12:00pm 16 September 2026
NEWS
നേപ്പാൾ യാത്രയും പ്രളയദുരന്തവും
16/09/2026  10:11 AM IST
മധുബാലകൃഷ്ണൻ
നേപ്പാൾ യാത്രയും പ്രളയദുരന്തവും

കുടുംബസമേതം എല്ലാ ഓണഅവധിക്കും ഒരു യാത്ര പതിവാണ്. ഇപ്രാവശ്യം നേപ്പാൾ ആണ് തിരഞ്ഞെടുത്തത്. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. നേപ്പാളിൽ എന്റെ സുഹൃത്ത് തിരു ബൂഷാലിനെ കാണാൻ ഒരു ആഗ്രഹം. 2013 ൽ നടത്തിയ അമേരിക്കൻ യാത്രയിൽ പരിചയപ്പെട്ട 23 രാജ്യങ്ങളിലെ ജേർണലിസ്റ്റുകളിൽ നേപ്പാളിൽ നിന്നുള്ള മാധ്യമപ്രവർത്തകനായിരുന്നു തിരു. കൂടാതെ എന്റെ പാസ്‌പോർട്ട് 'കേരളശബ്ദ'ത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ച വിഷയവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. കോടതിയിൽ അപേക്ഷ കൊടുത്ത് അത് പുതുക്കാൻ ശ്രമിച്ചില്ല. അപ്പോൾ പാസ്‌പോർട്ട് ഇല്ലാതെ വോട്ടർ ഐഡിയിൽ യാത്ര ചെയ്യാൻ പറ്റിയ രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. അതായിരുന്നു മറ്റൊരു കാരണം.

ആഗസ്റ്റ് 23 ഞായറാഴ്ച യാത്ര തിരിച്ചു. തിരുവനന്തപുരം മുതൽ ഡൽഹി വഴി കാഠ്മണ്ഡുവിലേക്കുള്ള വിമാനത്തിൽ എന്റെ ഭാര്യ സംഗീതയും മകൻ അനന്തകൃഷ്ണനും, നന്ദകിഷോറും ഉണ്ടായിരുന്നു. അവിടെ ഹോട്ടലിൽ എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ കസിൻ ദിനേശും ഉണ്ടായിരുന്നു. ദിനേശ് ആയിരുന്നു ഞങ്ങളുടെ ടൂർ ഓർഗനൈസർ. ആറുദിവസമായിരുന്നു വിനോദയാത്രയുടെ ദൈർഘ്യം. ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം, എങ്ങനെയൊക്കെ യാത്ര ചെയ്യണം എന്ന കാര്യങ്ങൾ തയ്യാറാക്കിയത് അവിടെവച്ചാണ്. അടുത്തദിവസം പൊഖാറയിൽ പോകാൻ തീരുമാനിച്ചു. നേപ്പാളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണത്.

ആറുമണിക്കൂർ കാറിൽ യാത്ര ചെയ്തു പോകാനാണ് ദിനേശ് അഭിപ്രായപ്പെട്ടത്. അത് ഞങ്ങൾ നിരസിച്ചു. ആഭ്യന്തര വിമാനസർവ്വീസുകൾ ഉണ്ടല്ലോ. അതിൽ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ദിനേശ് തന്റെ മറ്റ് യാത്രക്കാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അതിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ വംശജരായ കൈലാസയാത്രികരായിരുന്നു. അടുത്ത ദിവസം  രാവിലെ ഞങ്ങൾ വിമാനം കയറി.

മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള യാത്ര. ആഗസ്റ്റ് 24 നും, 25 നും അവിടെ ചെലവഴിച്ചു. 26 ന് രാവിലെ എട്ടുമണിക്ക് ദിനേശ് വിളിച്ചു. അപ്പോൾ ഞങ്ങൾ വിമാനത്തിൽ കാഠ്മണ്ഡുവിലേക്ക് പത്ത് മണിക്ക് തിരിച്ചുവരുമെന്ന് അറിയിച്ചു. പതിനൊന്ന് മണിയോടെ ദിനേശിനെ കാഠ്മണ്ഡുവിൽ ഞങ്ങൾ കണ്ടപ്പോൾ അയാൾക്കാകെ പരിഭ്രാന്തിയും, വെപ്രാളവും. കാര്യം അന്വേഷിച്ചപ്പോൾ കൈലാസ യാത്രക്കാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല, അവിടെ വലിയൊരു ദുരന്തം ഉണ്ടായി എന്നുപറഞ്ഞു. കൂടാതെ തന്റെ സഹോദരൻ നേപ്പാൾ ഇമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും, രാവിലെ എട്ടരയ്ക്ക് ഫോണിൽ ബന്ധപ്പെട്ടെന്നും, പിന്നെ ലഭ്യമല്ലാതായി എന്നും പറഞ്ഞു.

