12:41pm 13 November 2026
NEWS
ഇന്ത്യ–ഖത്തർ സാംസ്കാരിക ബന്ധങ്ങൾക്ക് പുതുവഴി തുറന്ന് ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ
10/01/2026  11:46 AM IST
nila
ഇന്ത്യ–ഖത്തർ സാംസ്കാരിക ബന്ധങ്ങൾക്ക് പുതുവഴി തുറന്ന് ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ

ന്യൂഡൽഹി/ദോഹ:   ജനുവരി 10 മുതൽ 18 വരെനടക്കുന്നന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ
ഗസ്റ്റ് ഓഫ് ഓണർ എന്ന നിലയിൽ ഖത്തർ പങ്കെടുക്കുന്നത് ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാംസ്കാരിക സംവാദവും വിജ്ഞാന കൈമാറ്റവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ഖത്തർ അംബാസഡർ  മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബർ വ്യക്തമാക്കി.
പുസ്തകമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷം ഖത്തറിന്റെ പങ്കാളിത്തം സംഘടിപ്പിച്ചിരിക്കുന്നതെന്നും, പൗരാണികമായ വിജ്ഞാനപരമ്പരകളും പഠന സംസ്കാരങ്ങളും ഉള്ള ഇന്ത്യയുമായുള്ള ബൗദ്ധിക–സാംസ്കാരിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ പ്രാധാന്യമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
35-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കുന്ന പുസ്തകമേള, ആഗോള തലത്തിൽ ശ്രദ്ധേയമായ ഒരു വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കാരങ്ങൾ തമ്മിൽ പാലങ്ങൾ പണിയുക, തുറന്ന സമീപനം പ്രോത്സാഹിപ്പിക്കുക, പ്രസാധനം, വിവർത്തനം, വിജ്ഞാന നിർമ്മാണം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഖത്തർ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിനിധി സംഘവും പങ്കെടുത്തു. ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ ഉൾപ്പെടെയുള്ളവർ പ്രദർശനത്തിന്റെ മുഖ്യ സവിശേഷതകളും അനുബന്ധ സാംസ്കാരിക–ബൗദ്ധിക പരിപാടികളും വിശദീകരിച്ചു.പ്രമുഖ അന്താരാഷ്ട്ര സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിനെ ഗസ്റ്റ് ഓഫ് ഓണറായി തെരഞ്ഞെടുത്തതെന്ന് അൽ ബുഐനൈൻ പറഞ്ഞു. പാനൽ ചർച്ചകൾ, വിവർത്തന–പ്രസാധന അവകാശ സമ്മേളനങ്ങൾ, ഖത്തറിലെ പ്രസാധന സ്ഥാപനങ്ങളുടെ അവതരണം എന്നിവ പരിപാടിയിൽ ഉൾപ്പെടും.
ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഖത്തറി പുസ്തകങ്ങളുടെ അവതരണവും, ഖത്തർ നാടൻ കലാ സംഘങ്ങളുടെ പ്രകടനങ്ങളും ഉൾപ്പെടുന്ന സമഗ്ര സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ യുവരാജ് മാലിക്, ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴമേറിയ സാംസ്കാരിക ബന്ധങ്ങളുടെ പ്രതിഫലനമായാണ് ഖത്തറിന്റെ പങ്കാളിത്തത്തെ വിശേഷിപ്പിച്ചത്. ആയിരത്തിലധികം പ്രസാധകരും 3,000-ത്തിലധികം സ്റ്റാളുകളും 600-ലധികം സാംസ്കാരിക–ബൗദ്ധിക പരിപാടികളും ഈ വർഷത്തെ പുസ്തകമേളയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img