06:34am 11 November 2026
NEWS
ജെൻ സി വിപ്ലവം: നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു, ധനമന്ത്രിയെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ചു
10/09/2025  08:52 AM IST
nila
ജെൻ സി വിപ്ലവം: നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു, ധനമന്ത്രിയെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ചു

പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്. ജെൻ സി വിപ്ലവകാരികൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഝലനാഥ് ഖനാലിന്റെ വീടിന് പ്രക്ഷോഭകാരികൾ തീയിടുകയായിരുന്നു. 

കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലുള്ള വീടാണ് പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയത്.  ഈ സമയം, ഖനാലിന്റെ ഭാര്യ രാജലക്ഷ്മി ചിത്രകാർ വീടിനകത്തായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജലക്ഷ്മിയെ ