04:44pm 13 November 2025
NEWS
ന്യൂജെൻ ഉമ്മ


27/05/2025  01:18 PM IST
ജി. കൃഷ്ണൻ മാലം
ന്യൂജെൻ ഉമ്മ

ജീവിതഭാരം താങ്ങാനാകാതെ മനസ്സ് നൊന്ത് വേദനയുമായി കഴിയുന്നതിനിടയിലാണ് 56 വയസ്സ് കഴിഞ്ഞ സുബൈദ 85 കിലോഭാരം ചുമന്ന് സമ്മാനം നേടിയത്. തൃശൂർ അന്തിക്കാട് സ്വദേശിയായ സുബൈദ മജീദ് ഇങ്ങനെ പ്രൈസ് വാങ്ങുന്നത് ദുബായിൽ വച്ചാണ്. ഈ അനുഭവകഥ നാട്ടുകാർക്കിടയിലും വീട്ടുകാർക്കിടയിലും അധികം പേർക്ക് അറിയാമെന്ന് തോന്നുന്നില്ല.

വെയിറ്റ് ലിഫ്റ്റിൽ പതിവായി പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ചിന്തയിൽ പ്രവർത്തിക്കുകയോ ശ്രമിക്കുകയോ ലക്ഷ്യമിടുകയോ ചെയ്തിട്ടില്ലാത്ത സുബൈദ മജീദിന് ഇങ്ങനെയൊരു നേട്ടം കൈവന്നത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. മനസ്സിലെ നൊമ്പരങ്ങളെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു ആ സമ്മാനം സുബൈദ വാങ്ങുന്നത്.

സുബൈദയുടെ ഈ നേട്ടത്തിന് പിന്നിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നത് നേര്. അതിനൊപ്പം ഒന്നരവർഷം മുമ്പ് മരിച്ചുപോയ തന്റെ ഭർത്താവിന്റെ കയ്യൊപ്പും അനുഗ്രഹവും ഇതിന്റെ പിന്നിലുണ്ടെന്ന് സുബൈദ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അത് ഏതൊ ഒരു മാസ്മരികമായ ശക്തിയാണെന്ന് സുബൈദ കരുതുന്നു.

ദുഃഖവും സന്തോഷവും സമ്മിശ്രമായ ആ അനുഭവങ്ങളെക്കുറിച്ച് 'മഹിളാരത്‌നം' വായനക്കാർക്കുവേണ്ടി സുബൈദ മജീദ് മനസ്സ് തുറന്നു...

'എന്റെ സ്വന്തം നാട് അന്തിക്കാടാണെങ്കിലും എന്നെ വിവാഹം കഴിച്ചത് കൊടുങ്ങല്ലൂരിനടുത്ത് മതിലകം എന്ന സ്ഥലത്താണ്. വിവാഹശേഷം ഞാനും ഇക്കയോടൊപ്പം ദുബായിലേക്ക് പോന്നു. ദുബായിൽ സ്ഥിരതാമസമായിട്ട് 24 വർഷങ്ങളായിരുന്നു. ഞങ്ങൾക്ക് മൂന്ന് മക്കൾ. മൂത്തയാൾ മെഹനാസ്, രണ്ടാമത്തെയാൾ മെഹജൂബ്, മൂന്നാമത്തെയാൾ മെഹബൂബ്. മൂന്നുപേരും വിവാഹിതരാണ്. എല്ലാവരും ദുബായിൽ സെറ്റിലായിരിക്കുന്നു.

