുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. എന്നാൽ, പുതിയ വിജ്ഞാപനം ഇറക്കി നിയമനം നടത്താൻ ശ്രമിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് നിയമന നടപടികൾ വൈകാൻ കാരണമാകുമെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തോളം നീളാൻ സാധ്യതയുള്ള ഈ പ്രക്രിയ ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

നഴ്സിംഗ് ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ഡോ.ജിതേന്ദ്ര സിംഗ് എന്നിവരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് പുതിയ തസ്തികകൾ അനുവദിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img