
വാട്സ്ആപ്പിൽ ഫോൺ നമ്പറിന്റെ സ്വകാര്യത ഉറപ്പാക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി പുതിയ ഫീച്ചർ എത്തുന്നു. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവിൽ യൂസർനെയിം സംവിധാനം ഉപയോഗിക്കുന്നവർക്കായിരിക്കും ഈ ഫീച്ചർ ലഭ്യമാകുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.1-ലാണ് പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകൾ കണ്ടെത്തിയത്. സെറ്റിങ്സിൽ ഫോൺ നമ്പറിന്റെ ദൃശ്യപരത നിയന്ത്രിക്കുന്നതിനായി പ്രത്യേക വിഭാഗം ഉൾപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ നമ്പർ മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ ആവശ്യാനുസരണം മാറ്റം വരുത്താം.
നാല് വ്യത്യസ്ത സ്വകാര്യതാ ഓപ്ഷനുകളാണ് ഇതിനായി ഒരുക്കുന്നത്. 'Everyone' തിരഞ്ഞെടുക്കുന്നതിലൂടെ എല്ലാവർക്കും ഫോൺ നമ്പർ കാണാനാകും. 'My Contacts' ഉപയോഗിച്ചാൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മാത്രമായിരിക്കും നമ്പർ ദൃശ്യമാകുക. 'My Contacts Except' വഴി തിരഞ്ഞെടുത്ത ചില കോൺടാക്ടുകളെ ഒഴിവാക്കാനും സാധിക്കും. 'Nobody' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് തങ്ങളുടെ ഫോൺ നമ്പർ മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കാനാകും.
യൂസർനെയിം ഉപയോഗിക്കുന്നവർക്കായി ഡിഫോൾട്ട് ക്രമീകരണം 'Nobody' ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, യൂസർനെയിം ഉപയോഗിച്ച് പുതിയതായി ഒരാൾ ബന്ധപ്പെടുമ്പോൾ ഉപയോക്താവിന്റെ ഫോൺ നമ്പർ സ്വമേധയാ വെളിപ്പെടില്ല. എന്നാൽ നേരത്തേ തന്നെ നമ്പർ അറിയാവുന്നവരിൽ നിന്ന് അത് മറയ്ക്കാൻ ഈ സംവിധാനം സഹായിക്കില്ല.
നിലവിൽ വികസനഘട്ടത്തിലുള്ള ഫീച്ചർ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്കുപോലും ലഭ്യമായിട്ടില്ല. എല്ലാ ഉപയോക്താക്കൾക്കുമായി ഇത് എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിലും വാട്സ്ആപ്പ് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.
യൂസർനെയിം സംവിധാനം കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫോൺ നമ്പറിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തൽ. ഫോൺ നമ്പർ പങ്കുവയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ സഹായിച്ചേക്കും.










