
കണ്ണൂർ: സിപിഎമ്മിന്റെ ശുദ്ധീകരണ നടപടികളും തെറ്റുതിരുത്തലും ചർച്ചയാകുന്നതിനിടെ കണ്ണൂരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി മറ്റൊരു സാമ്പത്തിക ആരോപണം. ഇരിട്ടിയിൽ കോളജ് സ്ഥാപിക്കുന്നതിനായി സിപിഎം നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപ് നടത്തിയ ധനസമാഹരണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടും കോളജ് യാഥാർഥ്യമായില്ലെന്നും പിരിച്ച പണത്തിന്റെ കണക്കുകൾ വ്യക്തമല്ലെന്നുമാണ് ആരോപണം.
ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ബദലായി ഇരിട്ടിയിൽ കോളജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ഇതിനായി പാർട്ടിയുടെ സംഘടനാ സംവിധാനമുപയോഗിച്ച് വ്യാപകമായി പണം പിരിച്ചതായാണ് വിവരം. സാധാരണക്കാരും സാമ്പത്തികമായി ശേഷിയുള്ളവരുമടക്കം നിരവധി പേർ പദ്ധതിയിൽ പങ്കാളികളായി.
2015ൽ നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റി എന്ന പേരിൽ ഇരിട്ടി ആസ്ഥാനമായി ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ട്രസ്റ്റ് രൂപീകരണം. പിന്നീട് ‘എജ്യുകെയർ അക്കാദമി’ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
2017 മാർച്ച് 18ന് ഇരിട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഇതോടൊപ്പം ഷെയർ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഇരിട്ടി ടൗണിൽ കോളജിനായി സ്ഥലം കണ്ടെത്തിയെന്നും അതിനായി അഡ്വാൻസ് നൽകിയെന്നുമായിരുന്നു അന്ന് അറിയിച്ചത്.
എന്നാൽ പത്ത് വർഷത്തോളം പിന്നിട്ടിട്ടും കോളജ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. സ്ഥാപനത്തിനായി ഭൂമി വാങ്ങിയതായും വ്യക്തമായ വിവരമില്ല. അതേസമയം പദ്ധതിക്കായി പിരിച്ചെടുത്ത തുകയുടെ കണക്കുകളും പുറത്തുവന്നിട്ടില്ലെന്നാണ് ആരോപണം.
1000 രൂപ മുതൽ ഒരു ലക്ഷം വരെ ഷെയർ
പദ്ധതിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി ഷെയറുകൾ അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ എ ക്ലാസ് ഷെയറും 50,000 രൂപയുടെ ബി ക്ലാസ് ഷെയറും ഉൾപ്പെടെ 25,000, 10,000, 1000 രൂപയുടെ ഷെയറുകളും ചേർത്തിരുന്നു. 10,000 പേരിലധികം അംഗങ്ങളെ പദ്ധതിയിൽ ചേർത്തതായാണ് വിവരം.
ഇത്രയധികം പേരിൽനിന്ന് പണം സ്വീകരിച്ചിട്ടും തുക എവിടെ വിനിയോഗിച്ചുവെന്നതിൽ വ്യക്തതയില്ലെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. കോളജ് സ്ഥാപിക്കാൻ ആവശ്യമായ ഭൂമി ട്രസ്റ്റിന്റെ കൈവശമുണ്ടോ, പിരിച്ചെടുത്ത പണത്തിന്റെ നിലവിലെ സ്ഥിതി എന്താണ്, കോളജ് എന്ന് പ്രവർത്തനം ആരംഭിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതി നേരത്തെ തന്നെ സിപിഎം ജില്ലാ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. തുടർന്ന് രണ്ടംഗ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് വിവരം. കഴിഞ്ഞ ഏരിയ സമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിനും ഹലാൽ ഫായിദ പലിശരഹിത സ്ഥാപനവുമായി ബന്ധപ്പെട്ട വീഴ്ചകൾക്കും കണ്ണൂർ തെക്കീബസാറിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലെ സാമ്പത്തിക ആരോപണങ്ങൾക്കും പിന്നാലെയാണ് ഇരിട്ടിയിലെ കോളജ് പദ്ധതിയും സിപിഎമ്മിനെതിരെ പുതിയ ചോദ്യങ്ങളുയർത്തുന്നത്.










