
ദോഹ: ഖത്തർ നഗരസഭ മന്ത്രാലയം (Ministry of Municipality) പ്രഖ്യാപിച്ച പുതിയ വാസ്തുവിദ്യാ-നിർമാണ നിബന്ധനകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സ്വദേശികളായ പൗരന്മാരുടെ വൻ തിരക്ക്. തങ്ങളുടെ വീടുകളുടെ നിർമാണ പ്ലാനുകളിൽ (Building Plans) ഭേദഗതി വരുത്തുന്നതിനായി മന്ത്രാലയത്തെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നഗരസഭ മന്ത്രാലയത്തിലെ അർബൻ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജുമാ സബാഹ് മർസൂഖ് അറിയിച്ചു. അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പാർപ്പിട അന്തരീക്ഷം വികസിപ്പിക്കുന്നതിനും കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടാണ് നിർമാണ നിബന്ധനകളിൽ മന്ത്രാലയം പുതിയ മാറ്റങ്ങൾ വരുത്തിയത്. ഈ ഭേദഗതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റികളിലെയും കൺസൾട്ടിംഗ് ഓഫീസുകളിലെയും ഉദ്യോഗസ്ഥർക്കായി മന്ത്രാലയം പ്രത്യേക പരിശീലന ശിൽപ്പശാലകൾ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയമങ്ങളെക്കുറിച്ച് എല്ലാവരിലും ഒരേപോലെ വ്യക്തത വരുത്താനും പൗരന്മാർക്കും ഡെവലപ്പർമാർക്കും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും ഈ ശിൽപ്പശാലകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഐ (AI) സാങ്കേതികവിദ്യ വഴി വേഗത്തിൽ പെർമിറ്റ്:
പുതിയ പരിഷ്കരണങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് സംവിധാനവുമായി (Building permit system) ബന്ധിപ്പിക്കും. സാങ്കേതികവും വാസ്തുവിദ്യാപരവുമായ നിബന്ധനകൾ സ്വയമേവയും കൃത്യമായും പരിശോധിക്കാൻ ഈ സ്മാർട്ട് സംവിധാനത്തിന് സാധിക്കും. ഇത് പെർമിറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അപേക്ഷകൾ പരിശോധിക്കുന്നതിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.പുതിയ ഭേദഗതികളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, പുതിയതോ നിലവിലുള്ളതോ ആയ വീടുകളോട് ചേർന്ന് രണ്ട് നിലകളുള്ള അനുബന്ധ കെട്ടിടങ്ങൾ (Residential extensions) നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നതാണ്. കഴിഞ്ഞ കുറച്ചുകാലമായി പൗരന്മാരിൽ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളും നിർദ്ദേശങ്ങളും മാനിച്ചാണ് മന്ത്രാലയം ഈ ചരിത്രപരമായ തീരുമാനമെടുത്തതെന്നും ജുമാ സബാഹ് മർസൂഖ് കൂട്ടിച്ചേർത്തു.










