
ദോഹ: വിദഗ്ധരായ പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രത്യേക മുൻഗണനയുമായി തൊഴിൽ മന്ത്രാലയം.
ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമിഖ് അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന വർക്ക്ഫോഴ്‌സ് പ്ലാനിംഗ് കമ്മിറ്റി (WPC) യോഗത്തിലാണ് പ്രവാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന തീരുമാനം.
കാര്യക്ഷമവും ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു തൊഴിൽ സേനയെ വാർത്തെടുക്കുന്നതിനുള്ള ദേശീയ വികസന തന്ത്രത്തിന്റെ പുരോഗതി യോഗം വിലയിരുത്തി.സ്വദേശി പ്രതിഭകളെ വികസിപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ യോഗ്യതകൾ ഉറപ്പാക്കുന്നതിനുമുള്ള വിവിധ പരിപാടികൾ യോഗം ചർച്ച ചെയ്തു.
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകും.ഉയർന്ന നൈപുണ്യമുള്ള വിദേശ പ്രൊഫഷണലുകളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ അവലോകനം ചെയ്തു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണിയുടെ മത്സരക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കാൻ യോഗം തീരുമാനിച്ചു.
തൊഴിൽ വിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി ഏകോപിതമായി മുന്നോട്ട് പോകാൻ സമിതി തീരുമാനമെടുത്തു.











