
കൊച്ചി: നാവികസേനയ്ക്ക് അഗ്നിച്ചിറകിൻ്റെ കരുത്തേകി പുതിയ എയർ സ്ക്വാഡ്രൺ. എം.എച്ച് 60 ആർ ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട 'ഐ.എൻ.എ.എസ് 335 ഒസ്പ്രിയസ്' എന്ന എയർ സ്ക്വ ഡ്രൺ ഗോവയിലെ ഇന്ത്യൻ നേവൽ സ്റ്റേഷൻ ഹൻസായിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ചെയ്തു.
2024 മാർച്ചിൽ കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് എം.എച്ച് 60 ആർ നേവൽ എയർ സ്ക്വാഡ്രൺ കമ്മീഷൻ ചെയ്ത ശേഷമുള്ള ഏറ്റവും സുപ്രധാനമായ എയർ സ്ക്വാഡ്രനാണിത്. രാത്രിയും പകലും ഏത് കാലാവസ്ഥയിലും പ്രവർത്തനസജ്ജമാകാൻ ശേഷിയുള്ള എം.എച്ച്. 60 ആർ ഹെലികോപ്റ്ററുകൾക്ക് ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ സാധിക്കും.
സെർച്ച് ആൻഡ് റെസ്ക്യു ,വെർട്ടിക്കൽ റിപ്ലെനിഷ്മെൻ്റ്, അത്യാഹിത മേഖലകളിൽ നിന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പശ്ചിമനേവൽ കമാൻഡിൻ്റെ കീഴിലാണ് പ്രവർത്തനം.
ഗോവയിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുത്തു. കമാൻഡിംഗ് ഓഫീസർ ധീരേന്ദ്രർ ബിഷ്ട് കമ്മീഷനിംഗ് വാറണ്ട് വായിച്ചു. തുടർന്ന് പശ്ചിമ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ്റെ സാന്നിധ്യത്തിൽ നാവിക സേനാ മേധാവി പുതിയ സ്ക്വാഡ്രൻ്റെ ഫലകം അനാച്ഛാദനം ചെയ്തു. പരമ്പരാഗതമായ രീതിയിൽ ജല സല്യൂട്ടും അർപ്പിച്ചു.
Photo Courtesy - Google







