
ന്യൂഡൽഹി / ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. കെ. ശ്രീകർ റെഡ്ഡി രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു. ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെത്തിയാണ് അദ്ദേഹം പത്രം ഏറ്റുവാങ്ങിയത്. ഉടൻ തന്നെ ദോഹയിലെത്തി അദ്ദേഹം സ്ഥാനമേൽക്കും.
ഇന്ത്യ-ഖത്തർ തന്ത്രപ്രധാന ഉഭയകക്ഷി ബന്ധം വരുംവർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതാക്കാൻ രാഷ്ട്രപതി നൽകിയ മാർഗനിർദേശങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ്. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ഇന്ത്യ-മൗറീഷ്യസ് സാമ്പത്തിക സഹകരണ കരാർ എന്നിവയിലൂടെയും നയതന്ത്ര മികവു തെളിയിച്ചിട്ടുണ്ട്.സ്വിറ്റ്സർലൻഡിലെ ലോക വ്യാപാര സംഘടനയിലെ (WTO) ഇന്ത്യൻ മിഷനിൽ കൗൺസിലർ (2014-2017), ഹോ ചി മിൻ സിറ്റിയിൽ കോൺസൽ ജനറൽ (2017-2020) എന്നീ നിലകളിലും ജർമ്മനി, സ്വിറ്റ്സർലൻഡ് എംബസികളിലും വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്താൻ, ഈസ്റ്റ് & സതേൺ ആഫ്രിക്ക ഡെസ്കുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിദേശനയത്തിലും അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും മികച്ച പരിചയസമ്പത്തുള്ള നയതന്ത്രജ്ഞനാണ് ഡോ. കെ. ശ്രീകർ റെഡ്ഡി.











