
കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒയ്ക്കെതിരെ തുണി തട്ടിയെടുത്തെന്ന പരാതിയുമായി എറണാകുളം സ്വദേശി. എറണാകുളം ആർടിഒ ആയിരുന്ന ജെർസൺ ടിഎം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെയാണ് പരാതി. കൈക്കൂലി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജെർസണെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു എന്ന പരാതിയുമായി എറണാകുളം സ്വദേശി അൽ അമീൻ രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ജെർസൺ ടിഎം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു എന്നാണ് അൽ അമീന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സെൻട്രൽ സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അൽ അമീൻ കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ജെർസനും ഭാര്യക്കുമെതിരെ കേസ്സ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ചഒ ആണ് കോടതി നിർദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത്.











