
തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി ആർ.എസ്.പി നേതാവും എം.പി.യുമായ എൻ.കെ. പ്രേമചന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച 'ഡീൽ' വിവാദം ശരിവെച്ച പ്രേമചന്ദ്രൻ, തന്റെ രാഷ്ട്രീയ വിലയിരുത്തൽ പ്രകാരം 18 മണ്ഡലങ്ങളിൽ ഈ കൂട്ടുകെട്ടുണ്ടെന്ന് 'മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പ്രധാന വെളിപ്പെടുത്തലുകൾ:
അമിത് ഷാ - പിണറായി കൂടിക്കാഴ്ച: 2025 നവംബറിൽ ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ രാഷ്ട്രീയ ധാരണ രൂപപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സി.പി.എം മുസ്ലിം വിരുദ്ധ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മുക്ത ഭാരതം: ബി.ജെ.പിയുടെ ലക്ഷ്യം കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. 49% ന്യൂനപക്ഷങ്ങളുള്ള കേരളത്തിൽ ബി.ജെ.പിക്ക് തനിച്ച് മുന്നേറാൻ കഴിയില്ലെന്നും അതിനായി സി.പി.എമ്മിനെ അവർ ഉപകരണമാക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പുതിയ ഇടതുപക്ഷ ഏകീകരണം: തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ യഥാർത്ഥ ഇടതുപക്ഷ ഏകീകരണം നടക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. സി.പി.എം ഇപ്പോൾ തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും, വൈകാതെ സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഈ പുതിയ ഏകീകരണത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.
മറ്റ് പ്രസക്തമായ കാര്യങ്ങൾ:
"ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാർലമെന്റിൽ അംഗമായിരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ എം.പിമാർ താല്പര്യം പ്രകടിപ്പിച്ചു എന്ന വിവാദങ്ങളിൽ നിലവിൽ പ്രസക്തിയില്ല."
തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങൾ പാർട്ടിക്കാര്യമാണെന്നും, അത്തരമൊരു ആവശ്യം താൻ എവിടെയും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.പിക്ക് ഇത്തവണ മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ചവറ, കുന്നത്തൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.











