
ദോഹ: ഹജ്ജ് തീർത്ഥാടകരുടെ മാനസികവും പെരുമാറ്റപരവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ച് പ്രത്യേക കൈപ്പുസ്തകം പുറത്തിറക്കി. "തീർത്ഥാടനം: ഒരു മനഃശാസ്ത്ര-പെരുമാറ്റ വിദ്യാലയം" (Pilgrimage: A Psychological and Behavioural School) എന്ന തലക്കെട്ടിലാണ് ഈ ബോധവൽക്കരണ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഹജ്ജ് കർമ്മങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ മനഃശാസ്ത്രപരമായ ഒരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം പുസ്തകം ഊന്നിപ്പറയുന്നു. മുൻകൂട്ടിയുള്ള ആസൂത്രണം, അവശ്യസാധനങ്ങളുടെ പട്ടിക തയ്യാറാക്കൽ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാം.തിരക്കും ഉയർന്ന താപനിലയും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുമ്പോൾ ക്ഷമയോടും വിനയത്തോടും കൂടി പെരുമാറുന്നത് മാനസിക സംതൃപ്തി നൽകും. അടിയന്തര സാഹചര്യങ്ങളിൽ ശാന്തത പാലിക്കാനും സമയം കൃത്യമായി ഉപയോഗപ്പെടുത്താനും ഇതിൽ നിർദ്ദേശമുണ്ട്.
സഹയാത്രികരെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ സഹായിക്കുന്നത് വഴി വ്യക്തിപരമായ സന്തോഷവും സംതൃപ്തിയും വർദ്ധിക്കുന്നു. അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്താൻ ഇത് സഹായിക്കും.ഹജ്ജ് കർമ്മങ്ങൾ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നതോടൊപ്പം ഉത്കണ്ഠ കുറയ്ക്കാനും വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു.
തീർത്ഥാടകർ തിരക്കുള്ള സമയങ്ങളിലും മറ്റും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും യാത്രയ്ക്കിടയിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. ഹജ്ജ് കേവലം ഒരു മതപരമായ കർമ്മം മാത്രമല്ല, മറിച്ച് വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും മാനസികാരോഗ്യത്തിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ഒരു പാഠശാലയാണെന്ന് ഈ പ്രസിദ്ധീകരണം അടിവരയിടുന്നു.











