
യു.എസ്.ഗവൺമെന്റിനുവേണ്ടി പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കാൻ കരാർ ലഭിച്ചു എന്ന വ്യാജേന ആയിരം കോടിയുടെ തട്ടിപ്പുനടത്തിയവർ ഇപ്പോൾ സ്വയം പ്രതിരോധിക്കാൻ നെട്ടോട്ടമോടുന്നു
ശാസ്ത്രം വികസിക്കുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ ജീവിതരീതിയും മാറും എന്നുള്ളത് ഒരു സാമാന്യതത്വമാണ്. അവന്റെ ചിന്തയിലും പ്രവർത്തിയിലുമെല്ലാം ആ മാറ്റം പ്രതിഫലിക്കുകയും ചെയ്യും. നല്ല കാര്യങ്ങളിലും നല്ലതല്ലാത്ത കാര്യങ്ങളിലും അതുണ്ടാകും. നാട്ടിൻപുറത്തെ തേങ്ങാമോഷണത്തിൽ നിന്ന് എ.ടി.എം കവർച്ചയിലേയ്ക്കും, അവിടെ നിന്ന് ഭഗവാന്റെ ശ്രീകോവിലിനേയും ദ്വാരപാലകശിൽപ്പങ്ങളേയുമൊക്കെപ്പൊതിഞ്ഞ സ്വർണ്ണപ്പാളികൾ അപ്പാടെ അടിച്ചുമാറ്റുന്നതിലേക്കുമൊക്കെ മനുഷ്യൻ വളർന്നു കയറിയത് ശാസ്ത്രത്തിന്റെ വളർച്ചയുടെയും, ആ വളർച്ച അവന്റെ ജീവിത സാഹചര്യങ്ങളിലും ആവശ്യങ്ങളിലും വരുത്തിയ മാറ്റത്തിന്റേയുമൊക്കെ പ്രതിഫലനമായി വേണം കാണുവാൻ. ആട്... തേക്ക്.. മാഞ്ചിയത്തിൽ നിന്നും ഇൻഡോ- യു.എസ് പ്രതിരോധായുധ നിർമ്മാണക്കരാർ വരെ തട്ടിപ്പിന് വിഷയമാകുന്നതും അതുകൊണ്ടാണ്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ സത്യമാണ്. അടുത്തകാലത്ത്, മുഖ്യമായും കേരളം കേന്ദ്രീകരിച്ചുനടന്ന ഒരു ഭീകര തട്ടിപ്പ് അതാണ് തെളിയിക്കുന്നത്. ഒന്നും രണ്ടും ലക്ഷമോ കോടികളോ ഒന്നുമല്ല, 50 ട്രില്യൺ യു.എസ്. ഡോളറിന്റെ, ഇല്ലാത്ത ഒരു ആയുധക്കരാറിന്റെ പേരുപറഞ്ഞാണ് വിപിവിവി എന്ന കമ്പനിയുടെ പേരിൽ ആയിരം കോടിക്കുമേൽ രൂപയുടെ അതിവിദഗ്ദ്ധമായ തട്ടിപ്പ് അരങ്ങേറിയത്.
