
ദോഹ: പ്രാദേശിക ഫുട്ബോളിന്റെ ആവേശം വാനോളമുയർത്തി പുത്തൻ ടൂർണമെന്റിന് തുടക്കമിട്ട് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ. പ്രഥമ 'ഗൾഫ് ക്ലബ് സൂപ്പർ കപ്പ്' പോരാട്ടത്തിനാണ് ഫെഡറേഷൻ വേദിയൊരുക്കുന്നത്. ഇറാഖി ക്ലബ്ബായ ദുഹോക്കും ഖത്തറിലെ കരുത്തരായ അൽ റയ്യാനും തമ്മിലാണ് ആദ്യ സൂപ്പർ കപ്പ് കിരീടത്തിനായി പൊരുതുക. ആഗസ്റ്റ് 13-ന് ഇറാഖിലെ ദുഹോക്ക് പ്രവിശ്യയിലാണ് ഈ വൻപോരാട്ടം അരങ്ങേറുന്നത്.നീണ്ട കാലത്തെ സുരക്ഷാ പ്രശ്നങ്ങൾക്കും അന്താരാഷ്ട്ര വിലക്കുകൾക്കും ശേഷം ഇറാഖിലെ ദുഹോക്കിലേക്ക് ഇത്തരം ഒരു വലിയ ടൂർണമെന്റ് എത്തുന്നത് ഇറാഖ് ഫുട്ബോളിന് വലിയ ഊർജ്ജമാകും. തങ്ങൾക്ക് വലിയ കായിക മാമാങ്കങ്ങൾ സുരക്ഷിതമായി നടത്താൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനകൾക്ക് (FIFA, AFC) മുന്നിൽ തെളിയിക്കാനുള്ള വലിയ അവസരമാണിത്.ദേശീയ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾക്കപ്പുറം ഖത്തറിലെയും ഇറാഖിലെയും വമ്പൻ ക്ലബ്ബുകൾ നേരിട്ട് ഏറ്റുമുട്ടുമ്പോൾ അത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കും. ദുഹോക്കിലെ ഹോം ഗ്രൗണ്ട് പിന്തുണ ഇറാഖി ക്ലബ്ബിന് അനുകൂലമാകുമ്പോൾ, ഖത്തറിലെ വമ്പൻമാരായ അൽ റയ്യാന് അത് വലിയൊരു കളിമികവ് പരീക്ഷിക്കാനുള്ള വേദിയാകും.ഗൾഫ് ക്ലബ് ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പതിപ്പിലെ ജേതാക്കളെന്ന നിലയിലാണ് ഇറാഖിന്റെ ദുഹോക്ക് ക്ലബ് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ രണ്ടാം പതിപ്പിൽ മുത്തമിട്ടാണ് ഖത്തറിന്റെ വമ്പന്മാരായ അൽ റയ്യാൻ സൂപ്പർ കപ്പ് പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ഗൾഫ് മേഖലയിലെ ക്ലബ് ഫുട്ബോളിന്റെ നിലവാരം ഉയർത്തുന്നതിനും പ്രാദേശിക മത്സരങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ഉറപ്പാക്കുന്നതിനുമായാണ് ഫെഡറേഷൻ പുതിയ സൂപ്പർ കപ്പിന് രൂപം നൽകിയിരിക്കുന്നത്. വൻ മാധ്യമശ്രദ്ധയും റെക്കോർഡ് ഗാലറി പിന്തുണയുമാണ് ഈ മത്സരത്തിന് ഫെഡറേഷൻ പ്രതീക്ഷിക്കുന്നത്.
മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അറബിയൻ ഗൾഫ് കപ്പ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാസിം സുൽത്താൻ അൽ റുമൈഹി അറിയിച്ചു. ആതിഥേയത്വം വഹിക്കുന്ന ദുഹോക്ക് ക്ലബ്ബിന്റെ സജ്ജീകരണങ്ങളെയും ഇറാഖ് ഫുട്ബോൾ അസോസിയേഷൻ നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. ഗൾഫ് ഫുട്ബോളിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു നാഴികക്കല്ലാവും ഈ സൂപ്പർ കപ്പപെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് ക്ലബ്ബുകളുടെ രാജാക്കന്മാരാകാൻ ഇറാഖി കോട്ടയിൽ ഖത്തർ കരുത്തുമായി അൽ റയ്യാൻ ഇറങ്ങുമ്പോൾ കനത്ത പോരാട്ടമാണ് ആരാധകർ കാത്തിരിക്കുന്നത്.











