
ന്യൂഡൽഹി: ലളിതമായ വ്യവസ്ഥകളും പദപ്രയോഗങ്ങളും ഉൾപ്പെടുത്തി പുതിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നികുതിദായകർക്ക് വലിയ നൂലാമാലകളില്ലാതെ തന്നെ നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ ആദായ നികുതി നിയമം നടപ്പാക്കുന്നത്. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പഴയ നിയമത്തിൽ 819 സെക്ഷനുകളുണ്ടായിരുന്നത് പുതിയ നിയമത്തിൽ 536 ആക്കി കുറച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന വിധത്തിൽ ലളിതമായ വ്യവസ്ഥകളും പദപ്രയോഗങ്ങളുമാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവുക, നൂലാമാലകൾ ഒഴിവാക്കി നികുതി റിട്ടേൺ സമർപ്പണം സുഗമമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
നിലവിലെ ആദായനികുതി നിയമം 1961 പ്രകാരം റിട്ടേൺ സമർപ്പിക്കാനും നികുതിയടവുകൾക്കും ‘അസസ്മെന്റ് ഇയർ’, (റിട്ടേൺ/നികുതി സമർപ്പിക്കുന്ന വർഷം) ‘പ്രീവിയസ് ഇയർ’ (നികുതിബാധകമായ വരുമാനം ലഭിച്ച വർഷം) എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ട്. പുതിയ നിയമത്തിൽ അസസ്മെന്റ് ഇയർ ഒഴിവാക്കി. പകരം ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം മാത്രമാണുള്ളത്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് സമാപിക്കുന്ന സാമ്പത്തികവർഷത്തിന് അനുസൃതമായാകും ടാക്സ് ഇയറും. മുൻവർഷത്തിനു പകരം ‘സാമ്പത്തിക വർഷം’ (ഫിനാൻഷ്യൽ ഇയർ) എന്ന പദവും ഉപയോഗിക്കും. നികുതിവ്യവസ്ഥകളും റിട്ടേൺ ഫയലിങ്ങും എളുപ്പമാക്കാനാണിത്. അതേസമയം, ആദായ നികുതി ബിൽ അവതരിപ്പിച്ചതിനു പിന്നാലെ ഏതാനും പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.