ഒരു ട്രില്യൻ എന്നുപറഞ്ഞാൽ 1 നുശേഷം പന്ത്രണ്ട് പൂജ്യം ചേരുന്ന അത്രയും വലിയ സംഖ്യയാണെന്നുകൂടി അറിഞ്ഞാലേ തട്ടിപ്പിന്റെ വ്യാപ്തി എത്രയാണെന്ന് മനസ്സിലാവുകയുള്ളൂ. അത്രയും വലിയൊരു സംഖ്യയുടെ വിദേശക്കരാർ ലഭിച്ച ഒരു ഇൻഡ്യൻ കമ്പനിയിൽ പണം മുടക്കാൻ ആളുകൾ തയ്യാറായെങ്കിൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും. അതും, കമ്പനിയുടെ കരാർ രേഖകളിലും മറ്റും നമ്മുടെ പ്രധാനമന്ത്രിയും പ്രസിഡന്റും, യു.എസ് പ്രതിരോധ മേലധികാരികളും ഒക്കെ സീലും ഒപ്പുമെല്ലാം വച്ചിട്ടുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അർദ്ധസഹോദരനെന്ന് പ്രചരിപ്പിക്കപ്പെട്ട ഇൻഡ്യാക്കാരൻ തനുഷ്പാണ്ഡെയും(ഡോക്ടർ സാബ്), നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളം ഭരിച്ചിരുന്ന പാണ്ഡ്യരാജവംശത്തിലെ കിരീടാവകാശി എന്ന് സ്വയം പ്രഖ്യാപിച്ച കൊല്ലത്തുകാരൻ വെങ്കിട്ട് വെങ്കിടും എം.ഡിയും ചെയർമാനുമായി അവതാരമെടുത്തുനടത്തിയ തട്ടിപ്പുനാടകത്തിന്റെ സത്യാവസ്ഥ വെളിപ്പെടുമ്പോൾ കേരളത്തെ ലോക ഐ.ടി ഹബ്ബാക്കുവാനും, രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കുവാനും, ഇൻഡ്യയിലേക്ക് വിദേശനാണ്യകുത്തൊഴുക്കുണ്ടാക്കുവാനുമൊക്കെ ലക്ഷ്യമിട്ട്, യു.എസ് ഗവൺമെന്റിനുവേണ്ടി പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കുവാൻ 'കരാർ ഏറ്റെടുത്ത' വിപിവിവി കമ്പനിയുടെ നടത്തുപടിക്കാരിപ്പോൾ പക്ഷെ സ്വയം പ്രതിരോധത്തിനുള്ള മാർഗ്ഗം തേടി നെട്ടോട്ടമോടുകയാണ്. കാരണം ഇല്ലാത്ത കരാറിന്റെ പേരുപറഞ്ഞ്, വ്യാജരേഖകൾ കാട്ടി ആയിരം കോടി രൂപക്കുമേൽ വരുന്ന തട്ടിപ്പാണ് വിപിവിവി ബുദ്ധിരാക്ഷസന്മാർ നടത്തിയിരിക്കുന്നത്. പ്രതിരോധായുധ നിർമ്മാണ കമ്പനിയിൽ പങ്കാളികളാക്കാമെന്നും, അതുവഴി ഭീമമായ ലാഭം കൊയ്യാമെന്നുമൊക്കെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നൽകി നടത്തിയ തട്ടിപ്പിന്റെ കൂടുതൽ കൂടുതൽ വിവരങ്ങൾ ദിവസങ്ങൾ ചെല്ലുംതോറും പുറത്തുവരുമ്പോൾ അമ്പരപ്പോടെ മൂക്കത്ത് വിരൽ വച്ചിരിക്കാനേ കഴിയൂ. അത്ര വലിയ തട്ടിപ്പാണ് ഇവർ നടത്തിയിട്ടുള്ളത്. മാനഭയത്താലും കൊടുത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാത്തതിനാലുമൊക്കെ പലരും പിന്തിരിഞ്ഞപ്പോൾ രണ്ടും കൽപ്പിച്ചു മുന്നോട്ടുകാൽവച്ച ചിലരാണ്, കേട്ടുകേൾവി പോലുമില്ലാത്ത ഇങ്ങനൊരു തട്ടിപ്പിന്റെ കഥ പുറത്തുകൊണ്ടുവന്നത്.