ആ മൂന്ന് മക്കൾ നൽകുന്ന സ്‌നേഹത്തണലിലാണ് ഞാനിന്ന് ജീവിക്കുന്നത്. കാരണം ഒന്നരവർഷങ്ങൾക്ക് മുമ്പ് മജീദിക്ക ഞങ്ങളെ എല്ലാവരെയും വിട്ടുപിരിഞ്ഞുപോയി. അദ്ദേഹത്തിന്റെ ആ വേർപാടിന്റെ നൊമ്പരം ഞങ്ങളിൽ നിന്നും ഇപ്പോഴും അകന്നുപോയിട്ടില്ല. ദുബായിലെ 'ഇ സാ കബാനി' എന്നൊരു കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. കമ്പനിയിൽ നിന്നും ജോലി റിസൈൻ ചെയ്തപ്പോൾ ഞാനും ഇക്കായും കൂടി നാട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു. പെട്ടെന്നാണ് ഇക്ക അസുഖബാധിതനാകുന്നതും മരിക്കുന്നതും. മൂന്നുമാസം കഴിഞ്ഞപ്പോൾ എന്റെ മക്കൾ എന്നെ നാട്ടിൽ തനിച്ചുനിർത്തിയില്ല. മക്കളും മരുമക്കളുമെല്ലാം ദുബായിൽ ആയതുകൊണ്ട് അവരെല്ലാം കൂടി എന്നെ നിർബന്ധിച്ച് വീണ്ടും ദുബായിൽ കൊണ്ടുവന്നു. എനിക്ക് ദുബായിൽ പ്രത്യേകിച്ച് ജോലി ഒന്നുമില്ലായിരുന്നു. ഒരു സാധാരണ വീട്ടമ്മയായിരുന്നു. മക്കൾ, ഭർത്താവ്, കുടുംബം... അങ്ങനെ എല്ലാം നോക്കിക്കൊണ്ടിരുന്ന ഒരു വീട്ടമ്മ. പിന്നെ, ഇടയ്ക്ക് ഒരു മെസ്സ് ഉണ്ടായിരുന്നു വീട്ടിൽ. ഒരു ചെറിയ കേറ്ററിംഗ് പോലെ. മക്കളുടെ കൂട്ടുകാർക്കൊക്കെ ഫുഡ് കൊടുക്കുക. ഓണത്തിന്, വിഷുവിന്..  തുടങ്ങിയ വിശേഷഅവസരങ്ങളിൽ മാത്രം. അങ്ങനെയെല്ലാം മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു.

ജിമ്മിലേയ്ക്കുള്ള പ്രവേശനവും വെയിറ്റ് ലിഫ്റ്റിംഗിലൂടെ നേട്ടം കൈവരിക്കാൻ കഴിഞ്ഞതും എങ്ങനെയായിരുന്നു?

സ്‌ക്കൂളിൽ പഠിക്കുന്ന കാലത്ത് സ്‌പോർട്‌സിൽ പങ്കെടുത്തിട്ടുണ്ട്. ഓട്ടം, ഹൈജംബ്.. തുടങ്ങിയതിനൊക്കെ ചേരും. പിന്നെ ഡാൻസ്... എല്ലാം ഇത്തിരി മാത്രം. പഠനകാലം കഴിഞ്ഞതോടെ അതൊന്നും തുടർന്നിട്ടുമില്ല. ജിമ്മിൽ പോകുന്നതുപോലും വളരെ യാദൃച്ഛികമായിട്ടായിരുന്നു. എന്റെ ഇക്കയുടെ പെട്ടെന്നുള്ള മരണം എന്നെ വല്ലാതെ തളർത്തിയിരുന്നു. നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനായിരുന്നു ഇക്ക. എല്ലാ കാര്യങ്ങൾക്കും വളരെ ആക്ടീവായി നിന്നിരുന്ന ഒരാളായിരുന്നു. എന്റെ മനോവിഷമം എന്റെ മക്കൾ തിരിച്ചറിഞ്ഞു. മക്കൾ പറഞ്ഞിട്ട് ദുബായിൽ ഞാൻ രണ്ടുതവണ രണ്ട് ഡോക്ടർമാരെ കണ്ട് രണ്ടുപ്രാവശ്യം കൗൺസിലിംഗ് നടത്തിയിരുന്നു. എന്നിട്ടും എന്റെ മൈൻഡ് സെറ്റായി വന്നില്ല. എന്തൊക്കെ മാറിച്ചിന്തിച്ചിട്ടും എന്റെ മാനസിക സംഘർഷത്തിൽ നിന്നും എനിക്കൊരു മോചനവും കിട്ടിയിരുന്നില്ല.

പിന്നീട് എന്റെയൊരു ഫ്രണ്ട് മുഖേന കോഴിക്കോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിലെ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. ആ ഡോക്ടറുടെ രണ്ടുപ്രാവശ്യത്തെ കൗൺസിലിംഗും ട്രീറ്റ്‌മെന്റും കഴിഞ്ഞപ്പോൾ എന്റെ മനസ്സിന് ഒരൽപ്പം മാറ്റമുണ്ടായി. ഒന്ന് ഫ്രീയായി.

എന്റെ മോൾ ഒരു ദിവസം പറഞ്ഞു, ഉമ്മയും കൂടി ജിമ്മിൽ വരണമെന്ന്. ദുബായിൽ അശ്വന്തിന്റെ ജിം മലയാളികൾക്കൊക്കെ അറിയാം. മോൾ അവിടെ വർക്കൗട്ട് ചെയ്യാൻ പോകുന്നതുകൊണ്ട് അശ്വന്തിനെ എനിക്ക് മുൻപേ അറിയാം. അശ്വിന്ത് എനിക്ക് മകനെപ്പോലെയാണ്. അശ്വിന്തിന് എന്റെ ജീവിതാവസ്ഥയും സാഹചര്യങ്ങളും എല്ലാം അറിയാമായിരുന്നു.

