
വാഷിങ്ടൻ: അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത് മുൻ സൈനിക ഉദ്യോഗസ്ഥനായ ഷംസുദ്ദിൻ ജബാർ ആണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ പൊലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് പതാക കെട്ടിവെച്ച പിക്കപ്പ് ട്രക്കാണ് ഇയാൾ ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയത്. 42കാരനായ ഇയാൾ അമേരിക്കൻ പൗരനാണെന്നും മുൻ സൈനികനാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജബാർ സൈന്യത്തിൽ ഐടി സ്പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഹൂസ്റ്റണിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുകായിരുന്നു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
2002ൽ മോഷണത്തിനും 2005ൽ അസാധുവായ ലൈസൻസുമായി വാഹനമോടിച്ചതിനും ജബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2022ൽ രണ്ടാം ഭാര്യയിൽ നിന്നും ജബാർ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണു വിവാഹ മോചനത്തിനു വഴിയൊരുക്കിയതെന്നാണ് നിഗമനം.