യു.എസ്. പ്രതിരോധ വകുപ്പിനുവേണ്ടി അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുവാൻ കരാർ ലഭിച്ചു എന്നുപറയുന്ന വിപിവിവി എന്ന കമ്പനിയുടെ പേരിലാണ് രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത അതിനൂതനമായ തട്ടിപ്പ് അരങ്ങേറിയത്. രാജ്യ തലസ്ഥാനമായ ദൽഹിയിൽ, ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഓഫീസും പ്രവർത്തിപ്പിച്ചു. ഇൻഡ്യൻ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടെയും, യു.എസ് സൈനിക മേലധികാരികളുടെയുമൊക്കെ ഫോട്ടോയും പേരും ഒപ്പുമൊക്കെ യഥേഷ്ടം ഉപയോഗിച്ചുനടത്തിയ തട്ടിപ്പിന് നേതൃത്വം നൽകിയത് 'ഡോക്ടർ സാബ്' എന്നുവിളിക്കുന്ന തനുഷ്പാണ്ഡെ ആണെങ്കിലും മുഖ്യസൂത്രധാരൻ കൊല്ലം ഹൈസ്‌ക്കൂൾ ജംഗ്ഷൻ സ്വദേശി വെങ്കിട്ട് വെങ്കിട് എന്ന ഒരു വ്യക്തിയാണ്. വർക്കല പാലച്ചിറ ജി.എസ്. പിള്ള, ചിറക്കരത്താഴം സ്വദേശി പ്രദീപ് കുമാർ, കോഴിക്കോട് ചെലവൂർ സ്വദേശി സുമിത സുധാകരൻ തുടങ്ങിയുള്ളവർ സഹതട്ടിപ്പുകാരും. കാഴ്ചയിൽ വിദേശ സായിപ്പൻമാരെപ്പോലെ തോന്നിപ്പിക്കുന്ന തനുഷ്പാണ്ഡെയുടെ രൂപഭാവവും വെങ്കിട്ട് വെങ്കിടിന്റെ കുടിലകുശാഗ്രബുദ്ധിയും ആണ്, ഈ വമ്പൻ പ്രോജക്ടിനോട് സാമ്പത്തികമായി സഹകരിക്കുവാൻ പലരേയും പ്രേരിപ്പിച്ച പ്രധാന ഘടകം.
ഡോക്ടർ സാബ് യു.എസ് പൗരനാണെന്നും, അതേസമയം അയാൾക്ക് ഇസ്രയേലി പൗരത്വമുണ്ടെന്നുമാണ് വെങ്കിട്ട വെങ്കിടും മറ്റും നിക്ഷേപകരോട് പറഞ്ഞത്. പ്രത്യേക വേഷവിധാനത്തോടെ വല്ലപ്പോഴും മാത്രം നിക്ഷേപകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഇയാൾ ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അർദ്ധസഹോദരനാണെന്നുമൊക്കെ പറഞ്ഞപ്പോൾ, തങ്ങൾക്കാർക്കും അതിൽ സംശയം തോന്നിയിരുന്നില്ല എന്നാണ് തട്ടിപ്പിന് വിധേയനായ കൊല്ലം കിളികൊല്ലൂർ സ്വദേശി ശ്രീറാം പറയുന്നത്. ഇത്രയും വലിയൊരു പ്രോജക്ടിന്റെ തലവനായിരിക്കുമ്പോഴും ഡോക്ടർ സാബിന് യാതൊരുവിധ സെക്യൂരിറ്റിയും ഇല്ലത്രെ. പക്ഷേ അയാൾ ആർക്കും ഹസ്തദാനം നടത്താറില്ല. എന്തിന് ആരെയും തൊടുകപോലും ചെയ്യില്ല. ഒരു കോഫി കുടിച്ചാൽ ആ കപ്പും, പേപ്പറിലെങ്ങാനും തൊട്ടാൽ ആ പേപ്പറും, പോകുമ്പോൾ കൂടെ കൊണ്ടുപോകുന്ന സ്വഭാവക്കാരനുമാണ്.
അയാൾ വഴിയാണത്രേ വിപിവിവിക്ക് ഇതുപോലൊരു കരാർ ലഭിച്ചത്. നെതന്യാഹുവിന്റെ അർദ്ധസഹോദരൻ എന്ന പരിഗണനയും അതിന് പിന്നിലുണ്ട്. കാരണം യു.എസും ഇസ്രയേലും തമ്മിൽ അത്ര വലിയ ചങ്ങാത്തത്തിലാണല്ലോ. സാധാരണ നിലയിൽ തങ്ങളുടെ സേനയ്ക്കാവശ്യമായ പ്രതിരോധായുധങ്ങൾ നിർമ്മിക്കുവാനുള്ള കരാർ യു.എസ് ഗവൺമെന്റ് ആ രാജ്യത്തിന് പുറത്ത് ഒരു സ്വകാര്യകമ്പനിക്ക് നൽകാറില്ല. എന്നിട്ടും ഇൻഡ്യൻ കമ്പനിയായ വിപിവിവിക്ക് ലഭിച്ചത് ഡോക്ടർ സാബിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്നാണെന്നാണ് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതുമാത്രമല്ല ഇൻഡ്യയിൽ ഇതുപോലുള്ള തന്ത്രപ്രധാനമായ പ്രോജക്ടുകൾക്കാവശ്യമുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ ധാരാളമുണ്ടെന്നുള്ളതും കാരണമായി ചൂണ്ടിക്കാട്ടി.
