04:30am 22 September 2026
NEWS
നീറ്റ് വിവാദത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാൻ കേന്ദ്രം; നരേഷ് പാൽ ഗാംഗ്‌വാർക്ക് ചുമതല; പുതിയ സെക്രട്ടറിയും അത്ര നീറ്റല്ല!
24/07/2026  08:08 AM IST
nila
നീറ്റ് വിവാദത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാൻ കേന്ദ്രം; നരേഷ് പാൽ ഗാംഗ്‌വാർക്ക് ചുമതല; പുതിയ സെക്രട്ടറിയും അത്ര നീറ്റല്ല!

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. നിലവിലെ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തിരാജ് മന്ത്രാലയത്തിലേക്ക് മാറ്റി, 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാംഗ്‌വാറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. സ്ഥലംമാറ്റത്തിന് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികളും വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. 

വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയ നടപടിയെ ബിജെപി എംപി നിഷികാന്ത് ദുബെ സ്വാഗതം ചെയ്തു. ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഉണ്ടായ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇതാണ് "മോദി ഗ്യാരണ്ടി"യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേഷ് പാൽ ഗാംഗ്‌വാർ റൂർക്കി സർവകലാശാലയിൽ നിന്ന് ബി.ടെക്കും, ഐഐടി ഡൽഹിയിൽ നിന്ന് എം.ടെക്കും, രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ എം.എയും നേടിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ഗാംഗ്‌വാറിന്റെ നിയമനത്തോടെ അദ്ദേഹത്തിനെതിരായ പഴയ ആരോപണങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ഗാംഗ്‌വാറിന്റെ അമ്മയും ഭാര്യയും മകനും കേന്ദ്ര സർക്കാരിന്റെ കർഷക ക്ഷേമപദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിനിടെ 1.16 കോടി രൂപയുടെ സബ്സിഡി കൈപ്പറ്റിയെന്നാണ് ആരോപണം. ജയ്പുരിനടുത്തുള്ള ഭാസിങ്പുര ഗ്രാമത്തിലെ കുടുംബത്തിന്റെ കൃഷിയിടവുമായി ബന്ധപ്പെട്ടാണ് ഈ ആനുകൂല്യങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ പദ്ധതിയിലൂടെയാണ് സബ്സിഡി അനുവദിച്ചത്. അനുവദിച്ച പദ്ധതികളിൽ ഒന്നിനെക്കുറിച്ച് മാത്രമാണ് ഗാംഗ്‌വാർ 2021–22 വർഷത്തെ വാർഷിക സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയതെന്നും ആരോപണമുണ്ട്.

ഇതിനിടെ കേന്ദ്ര ഭരണതലത്തിൽ മറ്റ് നിർണായക നിയമനങ്ങളും നടന്നു. സുശീൽ കുമാർ ലോഹാനിയെ ഫിഷറീസ്-മൃഗസംരക്ഷണ സെക്രട്ടറിയായും, ഡി. താരയെ നഗരകാര്യ സെക്രട്ടറിയായും, ചന്ദ്രഭൂഷൺ കുമാറിനെ തൊഴിൽ സെക്രട്ടറിയായും, സുചിന്ദ്ര മിശ്രയെ ന്യൂനപക്ഷകാര്യ സെക്രട്ടറിയായും നിയമിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img