07:11pm 16 September 2026
NEWS
അറബിക്കടലിൽ നിന്നും സിഎംഎഫ്ആർഐയുടെ പേരിൽ പുതിയ ഈൽ മത്സ്യം
16/09/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അറബിക്കടലിൽ നിന്നും സിഎംഎഫ്ആർഐയുടെ പേരിൽ പുതിയ ഈൽ മത്സ്യം
HIGHLIGHTS

സിഎംഎഫ്ആർഐ അറബിക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഈൽ മത്സ്യമായ അരിയോസോമ സിഎംഎഫ്ആർഐയൻസെ

കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി സിഎംഎഫ്ആർഐയുടെ പേരിൽ അറയിപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആർഐ) ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിൽ് നിന്നാണ് മീനിനെ ലഭിച്ചത്. 

കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആർഐയുടെ 80ാം വാർഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആർഐയൻസെ എന്ന് നാമകരണം ചെയ്തു. 

ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവഷണ നേട്ടമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ആഴക്കടൽ മത്സ്യസമ്പത്തിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വിപുലപ്പെടുത്താനും അതുവഴി ജൈവവൈവിധ്യ സംരക്ഷണ പരിപാലന രീതികൾ മെച്ചപ്പെടുത്താനും സഹായിക്കും. 

മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകർഷണം. ഇതേ വർഗത്തിൽപെട്ട മറ്റ് ഈൽ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. 

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകൾ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായർ പറഞ്ഞു. 

പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം അന്താരാഷ്ട്ര ടാക്‌സോണമിക് ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.