11:13pm 06 November 2026
NEWS
ഭക്ഷണ സുരക്ഷയ്ക്കായി പുതിയ ജനറൽ അതോറിറ്റി; ചുമതലകൾ കൈമാറിത്തുടങ്ങി പൊതുജനാരോഗ്യ മന്ത്രാലയം
06/11/2026  11:59 AM IST
nila
ഭക്ഷണ സുരക്ഷയ്ക്കായി പുതിയ ജനറൽ അതോറിറ്റി; ചുമതലകൾ കൈമാറിത്തുടങ്ങി പൊതുജനാരോഗ്യ മന്ത്രാലയം

 


​ദോഹ: ഖത്തറിലെ ഭക്ഷണ സുരക്ഷാ മേൽനോട്ട ചുമതലകൾ പുതുതായി രൂപീകരിച്ച 'പബ്ലിക് അതോറിറ്റി ഫോർ ഫുഡ് സേഫ്റ്റി'ക്ക് (Public Authority for Food Safety) കൈമാറുന്ന നടപടികൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) തുടക്കം കുറിച്ചു. അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച 2026-ലെ 41-ാം നമ്പർ അമീരി ഉത്തരവിനെ തുടർന്നാണ് ഈ നീക്കം. രാജ്യത്തെ ഭക്ഷണ സുരക്ഷാ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പുതിയ അതോറിറ്റി സ്ഥാപിച്ചത് ഖത്തറിന്റെ പൊതുജനാരോഗ്യ മേഖലയിലെ നാഴികക്കല്ലാണെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
​ഉത്പാദനം മുതൽ ഉപഭോഗം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഭക്ഷണ സാധനങ്ങൾ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് ഉറപ്പുവരുത്തുക, പരിശോധനകൾ കർശനമാക്കുക, ഭക്ഷ്യജന്യ രോഗ സാധ്യതകൾ കുറയ്ക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതലകൾ. കൈമാറ്റ കാലയളവിൽ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ സുഗമമായ നടപടികളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img