09:50pm 30 April 2026
NEWS
അവസരം വാ​ഗ്ദാനം ചെയ്ത് അടുത്തു, വിവാഹവാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തു; നടനെതിരെ യുവതിയുടെ പരാതി
06/05/2025  01:18 PM IST
nila
അവസരം വാ​ഗ്ദാനം ചെയ്ത് അടുത്തു, വിവാഹവാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തു; നടനെതിരെ യുവതിയുടെ പരാതി

നടൻ അജാസ് ഖാൻ വിവാഹവാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് നടൻ തന്നോട് അടുപ്പം സ്ഥാപിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത ചാർകോപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ വീട്ടിലെത്തിയാണ് ബലാത്സം​ഗം ചെയ്തത് എന്നാണ് യുവതിയുടെ പരാതി. റിയാലിറ്റി ഷോയിൽ അശ്ലീല ഉള്ളടക്കം അവതരിപ്പിച്ചതിന് അജാസ് ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ബലാത്സം​ഗ പരാതി ഉന്നയിച്ചിരിക്കുന്നത്. 

ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയുടെ വേഷമാണ് നടൻ വാ​ഗ്ദാനം ചെയ്തത് എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. അജാസ് ഖാൻ വിളിച്ചതനുസരിച്ചാണ് പരിപാടിക്കെത്തിയത്. ഷൂട്ടിംഗിനിടെ അജാസ് വിവാഹാഭ്യർത്ഥന നടത്തിയെന്നും യുവതി പറയുന്നു. പിന്നീട്  വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

ഹൗസ് അറസ്റ്റ് എന്ന പരിപാടിക്കിടയിൽ മത്സരാർത്ഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ അനുകരിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. .ഇതോടെ അജാസ് ഖാനും പരിപാടിക്കുമെതിരെ ബജ്റംഗ് ദൾ പ്രവർത്തകൻ മുംബയ് പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അജാസ് ഖാനും റിയാലിറ്റി ഷോയുടെ നിർമാതാവ് രാജ് കുമാർ പാണ്ഡെയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദത്തെ തുടർന്ന് അജാസ് ഖാൻ, ഷോ പ്രക്ഷേപണം ചെയ്ത ‘ഉല്ലു’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സിഇഒ വിദ്യ അഗർവാൾ എന്നിവർക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിട്ടുണ്ട്. മേയ് ഒമ്പതിനകം കമ്മിഷന് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശം.

വനിത മത്സരാർത്ഥികളോട് സെക്സ് പൊസിഷനുകൾ അഭിനയിക്കാൻ അജാസ് ഖാൻ പ്രേരിപ്പിക്കുന്ന വീഡിയോ ശകലങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നത്. വിഡിയോ വിവാദമായതോടെ അഡൽട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഉല്ലുവിൽ നിന്ന് റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ നീക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 11 മുതലാണ് ഇത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img