03:16am 29 October 2026
NEWS
സ്ത്രീകളെ എല്ലൊടിക്കാതെ തല്ലിയാൽ ഭർത്താക്കന്മാർക്ക് ശിക്ഷയില്ല; വിചിത്ര നിയമങ്ങൾ നടപ്പില്ലാക്കി താലിബാൻ
19/02/2026  02:36 PM IST
nila
സ്ത്രീകളെ എല്ലൊടിക്കാതെ തല്ലിയാൽ ഭർത്താക്കന്മാർക്ക് ശിക്ഷയില്ല; വിചിത്ര നിയമങ്ങൾ നടപ്പില്ലാക്കി താലിബാൻ

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അംഗീകരിച്ച പുതിയ പീനൽ കോഡ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതെന്ന് വിമർശനം. ഗാർഹിക പീഡനം നിയമവിധേയമാക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാര്യയെ ഭർത്താവിന് ശിക്ഷിക്കുന്നതിന് പുതിയ പീനൽ കോഡിൽ വ്യവസ്ഥ ചെയ്യുന്നു. എല്ലൊടിയുകയോ പുറത്തേക്ക് വ്യക്തമായി കാണുന്ന ഗുരുതര മുറിവുകൾ ഉണ്ടാകുകയോ ചെയ്യുന്നില്ലെങ്കിൽ സ്ത്രീകളുടെ പരാതിയിൽ ഭർത്താവിനെ ശിക്ഷിക്കാനാകില്ല. ഇതേ രീതിയിലുള്ള ശിക്ഷ കുട്ടികൾക്കും അനുവദിക്കുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് 90 പേജുകളുള്ള പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. കുറ്റകൃത്യത്തിനുള്ള ശിക്ഷകൾ പ്രതിയുടെ സാമൂഹിക പദവിയെ ആശ്രയിച്ചും വ്യത്യാസപ്പെടുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വശം.

നിയമപ്രകാരം, സ്ത്രീക്ക് മാരകമായ പരിക്ക് ഉണ്ടാകുകയും അത് പുറത്തേക്ക് വ്യക്തമായി കാണപ്പെടുകയും ചെയ്താൽ പോലും പ്രതിക്ക് പരമാവധി 15 ദിവസത്തെ ജയിൽശിക്ഷ മാത്രമാണ് വ്യവസ്ഥ. അതും, പരാതിക്കാരി കോടതിയിൽ അതിക്രമം തെളിയിച്ചാൽ മാത്രം. ഇരയ്ക്ക് ശരീരം മുഴുവനായി മറച്ച് ജഡ്ജിയുടെ മുന്നിൽ മുറിവുകൾ കാണിക്കാം. എന്നാൽ കോടതിയിൽ സ്ത്രീയ്‌ക്കൊപ്പം ഭർത്താവോ കുടുംബത്തിലെ മറ്റൊരു പുരുഷനോ നിർബന്ധമായും ഉണ്ടായിരിക്കണം. അതേസമയം, ഭർത്താവിന്റെ അനുമതിയില്ലാതെ സ്ത്രീകൾ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. 

പീനൽ കോഡിലെ ആർട്ടിക്കിൾ 9 അനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി വേർതിരിക്കുന്നു—മതപണ്ഡിതർ, വരേണ്യവർഗം, മധ്യവർഗം, താഴ്ന്നവർഗം. ഇതനുസരിച്ചാണ് ശിക്ഷ നിർണ്ണയിക്കുക. മതപണ്ഡിതൻ കുറ്റവാളിയാണെങ്കിൽ ഉപദേശം നൽകി വിട്ടയക്കും. വരേണ്യവർഗത്തിൽപ്പെട്ടവരെ കോടതിയിൽ വിളിച്ച് ഉപദേശിക്കും. മധ്യവർഗക്കാർക്ക് ജയിൽശിക്ഷ ലഭിക്കും. താഴ്ന്നവർഗക്കാർക്ക് ജയിൽശിക്ഷയ്‌ക്കൊപ്പം ചാട്ടവാറടിയും ലഭിക്കും. ശാരീരിക ശിക്ഷകൾ നടപ്പാക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരായിരിക്കും.

പുതിയ പീനൽ കോഡ് പ്രാബല്യത്തിൽ വന്നതോടെ പഴയ സ്ത്രീ സംരക്ഷണ നിയമം റദ്ദായി. ഈ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതുപോലും ശിക്ഷാർഹമാണെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം രാജ്യത്തിനകത്ത് നിന്ന് പ്രതികരണങ്ങൾ ഉയരുന്നില്ല. അതേസമയം, മനുഷ്യാവകാശ സംഘടനകൾ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളോട് ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img