
ദോഹ:ഖത്തറിൽ ഡിജിറ്റൽ വാണിജ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്നുക്കൊണ്ട് പുതിയ ഇ-കൊമേഴ്‌സ് ലൈസൻസ് സംവിധാനം നിലവിൽ വന്നു. വാണിജ്യ, വ്യവസായ മന്ത്രിയുടെ 2026-ലെ 25-ാം നമ്പർ തീരുമാനപ്രകാരമാണ് ഈ ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
നിശ്ചിത അനുമതികളുള്ള വാണിജ്യ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈനായി നടത്താൻ ഈ ലൈസൻസ് സഹായിക്കുന്നു. ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് സംരംഭകർക്ക് വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ അനുയോജ്യമായ മറ്റ് സ്ഥലങ്ങളിൽ നിന്നോ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുമായി ബന്ധപ്പെടാനും ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ വേഗത്തിൽ എത്തിക്കാനും ഇത് സംരംഭകർക്ക് അവസരമൊരുക്കുന്നു.
ഇലക്ട്രോണിക് വഴിയുള്ള ബിസിനസ്സുകൾക്ക് വ്യക്തമായ ഒരു നിയമപരമായ ചട്ടക്കൂട് നൽകിക്കൊണ്ട്, പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ വിൽപ്പന, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭകർക്ക് ഈ പുതിയ ലൈസൻസ് ഏറെ പ്രയോജനപ്പെടും.