അംബാനി- അദാനിമാരെപ്പോലെ എത്ര വലിയ പ്രോജക്റ്റും ഏറ്റെടുക്കുവാൻ കഴിവുള്ള കുത്തകഭീമൻമാർ ഒഴിവാക്കപ്പെട്ടതിനും ന്യായമുണ്ടായിരുന്നു ഡോക്ടർ സാബിന്. അവർക്ക് കരാർ കൊടുത്താൽ അത് കോർപ്പറേറ്റ് ലവലിലേക്ക് പോകും. അതുണ്ടാകാതെ സാധാരണക്കാരിലേക്കെത്തുവാൻ വേണ്ടിയാണ് ഇൻഡ്യാ ഗവൺമെന്റിന്റെ താൽപ്പര്യം കൂടി കണക്കിലെടുത്ത് വിപിവിവിയെ കരാർ ഏൽപ്പിച്ചത്.
അങ്ങനെ ഇൻഡ്യയിലെ ഒരു കമ്പനിക്കും ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്രയും വലിയ, അതീവതന്ത്രപ്രധാനമായ, യു.എസ് പ്രതിരോധ വിഭാഗത്തിന് ആയുധങ്ങൾ നിർമ്മിക്കുവാനുള്ള കരാർ ബഞ്ചമിൻ നെതന്യാഹുവിന്റെ അർദ്ധസഹോദരൻ വഴി നേടിയെടുത്ത വിപിവിവി എന്ന ഇൻഡ്യൻ കമ്പനിയുടെ, ഡോക്ടർ സാബിന് തൊട്ടുതാഴെയുള്ള അധികാരി വെങ്കിട്ട് വെങ്കിട് പാണ്ഡ്യരാജവംശത്തിന്റെ ഇപ്പോഴത്തെ കിരീടാവകാശിയാണെന്നാണ് പറയുന്നത്. അതേസമയം, നാട്ടിൽ നേരാംവിധം ലോജിസ്റ്റിക് ബിസിനസ് നടത്തിക്കൊണ്ടിരിക്കെ ഒരു സുഹൃത്ത് വഴി ഈ തട്ടിപ്പ് സംഘവുമായി ബന്ധപ്പെടേണ്ടി വന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ശ്രീറാമിന്റെ അറിവിൽ ഇയാൾ കൊല്ലത്ത് കഴ്‌സൺ റോഡ് സ്വദേശിയാണ്. പത്തുവർഷം മുൻപുവരെ കംപ്യൂട്ടർ പാർട്‌സിന്റെ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഒരു സുപ്രഭാതത്തിൽ നിന്നനിൽപ്പിൽ നാട്ടിൽ നിന്നും പോയ ഇയാൾ പിന്നീട് വിപിവിവി കമ്പനിയുടെ ചെയർമാനായിട്ടാണ് തിരിച്ചുവന്നത്.
