01:58pm 21 September 2026
NEWS
വ്യാജവാർത്ത തടയാൻ കർശന വ്യവസ്ഥകളോടെ കർണാടകത്തിൽ പുതിയനിയമം വരുന്നു
23/06/2025  11:29 AM IST
വിഷ്ണുമംഗലം കുമാർ
വ്യാജവാർത്ത തടയാൻ കർശന വ്യവസ്ഥകളോടെ കർണാടകത്തിൽ പുതിയനിയമം വരുന്നു

ബംഗളുരു: വ്യാജവാർത്തകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, വളച്ചൊടിക്കുന്ന വാർത്തകൾ, കൃത്രിമ ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയുടെ പെരുമഴയിലാണ് രാജ്യം നനഞ്ഞുകുളിച്ച് വിറങ്ങലിച്ച് മുന്നോട്ടുപോകുന്നത്. യു ട്യൂബ് ചാനലുകളിലും ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമാണ് സമൂഹത്തെ ദുഷിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജവാർത്തകളുടെയും ദൃശ്യങ്ങളുടെയും ആധിക്യം. എഡിറ്റിങ് എന്ന അവശ്യ പ്രക്രിയയ്ക്ക് വിധേയമാകാതെയാണ് സോഷ്യൽ മീഡിയയിലൂടെ വാർത്തകളും ദൃശ്യങ്ങളും സമൂഹത്തിൽ പ്രചരിക്കുന്നത്. വാസ്തവത്തിന്റെ കണികപോലുമില്ലാത്ത വാർത്തകളും ദൃശ്യങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ബോധപൂർവ്വമുള്ള വ്യാജ വാർത്താ ദൃശ്യനിർമ്മിതിയും വിതരണവും വിവരസാങ്കേതികവിദ്യയുടെ അത്ഭുതകരമായ വികാസത്തിലൂടെ അടുത്തകാലത്തായി അപകടകരമാംവിധം വർധിച്ചിട്ടുണ്ട്. വ്യാജവാർത്തകളുടെ ആധിക്യത്താൽ വീർപ്പുമുട്ടുന്ന സംസ്ഥാനമാണ് കർണാടകം. യഥാർത്ഥ വാർത്തകളും ദൃശ്യങ്ങളും തന്നെ ഗവണ്മെന്റിനെ പിടിച്ചുലക്കുമ്പോൾ വ്യാജവാർത്തകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പറയേണ്ടതില്ലല്ലോ. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവരുന്നു. കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ്‌ ( പ്രോഹിബിഷൻ) ബില്ലിന്റെ കരടുരൂപം തയ്യാറായി. വ്യാജവാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവും  പത്തുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്ന കർശന വ്യവസ്ഥകൾ ബില്ലിലുണ്ട്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ദുഷ് പ്രചാരണം നടത്തുന്നതും കുറ്റകരമാണ്.സ്ത്രീവിരുദ്ധ പരാമർശങ്ങൾ, മതചിഹ്നങ്ങളെ അപമാനിക്കൽ തുടങ്ങിയവ ജാമ്യമില്ലാ കുറ്റങ്ങളാക്കും. സാംസ്‌കാരികമന്ത്രിയുടെ അധ്യക്ഷതയിൽ ആറു അംഗ പരിശോധനാസമിതി രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നടപടികളെടുക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ഗവണ്മെന്റ് തയ്യാറെടുക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img