സാധാരണരീതിയിൽ മറ്റുള്ളവർക്ക് ചെയ്യുന്നതുപോലെ തന്നെ വർക്കൗട്ട് എനിക്കും തന്നു. അത് ചെയ്തുതുടങ്ങിയപ്പോൾ അശ്വിന്തിന് എന്നെ മനസ്സിലായി എന്ന് തോന്നുന്നു. എന്നിൽ ഒരു സ്‌ട്രെംഗ്ന്തുണ്ടെന്ന് അശ്വന്തിന് ബോദ്ധ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, എനിക്കതൊന്നും തോന്നുകയോ മനസ്സിലാകുകയോ ചെയ്തിട്ടില്ല. എനിക്ക് വെയിറ്റ് ലിഫ്റ്റ് എടുക്കാനുള്ള കഴിവുണ്ടെന്നുള്ള കാര്യം അശ്വിന്ത് എന്റെ മക്കളോട് പറഞ്ഞു. എന്നോട് ഇവർ ആരും ഈ വിവരം പറഞ്ഞതുമില്ല. ആദ്യം ചെറിയ ചെറിയ വെയിറ്റ് എടുപ്പിച്ച് ഒരു പരീക്ഷണം പോലെ എന്നെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് അശ്വിന്ത് എന്റെ മോളോടൊക്കെ പറഞ്ഞുവച്ചു.

അങ്ങനെ ഓരോ ദിവസവും വർക്കൗട്ട് ചെയ്യുമ്പോൾ എനിക്ക് ചെറിയ വെയിറ്റുകൾ തന്നുതന്ന് 80 കിലോ വരെ ഞാൻ ഉയർത്തി. ഒരു മാസം കൊണ്ട് ആ നിലയിലെത്തിയപ്പോൾ എന്നെ ഒരു കോമ്പറ്റീഷന് പങ്കെടുപ്പിക്കാൻ അവർ തീരുമാനിച്ചു. എന്റെ പേരും അവർ ഞാനറിയാതെ രജിസ്റ്റർ ചെയ്തു. കുറച്ചുദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ കോംപറ്റീഷന്റെ തലേദിവസം ഇക്കാര്യം അശ്വിന്തും മകളും എന്നോട് പറഞ്ഞു. അതുകേട്ടതും ഞാൻ അങ്കലാപ്പിലായി. എനിക്കത് ചെയ്യാൻ പറ്റുമോ, ഇത്തരത്തിലുള്ള ഒരു മത്സരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല..., ഇത്രയും ആളുകളുടെ മുന്നിൽ വച്ച് ഞാനങ്ങനെ വെയിറ്റ് ലിഫ്റ്റ് ചെയ്യുമോ എന്നൊക്കെയുള്ള ചിന്ത എന്റെ മനസ്സിൽ കാടുകയറി. കുറെ ഞാൻ ആലോചിച്ചുകഴിഞ്ഞപ്പോൾ എവിടെ നിന്നോ എങ്ങനെയോ ഒരു കോൺഫിഡൻസ് എനിക്ക് വന്നതുപോലെ തോന്നുകയും ചെയ്തു. ഈ സമയത്തെല്ലാം എന്റെ കൗൺസിലിംഗ് തുടരുന്നുമുണ്ടായിരുന്നു.

ഒടുവിൽ ആ ദിവസം വന്നെത്തി. കോംപറ്റീഷൻ നടക്കുന്ന ദിവസം. ഞാൻ മത്സരത്തിൽ പങ്കെടുക്കാൻ പോയി. 50 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളുടെ കാറ്റഗറിയിൽ എന്നെ ഉൾപ്പെടുത്തി. മത്സരത്തിൽ ഞാൻ വിജയിച്ചു. ഫസ്റ്റ് ഗോൾഡൻ മെഡൽ എനിയ്ക്കായിരുന്നു. എനിക്ക് ആ യാഥാർത്ഥ്യം വിശ്വസിക്കാൻ പറ്റാത്ത ഒന്നായി മാറി. ഇക്കയുടെ ഒരു പ്രസൻസ് ആ സമയത്ത് എന്നിലുണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ വിജയി ആകുമായിരുന്നില്ലെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. തളർന്ന മനസ്സിൽ ജീവിച്ച ഞാൻ ആ വെയിറ്റ് ലിഫ്റ്റിൽ കരുത്താർജ്ജിച്ചത് എങ്ങനെയെന്ന് ആലോചിക്കുമ്പോൾ ഇന്നും എനിക്കത് മനസ്സിലാകുന്നില്ല.

- ഗദ്ഗദപ്പെട്ടുകൊണ്ട് സുബൈദ മജീദ് പറയുകയുണ്ടായി.

