
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 29 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെടാനും തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 28, 29 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.











