07:05am 13 November 2026
NEWS
‘മലബാർ മിസ്റ്ററി’യും മാറ്റി; കേരളത്തിന്റെ സ്വന്തം മദ്യത്തിന് പുതിയ പേര്
21/02/2026  10:38 AM IST
nila
 ‘മലബാർ മിസ്റ്ററി’യും മാറ്റി; കേരളത്തിന്റെ സ്വന്തം മദ്യത്തിന് പുതിയ പേര്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കാനിരുന്ന പുതിയ ബ്രാൻഡിയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിൽ നിർമ്മിക്കുന്ന ബ്രാൻഡിക്ക് ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ പേര് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.

ഇപ്പോൾ ബെവ്‌കോ സ്വന്തം നിലയിൽ കണ്ടെത്തിയ പുതിയ പേര് ‘മിന്നൽ മാജിക്’ എന്നതാണ്. ഇതിന്റെ ചുരുക്കരൂപമായി എം എം ബ്രാൻഡി എന്ന പേരിൽ ഇത് വിപണിയിൽ അറിയപ്പെടും. ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് ബ്രാൻഡിന്റെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബ്രാൻഡിക്ക് പേര് കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തിൽ ലഭിച്ച നിർദേശങ്ങളിലൊന്നായിരുന്നു ‘മലബാർ മിസ്റ്ററി’. എന്നാൽ മദ്യത്തിന് പേര് നിർദേശിക്കാൻ മത്സരം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റാനുള്ള നീക്കത്തിലേക്ക് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) കടന്നത്. ഹർജി പരിഗണിക്കുന്നതിനിടെ കോടതി വിഷയത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

അതേസമയം, മദ്യത്തിന് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് ബെവ്‌കോ പുറത്തിറക്കിയ പരസ്യം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇതിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടർന്ന് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്കായി പേര്, ലോഗോ എന്നിവ ക്ഷണിച്ച് സർക്കാർ നൽകിയ പരസ്യത്തിനെതിരെയായിരുന്നു കോടതി ഇടപെടൽ. എന്നാൽ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ, പരസ്യം നൽകിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബെവ്‌കോ വ്യക്തമാക്കി. തുടർന്ന് മദ്യത്തിന് പേരിടൽ മത്സരവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കോടതി സ്റ്റേ ചെയ്തു.

ഈ വിഷയത്തിൽ ബെവ്‌കോ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. പേര് നിർദേശിക്കുന്ന മത്സരത്തെക്കുറിച്ച് തങ്ങൾക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെ ഹൈക്കോടതി മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. കേസിലെ തുടർ വാദം കേൾക്കുന്നതിനായി എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി കേസ് മാർച്ച് 12ലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img