ഞങ്ങൾ പരിചയപ്പെട്ട പലരുടെയും മുഖം മനസ്സിൽ തെളിഞ്ഞു. ദുരന്തത്തിന്റെ ഭീകരത അപ്പോഴും വ്യക്തമല്ലായിരുന്നു. ദിനേശ് തന്റെ ഫോണിൽ ആ ഭീകരദൃശ്യം ഞങ്ങളെ കാണിച്ചു. ഞങ്ങൾ ഞങ്ങളുടെ ഫോണുകളിൽ യൂ ട്യൂബിൽ പരതി ഈ ദുരന്തകാഴ്ചകൾ കണ്ടു. വല്ലാതെ നടുങ്ങിപ്പോയി. വലിയ മഞ്ഞുമല ഇടിഞ്ഞുണ്ടായ മാരകപ്രളയത്തിൽ ബഹുനില കെട്ടിടങ്ങളം വാഹനങ്ങൾ ഉൾപ്പെടെ ഗ്രാമങ്ങൾ ഒന്നാകെ മണ്ണിനടിയിൽപ്പെടുന്ന ഞെട്ടിക്കുന്ന കാഴ്ച. 

കൈലാസയാത്ര തെരഞ്ഞെടുക്കുന്നവർ യാത്ര ചെയ്യുന്ന വഴികളും ഗ്രാമങ്ങളുമാണ് മണ്ണിനടിയിൽപ്പെട്ടത്. കാഠ്മണ്ഡുവിൽ നിന്ന് 130 കി.മീ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ടിബറ്റൻ അതിർത്തിയിലേക്ക് ഏഴ് മണിക്കൂർ യാത്ര ചെയ്ത് അവിടെനിന്ന് എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു വേണം ടിബറ്റിലേക്ക് പ്രവേശിക്കാൻ. റസ്‌വാബോർഡർ ഉച്ചയ്ക്ക് മൂന്നുമണിക്ക് അടയ്ക്കും. രാവിലെ അഞ്ചുമണിക്ക് കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെടുന്നവർ മൂന്നുമണിക്ക് റസ്‌വായിൽ എത്തി. മറ്റ് നടപടികൾ പൂർത്തിയാക്കി ടിബറ്റ് ഗ്രാമമായ Gyirong ൽ എത്തുന്നതാണ് പതിവ്. റസുവാ അതിർത്തിയിൽ നിന്നും 25 കിലോമീറ്റർ ഒരു മണിക്കൂർ കൊണ്ട് Gyirong ൽ എത്തിച്ചേരുകയും അവിടെ രാത്രി ഹോട്ടലിൽ വിശ്രമിച്ചിട്ട് പിറ്റേന്ന് രാവിലെ യാത്ര തുടരുന്നതാണ് പതിവ്. പിന്നേയും മൂന്നുനാലുദിവസത്തെ കാൽനടയാത്ര വേണ്ടിവരും കൈലാസമല കാണാൻ.
ഓക്‌സിജൻ കുറവുള്ള, 5000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മലയടിവാരത്തിൽ ചെല്ലുന്നവർ അതുമായി പൊരുത്തപ്പെടാൻ വിശ്രമിച്ച് വളരെ സാവകാശമാണ് എത്തിപ്പെടുന്നത്. 

റസ്‌വാ അതിർത്തിയിലെ അതായത് നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റസ്‌വാ, Gyirong എന്നീ ഗ്രാമങ്ങളിലാണ് ദിനേശിന്റെ ഗ്രൂപ്പിലെ കൈലാസയാത്രികരെ കാണാതായത്. ഇപ്പോഴും അവരിൽ പലരേയും കണ്ടുകിട്ടിയിട്ടില്ല. ഇനി കിട്ടുമോ എന്നുതന്നെ ഉറപ്പില്ല. ചെളികൊണ്ട് നിറഞ്ഞ ഈ സ്ഥലങ്ങൾ പുനർജ്ജീവിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. കൈലാസയാത്രികർക്ക് മറ്റ് വഴികളിലൂടെ വേണം ഇനി പോകാൻ.
28 ന് ഞങ്ങൾ കാഠ്മണ്ഡുവിൽ നിന്നും ഡൽഹി വിമാനത്താവളം വഴി തിരുവനന്തപുരത്ത് തിരിച്ചെത്തുകയായിരുന്നു. ഡൽഹിയിൽ നേപ്പാളിൽ നിന്നും വരുന്ന തമിഴരെ തിരക്കി തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികൾ എത്തിയിരുന്നു. ഒപ്പം തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉണ്ടായിരുന്നു. തമിഴരാണോ ഞങ്ങൾ എന്ന് അവർ തിരക്കി. മലയാളികളാണെന്ന് പറഞ്ഞു. നമ്മുടെ പ്രതിനിധികൾ ഉണ്ടോ എന്ന് നോക്കി. ആരെയും അപ്പോൾ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നെ വന്നുകാണും എന്ന് സ്വയം സമാധാനപ്പെടുത്തി.

ഏതായാലും ഈ വർഷത്തെ യാത്ര അങ്ങനെ കലാശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img