
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ നേതാജിയുടെ അനന്തരവൻ തൃണമൂൽ കോൺഗ്രസിൽ എത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയിൽ ചേർന്നത് തന്നെ ഒരു “ചരിത്രപരമായ തെറ്റ്” ആയിരുന്നുവെന്ന് തുറന്നുപറഞ്ഞ ബോസ്, പാർട്ടിയുടെ ആശയങ്ങളോട് ഒരിക്കലും തനിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.
2016-ലാണ് ചന്ദ്രകുമാർ ബോസ് ബിജെപിയിൽ ചേർന്നത്. ആശയപരമായ ഭിന്നതകൾ മൂലം 2023-ൽ തന്നെ ബിജെപിയുമായുള്ള ബന്ധം വിട്ടിരുന്നു. ഇന്നലെ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ മുതിർന്ന ടിഎംസി നേതാക്കളായ ബ്രത്യ ബസു, കീർത്തി ആസാദ്എന്നിവരുടെ സാന്നിധ്യത്തിലാണ് തൃണമൂലിൽ ചേർന്നത്.
ബംഗാളിന്റെ സാമൂഹിക-സാംസ്കാരിക പൈതൃകവുമായി ബിജെപിയുടെ രാഷ്ട്രീയത്തിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബോസിന്റെ വിമർശനം. നേതാജിയുടെ മതേതരവും ഉൾക്കൊള്ളുന്നവുമായ ചിന്താഗതികൾക്ക് വിരുദ്ധമായ വഴിയാണ് ബിജെപി സ്വീകരിക്കുന്നതെന്നും, വിഭജനരാഷ്ട്രീയം രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഐക്യം സംരക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം എന്നും ബോസ് പറഞ്ഞു.











