
ജെൻ സി വിപ്ലവത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളിൽ ഇടക്കാല ഭരണകൂടം സ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം. യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശർമ ഒലിയും രാജിവെച്ചതോടെ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം കലാപമായി രൂപപ്പെട്ടു. ഇതിനിടെയാണ് പ്രക്ഷോഭകാരികൾ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി രാജ്യത്തൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ പേരാണ് ഭൂരിപക്ഷവും നിർദ്ദേശിച്ചത്. ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നെന്ന് സുശീല കർക്കിയും വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രമായിരുന്നു പ്രക്ഷോഭകാരികൾ വെർച്വൽ മീറ്റിംഗ് നടത്തിയത്. ചർച്ചയിൽ നിരവധി പേരുകൾ ഉയർന്നു വന്നെങ്കിലും സുശീല കർക്കി എന്ന പേരിൽ അവസാനം എത്തിച്ചേരുകയായിരുന്നു. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായുടെ പേര് ചർച്ചയുടെ തുടക്കത്തിൽ ഉയർന്നു വന്നെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ആ ശ്രമം ഒഴിവാക്കുകയായിരുന്നു എന്നാണ് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നത്. അദ്ദേഹം കോളുകൾ എടുക്കാതിരുന്നതിനാൽ തങ്ങൾ മറ്റൊരു ഓപ്ഷൻ നോക്കി എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഒരു ജെൻ സി പ്രതിനിധി നേപ്പാളി മാധ്യമങ്ങളോട് പറഞ്ഞത്.
2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുശീല കർക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു.