അങ്ങനിരിക്കുമ്പോൾ പൊടുന്നനെ ഡോക്ടർ സാബ് പ്രത്യക്ഷപ്പെടുമെങ്കിലും കാര്യങ്ങളൊക്കെ തന്മയത്വമായി കൈകാര്യം ചെയ്തിരുന്നത് വെങ്കിട് ആണ്. വിനോദിനേയും പ്രദീപിനേയും ബാബുരാജിനെയും രാജശേഖരനേയുമൊക്കെപ്പോലുള്ളവർ കേരളത്തിനകത്തും പുറത്തും നിന്ന് വലവീശിക്കൊണ്ടുവരുന്നവരെ 'ഡിപ്ലോമാറ്റു'മായുള്ള(ഡോക്ടർ സാബ്) കൂടിക്കാഴ്ചയ്ക്കുശേഷം കോടികൾ മുടക്കാൻ തക്കവിധം പരുവപ്പെടുത്തി എടുക്കുന്നത് വെങ്കിട് ആണ്. ശ്രീറാമിനെ അഭിമുഖം നടത്തിയതും വിപിവിവിയുടെ ലോജിസ്റ്റിക് ഹെഡ് ആയി നിയമിച്ചതും വെങ്കിട് തന്നെയാണ്. തിരുവനന്തപുരത്തുനിന്നുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുത്ത് ദൽഹിയിലേക്ക് വിളിപ്പിച്ച ശ്രീറാമിനെ എയർപോർട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയി ഫൈവ് സ്റ്റാർ ഹോട്ടലിലാണ് താമസിപ്പിച്ചത്. കുറേക്കഴിഞ്ഞ് 'ഡിപ്ലോമാറ്റി'നെ കാണാൻ കൊണ്ടുപോയി. ഇരിപ്പിടത്തിന്റെ ഇരുവശത്തും അമേരിക്കയുടേയും ഇൻഡ്യയുടേയും ഫ്‌ളാഗ് വച്ച്, അതനുസരിച്ചുള്ള ഒരു യൂണിഫോം ധരിച്ച വ്യക്തി. സ്വന്തം പേരുപറയുകയോ, ഹസ്തദാനം നടത്തുകയോ ഒന്നും ചെയ്യാത്ത ഡിപ്ലോമാറ്റ് (ഇയാൾ തന്നെയാണ് ഡോക്ടർ സാബ്), ലോകത്തുള്ള മിക്കവാറും ലോജിസ്റ്റിക്‌സുകളെപ്പറ്റിയൊക്കെ സംസാരിച്ചു. 'നൂറ്റിഎഴുപതുരാജ്യങ്ങൾ ഒരുമിച്ച് കൈകോർക്കുന്ന ഒരു പ്രോജക്ടാണിത്. ഇൻഡ്യയിലാണ് ചെയ്യുന്നത്. ഇതൊരു മിഷൻ ആണ്. 50 ട്രില്യൺ ഡോളറിന്റെ മിഷൻ. ഈ മിഷന്റെ ഭാഗമായി ഇൻഡ്യയിൽ ചെറുകിട ന്യൂക്ലിയർ പവർ സ്‌റ്റേഷനുകൾ ഉണ്ടാകും. പിന്നെ എവിടെയുമുള്ള എല്ലാ ടെക്‌നോളജികളും ഇൻഡ്യയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. ഉദാഹരണത്തിന് റാഫേൽ യുദ്ധ വിമാനങ്ങളുണ്ടാക്കുന്നു. അതുപോലെ ബോയിംഗ്‌വിമാനങ്ങൾ.. എന്നുവേണ്ട, എല്ലാ കമ്പനികളും അവരുടെ എല്ലാ ടെക്‌നോളജികളും ഇൻഡ്യയിലേക്ക് ട്രാൻസ്ഫർ ചെയ്യും.'
അങ്ങനൊക്കെ പറയുകമാത്രമല്ല, ഇൻഡ്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി, യു.എസ്. പ്രതിരോധ വിഭാഗം മേധാവി എന്നിവർ ഒപ്പിട്ട രേഖകളും അയാൾ കാണിച്ചു എന്നാണ് ശ്രീറാം പറയുന്നത്. എല്ലാം കഴിഞ്ഞ് ശ്രീറാം ഓക്കെ പറഞ്ഞപ്പോൾ വെങ്കിട്ട് ആവശ്യപ്പെട്ടത് 5 കോടിരൂപയുടെ ഡെപ്പോസിറ്റ് ആയിരുന്നു. അത്രയുമൊന്നും കൊടുത്തില്ലെങ്കിലും 25 ലക്ഷം രൂപ കൊടുത്തു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ മൂന്ന് മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് പോകണമെന്നും, അവിടെ പെന്റഗണാണ് നിങ്ങൾക്ക് ട്രെയിനിംഗ് നൽകുന്നതെന്നും വെങ്കിട് പറഞ്ഞപ്പോൾ അതുവരെ കാണിച്ച ആധികാരിക രേഖകളുടെയും മറ്റും അടിസ്ഥാനത്തിൽ അവിശ്വസിക്കേണ്ടി വന്നില്ല എന്നും ശ്രീറാം പറയുന്നു.
