04:10am 18 August 2026
NEWS
കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ നെതന്യാഹു മാധ്യമങ്ങൾക്ക് മുന്നിൽ
03/03/2026  01:06 PM IST
nila
കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ നെതന്യാഹു മാധ്യമങ്ങൾക്ക് മുന്നിൽ

ടെൽ അവീവ്: കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പൊതുചടങ്ങിൽ പങ്കെടുത്ത് രംഗത്തെത്തി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അന്ത്യാഞ്ജലി ചടങ്ങിലാണ് നെതന്യാഹു പങ്കെടുത്തത്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിനെയും ഇസ്രയേൽ വ്യോമസേന കമാൻഡറുടെ ആസ്ഥാനത്തെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്ത പ്രചരിച്ചത്. 

ആക്രമണത്തിൽ ലക്ഷ്യമിട്ട കേന്ദ്രങ്ങൾ തകർന്നുവെന്നും നെതന്യാഹുവിന്റെ അവസ്ഥ വ്യക്തമല്ലെന്നും ഐആർജിസി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജവാർത്തകൾ വ്യാപകമായത്. ഇറാൻ ആക്രമണം നടന്ന ബെയ്ത് ഷെമേഷ് നഗരം സന്ദർശിച്ച നെതന്യാഹു, ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. “ഇറാൻ ഭീകര ഭരണകൂടം പൗരന്മാരെയാണ് ലക്ഷ്യമിടുന്നത്. ഇസ്രയേൽ ഭീകര ഭരണകൂടത്തെയാണ് ലക്ഷ്യമിടുന്നത്—സാധാരണക്കാരെ സംരക്ഷിക്കാനായി,” കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഇസ്രയേലിനെതിരെ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ടെഹ്‌റാൻ നഗരത്തിൽ ഇറാനിയൻ സ്റ്റേറ്റ് ടിവി ആസ്ഥാനത്തേക്ക് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ട് ചെയ്തു. യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ ഇതുവരെ 550ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

ഇസ്രയേൽ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് പൗരന്മാർ ഉടൻ ഒഴിയണമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ സൈനിക നടപടി അഞ്ച് ആഴ്ച വരെ നീണ്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img