വെയിറ്റ് ലിഫ്റ്റിൽ ഫസ്റ്റ് പ്രൈസായി ഗോൾഡൻ മെഡൽ കിട്ടിയപ്പോൾ അംഗീകാരങ്ങളും അനുമോദനങ്ങളും ഒക്കെ ധാരാളം കിട്ടിയിരിക്കും അല്ലെ...?

അതെ. ധാരാളം. എന്നെ അറിയുന്നവർക്കെല്ലാം അത്ഭുതമായിരുന്നു. ഇത്രവേഗം ഇത് എനിക്ക് ചെയ്യാൻ സാധിച്ചതെങ്ങനെയെന്നായിരുന്നു പലരുടെയും ചോദ്യം. കാരണം ഞാൻ പ്രതിസന്ധികളുമായി മനസ്സ് തളർന്നുനിൽക്കുന്ന ഒരാൾ ആണെന്ന് ഇവിടെ ദുബായിൽ മിക്കവർക്കും അറിയാമായിരുന്നു. എന്നെ എന്റെ മക്കൾ ചേർത്തുനിർത്തി. അങ്ങനെ ചേർത്തുനിർത്താൻ ആളുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് എന്റെ ജീവിതം.

ഒന്നിടവിട്ട ദിവസങ്ങളിലാണ് ജിമ്മിൽ വർക്കൗട്ടിന് പോകുക. രാവിലെ ഒരു മണിക്കൂർ. ദുബായിൽ പോർട്ട് റഷീദെന്ന് പറയുന്ന സ്ഥലത്തുള്ള എബി ഫിറ്റ്‌നസ് എന്ന ജിംനേഷ്യത്തിലാണ് ഞാൻ പോകുന്നത്.- സുബൈദ റഷീദ് പറഞ്ഞു.

മൂത്തമകൾ മീനു എന്നുവിളിക്കുന്ന മെഹനാസ് ഉമ്മയെക്കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെ.

'ഞങ്ങളുടെ ഉമ്മ ഇപ്പോൾ വളരെ ആരോഗ്യവതിയായിരിക്കുന്നു. മനസ്സും ശാന്തമായിട്ടുണ്ട്. ഞങ്ങളിപ്പോൾ ഉമ്മയെ വിളിക്കുന്നത് ന്യൂജെൻ ഉമ്മയെന്നാണ്. ഞങ്ങളെന്നുപറഞ്ഞാൽ ഞങ്ങൾ മൂന്ന് മക്കൾ മാത്രമല്ല, എന്റെ ഹസ്ബന്റ് ജിഷിൽ, സഹോദരന്മാരുടെ ഭാര്യമാരായ ഷഹനാസും ലിയയും എല്ലാം. ആരുവിളിച്ചാലും ഉമ്മയും ആ വിളിയിൽ സന്തോഷിക്കുന്നു. കാരണം ഉമ്മയുടെ മക്കളും മരുമക്കളുമെല്ലാം ഉമ്മയ്ക്ക് ആത്മാർത്ഥമായ സ്‌നേഹം നൽകുന്നുണ്ട്.

ഉമ്മ ഞങ്ങൾക്ക് ഫ്രണ്ടിനെപ്പോലെയാണ്... സ്ഥാനം കൊണ്ട് അമ്മയാണെങ്കിലും. വാപ്പയും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളുടെ ഒരാഗ്രഹത്തിനും നോ പറയാത്ത, എന്തിനും എപ്പോഴും കൂടെ നിൽക്കുന്നവർ. പല പ്രതിസന്ധി ഘട്ടങ്ങളിലും തളർന്നുപോകുമ്പോൾ വാപ്പ എപ്പോഴും വളരെ പോസിറ്റീവായിട്ടുതന്നെയാണ് നിന്നിട്ടുള്ളത്. പെട്ടെന്നുള്ള വേർപാട് ഞങ്ങളെ എല്ലാവരെയും ഒന്നടങ്കം തളർത്തിയിരുന്നു.

ഉമ്മയുടെ ലോകം വാപ്പയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. ആകസ്മികമായ വേർപാടിൽ ഉമ്മ തളർന്നുപോയതും അതുകൊണ്ടാണ്. എന്തായാലും ഇപ്പോൾ ഞങ്ങൾക്ക് അൽപ്പം ആശ്വാസം തോന്നുന്നു.

ഉമ്മ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'യിലെ വരികൾ പോലെ ഉമ്മയുടെ വാപ്പയും ഉമ്മയുടെ ഭർത്താവും ഉമ്മയുടെ ആങ്ങളയും കൂട്ടുകാരനും ബോയ്ഫ്രണ്ടും എല്ലാം വാപ്പ തന്നെയാണെന്ന്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.