10,000 ഏക്കർ 43,000 കോടി
തങ്ങളുടെ തട്ടിപ്പുപരിപാടികൾക്ക് വിശ്വാസ്യത കൂട്ടുവാനായി തമിഴ്‌നാട്ടിലും നാഗ്പൂരിലുമൊക്കെയായി പലയിടങ്ങളിലും ഭൂമിപൂജ നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്, പുതിയ ഇരകൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നത് കമ്പനിയുടെ ഏറ്റവും വലിയ തന്ത്രമായിരുന്നു. തമിഴ്‌നാട്ടിൽ തൂത്തുക്കുടിക്ക് സമീപം സാത്താൻകുളം എന്ന സ്ഥലത്ത് നടന്ന ഒരു ഭൂമിപൂജയ്ക്ക് വെങ്കിട് ശ്രീറാമിനേയും കൂടെക്കൊണ്ടുപോയി. കേരളത്തിൽ നിന്നുൾപ്പെടെ സമ്പന്നൻമാർ നിരവധി പങ്കെടുത്ത ആ ഭൂമിപൂജയ്ക്കായി ഡോക്ടർ സാബ് വന്നത് പ്രത്യേക ഹെലിക്കോപ്റ്ററിലായിരുന്നു. യു.എസ് ഗവൺമെന്റിന്റെ സൈനിക മേധാവികൾ എന്ന് പരിചയപ്പെടുത്തിയ ചിലരും, സൈനിക വേഷത്തിൽ പങ്കെടുത്തു. 10,000 ഏക്കർ സ്ഥലത്ത് 43000 കോടി യു.എസ്. ഡോളർ ഇൻവെസ്റ്റ് ചെയ്താണ് പദ്ധതി തുടങ്ങുന്നതെന്നാണ് അന്ന് വെങ്കിട് പറഞ്ഞതായി ശ്രീറാം ഓർക്കുന്നത്. സാത്താൻ കുളത്ത് മാത്രമല്ല, കട്ടബൊമ്മൻ നേവൽബേസ്, നാഗ്പൂർ എന്നിങ്ങനെ പല സ്ഥലങ്ങളിലും ഇതുപോലെ ഭൂമിപൂജകൾ നടത്തുകയും അവിടങ്ങളിലൊക്കെ ഡോക്ടർ സാബ് ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങുകയും അതൊക്കെ ചിത്രങ്ങളാക്കി വിപിവിവിയുടെ ബ്രോഷറിൽ ചേർക്കുകയും ചെയ്തിരുന്നു.
അതുമാത്രമല്ല, രാഷ്ട്രപതി പങ്കെടുത്ത നാവിക ദിനാഘോഷത്തെപ്പോലും കമ്പനിയുടെ വിശ്വാസ്യത വെളിവാക്കുന്നതിനുള്ള ഉപാധിയായി മാറ്റുവാനുള്ള ധൈര്യവും ഈ തട്ടിപ്പുസംഘത്തിനുണ്ടായി. 2025 ഡിസംബർ 3 ന് തിരുവനന്തപുരത്ത് ശംഖുംമുഖത്ത് സംഘടിപ്പിച്ച നാവിക ദിനാഘോഷത്തെയാണ് വിപിവിവി ദുരുപയോഗം ചെയ്തത്. രാഷ്ട്രപതി ദ്രൗപതിമുർമു, നാവികസേനാമേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി എന്നിവർ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ തങ്ങളുടെ കമ്പനിയുടെ ലോഗോ സഹിതം പണം നിക്ഷേപിച്ചവർക്കിടയിൽ പ്രചരിപ്പിച്ചത് ബോധപൂർവ്വം തന്നെയായിരുന്നു.
അതുമാത്രമല്ല നാവിക ദിനാഘോഷത്തിന്റെ തത്സമയ സംപ്രേഷണാവകാശം തങ്ങൾക്കാണെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുവാൻ കമ്പനി മടിച്ചില്ല. അന്നേ ദിവസത്തെ ഗതാഗത നിയന്ത്രണത്തെക്കുറിച്ചും പൊതുജനങ്ങൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചുമൊക്കെ, വി.പി.വി.വിയുടെ ലോഗോ സഹിതമാണ് ദിവസങ്ങളോളം വാർത്തകൾ പ്രചരിപ്പിച്ചത്. അതിന്റെ ഉദ്ദേശം, ഇൻഡ്യൻ നാവിക ദിനാഘോഷപരിപാടികളുടെ പ്രധാന സംഘാടകർ തങ്ങളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇൻഡ്യൻ നാവികസേനയുമായി യോജിച്ചാണ് യു.എസിനുവേണ്ടി പ്രതിരോധായുധങ്ങൾ നിർമ്മിക്കുന്നതെന്നുള്ള തങ്ങളുടെ പ്രചരണത്തിന് ബലം നൽകുക എന്നുള്ളതും ഇതിന്റെ ലക്ഷ്യമായിരുന്നു.
