
ദോഹ: ഖത്തറിലെ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WISF) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഫ്രണ്ട്ലി വനിതാ വോളിബോൾ ടൂർണമെന്റ് 2026-ൽ ചരിത്രവിജയം നേടി നേപ്പാൾ വനിതാ വോളിബോൾ ടീം. കലാശപ്പോരാട്ടത്തിൽ ഫിലിപ്പീൻസ് 'ബി' ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് (25–23, 25–21, 25–10) പരാജയപ്പെടുത്തിയാണ് എൽ.ആർ.എൻ.എ എൻ.സി.സി ഖത്തർ സ്പോർട്സ് വിംഗിനെ പ്രതിനിധീകരിച്ച നേപ്പാൾ ടീം കിരീടത്തിൽ മുത്തമിട്ടത്.
സെമിഫൈനലിൽ ഫിലിപ്പീൻസ് 'എ' ടീമിനെ തകർത്താണ് നേപ്പാൾ ഫൈനലിലേക്ക് മുന്നേറിയത്. ടൂർണമെന്റിന് ആഴ്ചകൾക്ക് മുൻപ് മാത്രം രൂപീകരിച്ച ഒരു ടീമാണ് ഈ വലിയ നേട്ടം കൈവരിച്ചത് എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു. എൻ.ആർ.എൻ.എ കോർഡിനേറ്റർ രാജൻ ചപാഗെയ്ന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വഴിയും വ്യക്തിപരമായ ബന്ധങ്ങളിലൂടെയുമാണ് കളിക്കാരെ കണ്ടെത്തിയത്.
ജോലിയും കുടുംബപരമായ ഉത്തരവാദിത്തങ്ങളും തടസ്സമാകാതെ കടുത്ത പരിശീലനത്തിലൂടെയാണ് ക്യാപ്റ്റൻ കൊസേലി മഗറിന്റെയും കോച്ച് സാഗർ ബികെയുടെയും കീഴിൽ ടീം മികച്ച പ്രകടനം പുറത്തെടുത്തത്.ആയിരത്തോളം വരുന്ന നേപ്പാളി കാണികളുടെ സാന്നിധ്യവും പിന്തുണയും മത്സരത്തിന് വൻ ആവേശം പകർന്നു. പ്രവാസി വനിതകളുടെ നിശ്ചയദാർഢ്യത്തിന്റെയും ഒത്തൊരുമയുടെയും ഉദാഹരണമായി ഈ വിജയം മാറിയെന്ന് എൻ.ആർ.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി.










