
ദോഹ: ഹരിത പ്രദേശങ്ങൾ വിപുലീകരിക്കുന്നതിനും സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമായി അൽ റയ്യാനിൽ നിർമ്മിച്ച പുതിയ 'അൽ വജ്ബ പാർക്ക്' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് സർവീസസ് അഫയേഴ്സ് സെക്ടറിന് കീഴിലുള്ള പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്മെന്റും അഷ്ഗാലും (പൊതുമരാമത്ത് അതോറിറ്റി) ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
മന്ത്രാലയത്തിന്റെ 2024-2030 തന്ത്രപരമായ ലക്ഷ്യങ്ങൾക്കും ഖത്തർ നാഷണൽ വിഷൻ 2030-നും അനുസൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികൾക്കും സന്ദർശകർക്കും മികച്ച കായിക-വിനോദ സൗകര്യങ്ങൾ ഒരുക്കുക, നഗര ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുസേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് പുതിയ പാർക്കെന്ന് പബ്ലിക് സർവീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. അബ്ദുള്ള അഹമ്മദ് അൽ കർറാനി പറഞ്ഞു. പരിസ്ഥിതി, വിനോദം, കായികം എന്നിവ ഏകോപിപ്പിച്ചാണ് പാർക്കിന്റെ രൂപകൽപ്പനയെന്ന് പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ വ്യക്തമാക്കി.