അയ്യപ്പന്റെ പേരിലും
ഇതൊന്നും പോരാഞ്ഞ് ശബരിമല അയ്യപ്പന്റെ പേരിലും വലിയൊരു കബളിപ്പിക്കലിന് വെങ്കിട്ടവെങ്കിട് കോപ്പുകൂട്ടിയെങ്കിലും അതുപക്ഷേ അധികം മുമ്പോട്ടുപോയില്ല. ശബരിമലയിൽ യുവതി പ്രവേശനവിവാദം, സ്വർണ്ണപ്പാളിമോഷണം എന്നിവ ഉണ്ടായതോടെ ഭഗവാന്റെ ചൈതന്യം ക്ഷയിച്ചെന്നും, ശബരിമലയ്ക്ക് പകരം വർക്കലയിൽ പുതിയൊരു ക്ഷേത്രം പണിത് തന്നെ അവിടെ പ്രതിഷ്ഠിക്കണമെന്നുമുള്ള ഉത്തരവ് അയ്യപ്പനിൽ നിന്നും തനിക്ക് ലഭിച്ചു എന്നുമുള്ള വെളിപ്പെടുത്തലുമായിട്ടാണ് വർക്കലയിൽ അവതരിച്ചത്. അതിനുള്ള ആദ്യമുതൽമുടക്കാണെന്നും പറഞ്ഞുകൊണ്ട് ഒരു 'നിധി കുംഭ'വുമായിട്ടായിരുന്നു അവതാരം. കുംഭത്തിൽ നിന്നും നോട്ടുകളും സ്വർണ്ണനാണയങ്ങളുമൊക്കെ തറയിലൊരു പായ വിരിച്ച് അതിലേക്ക് ചൊരിഞ്ഞിട്ട വെങ്കിട്ട്‌വെങ്കിട്, അത്രനാളും പുറത്തുപറയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം ഭരിച്ചിരുന്ന പാണ്ഡ്യരാജവംശത്തിന്റെ നിലവിലെ കിരീടാവകാശിയാണ് താനെന്നും അയ്യപ്പക്ഷേത്രം നിർമ്മിക്കുവാനുള്ള രാജനിയോഗവുമായിട്ടാണ് താൻ വന്നിട്ടുള്ളതെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. എന്നുമാത്രമല്ല അതിൽ നിന്നും കുറച്ച് നാണയങ്ങൾ അവിടെക്കൂടി നിന്നവർക്ക് വാരിക്കൊടുത്തശേഷം, കുറച്ചെടുത്ത് ചില മന്ത്രോച്ചാരണങ്ങളോടെ അഗ്നികുണ്ഡത്തിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവ തിരികെ കൊണ്ടുപോവുകയും ചെയ്തു.
ഏതായാലും വർക്കല ജനാർദ്ദന സ്വാമിയുടെ മണ്ണിൽ ആ അയ്യപ്പക്ഷേത്രം ഉയർന്നുപൊങ്ങിയില്ല.
ഏറ്റവും ഒടുവിൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ, ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും നിരവധി കപ്പലുകൾ അവിടെ കുടുങ്ങിപ്പോവുകയും ചെയ്ത സാഹചര്യമുണ്ടായല്ലോ. അപ്പോൾ അവിടെ കുടുങ്ങിപ്പോയ ഇൻഡ്യൻ കപ്പലുകളെ മോചിപ്പിക്കുന്നതിന്റെ ആവശ്യത്തിലേയ്ക്കും വിപിവിവി കമ്പനി പണം തട്ടൽ നടത്തി.
