01:40pm 19 April 2026
NEWS
മന്ത്രിസാര്‍, താങ്കൾ ഇത് കാണുന്നോ ?
ഇവിടെ ഇതൊക്കെയാണ് നടക്കുന്നത് ...

16/05/2025  08:31 AM IST
അനീഷ് മോഹനചന്ദ്രന്‍
വെള്ളരിക്കാപ്പട്ടണം !
HIGHLIGHTS

പല ബസുകളും സമയം തെറ്റിയാണ് തലങ്ങും വിലങ്ങും പായുന്നത്. ഇത് റോഡിൽ മരണപ്പാച്ചിലിനും അപകടങ്ങൾക്കും കാരണമാകുന്നു... 

തിരുവനന്തപുരം : മോട്ടോര്‍വാഹന നിയമങ്ങൾ കാറ്റിൽ പറത്താനാകില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കൺമുന്നിൽ നഗ്നമായ നിയമലംഘനം. മന്ത്രിയുടെ മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പെര്‍മിറ്റില്ലാതെ സ്വകാര്യബസുകളിൽ ചിലത് തലങ്ങും വിലങ്ങും പായുമ്പോൾ അധികൃതര്‍ക്ക് മിണ്ടാട്ടമില്ല. കാലഹരണപ്പെട്ട ബസുകളിൽ പലതും പെയിന്റടിച്ച് പുതുമോടി വരുത്തിയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാൽ ഇവയ്ക്ക് എങ്ങിനെ ഫിറ്റ്നസ് ലഭിച്ചു എന്നാരും ചോദിക്കരുത്. ലോംഗ് റൂട്ട് ഓടിയ റോബിൻ ബസും മോട്ടോര്‍വാഹനവകുപ്പും തമ്മിൽ ഏറ്റുമുട്ടിയത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും നിരവധി ബസുകൾ പെര്‍മിറ്റില്ലാതെ അനധികൃതമായി ലോംഗ് റൂട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. അത്തരം കേസുകളിൽ ഒരു നടപടിയുമുണ്ടാകുന്നില്ല. 
         മലബാര്‍ മേഖലയിലേക്ക് ചെന്നാൽ കാര്യങ്ങൾ അടിമുടി കീഴിൻമേൽ മറിഞ്ഞ അവസ്ഥയാണ്. പല ബസുകളും സമയം തെറ്റിയാണ് തലങ്ങും വിലങ്ങും പായുന്നത്. ഇത് റോഡിൽ മരണപ്പാച്ചിലിനും അപകടങ്ങൾക്കും കാരണമാകുന്നു. എന്തെങ്കിലും ജീവഹാനി സംഭവിക്കുമ്പോൾ മാത്രമാണ് അധികൃതര്‍ കണ്ണുതുറന്ന് പ്രവര്‍ത്തിക്കുന്നത്. പല ജില്ലകളിലും കണ്ടക്ടര്‍മാര്‍ ടിക്കറ്റ് പോലും നൽകാറില്ല. കൂടിയ നിരക്ക് യാത്രക്കാരിൽ നിന്നീടാക്കുന്ന ബസുകാര്‍ വാഹനം കേടായാൽ പകരം സര്‍വ്വീസ് ലഭ്യമാക്കാനോ പണം ആനുപാതികമായി മടക്കി നൽകാനോ തയ്യാറാകില്ല. ഇതിനെതിരെ പരാതി വ്യാപകമാണെങ്കിലും ആരും ഒന്നും ചെയ്യാറില്ല. ഉത്തരമലബാറിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി പരാതികൾ മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ നീക്കുപോക്കുകൾ ഇതുവരെ ഉണ്ടായിട്ടില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img