02:57pm 25 September 2026
NEWS
കേരളത്തിൽ മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനുമെതിരെ പുതിയ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ചു
24/09/2026  07:52 AM IST
nila
കേരളത്തിൽ മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനുമെതിരെ പുതിയ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ചു

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം, ഹാനികരമായ ആചാരങ്ങൾ എന്നിവ തടയാൻ കേരളത്തിൽ പുതിയ നിയമം കൊണ്ടുവരാൻ നീക്കം. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോർട്ടും കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ വിഷയത്തിൽ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകളിലെ വിവിധ വശങ്ങൾ പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങളും വിശദമായി പഠിച്ച ശേഷമാണ് കേരളത്തിനായി കരട് നിയമം തയ്യാറാക്കിയത്.

അമാനുഷികമോ അസാധാരണമായതോ ആയ ശക്തികൾ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുകയോ ഭീഷണിപ്പെടുത്തുകയോ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയോ ചെയ്യുന്ന പ്രവൃത്തികൾക്ക് തടയിടുകയാണ് നിർദിഷ്ട നിയമത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് നിയമം സംരക്ഷണം നൽകും. നിയമപരമായ മതാചാരങ്ങൾക്കും പാരമ്പര്യ ആചാരങ്ങൾക്കും തടസ്സമുണ്ടാകാത്ത തരത്തിലാണ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് കരട് ബിൽ തയ്യാറാക്കിയതെന്ന് സമിതി വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾക്കപ്പുറം അന്ധവിശ്വാസത്തിന്റെ പേരിലുള്ള അപകടകരമായ പ്രവൃത്തികൾക്കെതിരെ വ്യക്തമായ നിയമനടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം.

മുൻ ജില്ലാ ജഡ്ജി കെ. ശശിധരൻ നായരും മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസുമാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img