ഈവിധത്തിൽ വെട്ടിപ്പിന്റെ ഏറ്റവും നൂതനമാർഗ്ഗങ്ങളുമായി രംഗത്തെത്തി, നിരവധി നിക്ഷേപകരിൽ നിന്നായി ആയിരം കോടിക്കുമേൽ പണം തട്ടിയെടുത്ത കമ്പനിക്കെതിരെ കൊല്ലം കിളികൊല്ലൂർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചെങ്ങമനാട്, വർക്കല, കളമശ്ശേരി പോലീസ് സ്റ്റേഷനുകളുലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കൊല്ലം ഹൈസ്‌ക്കൂൾ ജംഗ്ഷൻ- കഴ്‌സൺ റോഡിൽ വെങ്കിട്ട്‌വെങ്കിട്, വർക്കല പാലച്ചിറ സ്വദേശി ജി.എസ്. ബിജു, കൊല്ലം പ്രദീപ്കുമാർ, കോഴിക്കോട് ചെലവൂർ സ്വദേശി സുമിതാ സുധാകരൻ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസുകൾ. അതിൻമേൽ ജാമ്യമെടുക്കേണ്ട ആവശ്യം വന്നപ്പോൾ രണ്ട് മുൻ പോലീസ് സൂപ്രണ്ടുമാരുടെ ഒത്താശയാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തങ്ങൾ താമസിച്ചിരുന്ന നഗരത്തിലെ ഒരു ഹോട്ടൽ മുറിയിലേക്ക്, ഔദ്യോഗികരേഖകൾ സഹിതം വിളിച്ചുവരുത്തി ജാമ്യമെടുത്ത അതീവ ഗൗരവതരമായ ഒരു കുറ്റകൃത്യവും വെങ്കിട്ട് വെങ്കിടും കൂട്ടരും നടത്തുകയുണ്ടായി.
ഇതുകൂടാതെ തട്ടിപ്പുസംഘം കേരളാഹൈക്കോടതിയെയും പറ്റിച്ചു. മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത 575/2025-ാം നമ്പർ കേസിന്റെ മുൻകൂർ ജാമ്യത്തിനായി പ്രതികൾക്കുവേണ്ടി അവരിലൊരാളായി, ഇൻവെസ്റ്ററായി ഇരിക്കുന്ന വക്കീൽ കേരളാഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് ഇൻഡോ-യു.എസ് പ്രോജക്ടാണെന്നും അൾട്രാക്ലാസിഫൈഡ് ആണെന്നും അജീഷ് രാമചന്ദ്രൻ, ശ്രീറാം എന്നിവരുടെ അൾട്രാ ക്ലാസിഫൈഡ് ഡോക്യുമെന്റുകൾ തട്ടിക്കൊണ്ടുപോയെന്നും അവരുടെ യു.എസ് ഡിപ്ലോമാറ്റിന്റെ ഫോട്ടോ പ്രചരിപ്പിച്ചെന്നും അതിന്റെ പേരിൽ അവർക്കെതിരെ അമേരിക്കൻ സുപ്രീംകോടതിയും 23 ഫെഡറൽ ഏജൻസികളും ഇൻഡ്യൻ മണ്ണിൽ അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞിട്ടാണ് ജാമ്യം നേടാൻ ശ്രമിച്ചത്.
കിളികൊല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത 1098/2025 ൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഇതേ അഡ്വക്കേറ്റ് കൊടുത്ത സത്യവാങ്മൂലത്തിൽ വിപിവിവി എന്ന കമ്പനിക്ക് ഇൻഡോ-യു.എസുമായി യാതൊരു ബന്ധവുമില്ലെന്നും അവരുടെ ഒരു ഫെലിസിറ്റേറ്റർ ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നുള്ള വേറൊരു സ്റ്റേറ്റ്‌മെന്റാണ് ജില്ലാകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ തട്ടിപ്പുസംഘം സാധാരണ ജനങ്ങളെ മാത്രമല്ല ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയെയും നിയമത്തെയും വരെ പറ്റിച്ചുമുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ് എന്നുവേണം കാണുവാൻ.
ചുരുക്കിപ്പറഞ്ഞാൽ സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത അത്യന്തം ഭീകരമായ തട്ടിപ്പിന്റെ പുതിയ പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.










