
കഷണ്ടിക്ക് മരുന്നില്ലെന്ന പഴമൊഴിയെ തിരുത്താൻ പുതിയ പഠനം. സന്ധിവാതം ഉൾപ്പെടെയുള്ള രോഗാവസ്ഥകളിൽ ഉപയോഗിക്കുന്ന ‘ഉപഡാസിറ്റിനിബ്’ (Upadacitinib) എന്ന മരുന്ന് അലോപേഷ്യ അരീറ്റ ബാധിച്ചവരിൽ മുടിവളർച്ചയ്ക്ക് സഹായകമാകുന്നതായി പഠനം. കടുത്ത മുടികൊഴിച്ചിൽ നേരിടുന്ന രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലാണ് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കണ്ടെത്തിയത്.
ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ തെറ്റായി മുടിയുടെ വേരുകളെ ആക്രമിക്കുന്നതിനെ തുടർന്നാണ് അലോപേഷ്യ അരീറ്റ ഉണ്ടാകുന്നത്. മുടിയുടെ വേരുകൾക്ക് സ്ഥിരമായ നാശം സംഭവിക്കാത്തതിനാൽ, ഈ പ്രതിരോധപ്രവർത്തനം നിയന്ത്രിക്കാനായാൽ മുടി വീണ്ടും വളരാനുള്ള സാധ്യതയുണ്ട്. എന്നാൽ നിലവിലുള്ള ചികിത്സകൾ എല്ലാ രോഗികളിലും ഒരുപോലെ ഫലപ്രദമല്ല. പ്രത്യേകിച്ച് കൗമാരക്കാരിൽ ചികിത്സാ സാധ്യതകൾ പരിമിതമാണ്.
1,399 പേരിൽ പരീക്ഷണം
12 മുതൽ 64 വയസ്സ് വരെ പ്രായമുള്ള 1,399 പേരെയാണ് പഠനത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ഉൾപ്പെടുത്തിയത്. ഇതിൽ 118 പേർ കൗമാരക്കാരായിരുന്നു. പഠനത്തിൽ പങ്കെടുത്ത എല്ലാവർക്കും തലയോട്ടിയിലെ പകുതിയിലധികം മുടിയും നഷ്ടപ്പെട്ടിരുന്നു.
പങ്കെടുത്തവർക്ക് 24 ആഴ്ചത്തേക്ക് ദിവസവും മരുന്ന് നൽകി. ഒരു വിഭാഗത്തിന് 15 മില്ലിഗ്രാം ഉപഡാസിറ്റിനിബും മറ്റൊരു വിഭാഗത്തിന് 30 മില്ലിഗ്രാമും നൽകി. മൂന്നാമത്തെ വിഭാഗത്തിന് പ്ലാസിബോയാണ് നൽകിയത്.
മുടികൊഴിച്ചിലിന്റെ തീവ്രതയും ചികിത്സയ്ക്ക് ശേഷമുള്ള മുടിവളർച്ചയും വിലയിരുത്താൻ SALT (Severity of Alopecia Tool) സ്കോർ ഉപയോഗിച്ചു. SALT സ്കോർ 20 അല്ലെങ്കിൽ അതിൽ താഴെയെത്തുന്നത് തലയോട്ടിയിലെ കുറഞ്ഞത് 80 ശതമാനം മുടിയും തിരിച്ചുവന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ഉയർന്ന ഡോസിൽ കൂടുതൽ ഫലം
പ്ലാസിബോ സ്വീകരിച്ചവരെ അപേക്ഷിച്ച് ഉപഡാസിറ്റിനിബ് സ്വീകരിച്ചവരിൽ മുടിവളർച്ചയിൽ കാര്യമായ പുരോഗതിയാണ് ഗവേഷകർ കണ്ടെത്തിയത്.
രണ്ട് പരീക്ഷണങ്ങളിലായി 15 മില്ലിഗ്രാം മരുന്ന് സ്വീകരിച്ചവരിൽ യഥാക്രമം 44.6 ശതമാനവും 45.2 ശതമാനവും പേർ SALT 20 എന്ന ലക്ഷ്യം കൈവരിച്ചു. 30 മില്ലിഗ്രാം ഡോസ് സ്വീകരിച്ചവരിൽ ഇത് 54.3 ശതമാനവും 55 ശതമാനവുമായി ഉയർന്നു.
അതേസമയം പ്ലാസിബോ സ്വീകരിച്ചവരിൽ ഈ ലക്ഷ്യം കൈവരിച്ചത് യഥാക്രമം 1.5 ശതമാനവും 3.4 ശതമാനവും പേർക്ക് മാത്രമാണ്.
എട്ട് ആഴ്ചയ്ക്കുള്ളിൽ മാറ്റം
ചികിത്സയുടെ ഫലം താരതമ്യേന വേഗത്തിൽ പ്രകടമായതായും പഠനം വ്യക്തമാക്കുന്നു. ചികിത്സ ആരംഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ഉപഡാസിറ്റിനിബ് സ്വീകരിച്ചവരും പ്ലാസിബോ സ്വീകരിച്ചവരും തമ്മിൽ വ്യക്തമായ വ്യത്യാസം ഗവേഷകർ കണ്ടെത്തി.
ചില രോഗികളിൽ തലയോട്ടിയിലെ മുടി പൂർണമായും തിരിച്ചുവന്നതും ശ്രദ്ധേയമായി. മരുന്നിന്റെ ഡോസും പരീക്ഷണഘട്ടവും അനുസരിച്ച് ഉപഡാസിറ്റിനിബ് സ്വീകരിച്ച 13 മുതൽ 22.5 ശതമാനം വരെ ആളുകൾക്ക് പൂർണമായ മുടിവളർച്ചയുണ്ടായി.
പ്രതിരോധവ്യവസ്ഥ മുടിയുടെ വേരുകളെ ആക്രമിക്കാൻ കാരണമാകുന്ന ചില പ്രതിരോധ സിഗ്നലുകളെ തടയുന്നതിലൂടെയാണ് മരുന്ന് പ്രവർത്തിക്കുന്നത്. ചികിത്സ സ്വീകരിച്ചവരിൽ ജീവിതനിലവാരത്തിലും പുരോഗതിയുണ്ടായതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു.
കൂടുതൽ പഠനങ്ങൾ ആവശ്യം
അതേസമയം, പഠനഫലങ്ങളെ ജാഗ്രതയോടെ കാണണമെന്നാണ് ഗവേഷകരുടെ നിലപാട്. പരീക്ഷണം 24 ആഴ്ച മാത്രമാണ് നീണ്ടത്. അതിനാൽ മരുന്നിന്റെ ദീർഘകാല ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
മരുന്ന് നിർമിക്കുന്ന ആബ്വി (AbbVie) തന്നെയാണ് പഠനത്തിന് സാമ്പത്തിക സഹായം നൽകുകയും ഗവേഷണത്തിന്റെ രൂപകൽപ്പനയിൽ പങ്കാളിയാകുകയും ചെയ്തത്. ഗവേഷകരിൽ ചിലർ കമ്പനിയിലെ ജീവനക്കാരുമാണ്. പഠനം സ്വതന്ത്രമായ സമഗ്രപരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെങ്കിലും നിലവിലുള്ള അലോപേഷ്യ ചികിത്സകളുമായും പ്ലാസിബോയുമായും ഉപഡാസിറ്റിനിബിനെ താരതമ്യം ചെയ്യുന്ന കൂടുതൽ ഗവേഷണം ആവശ്യമാണ്.











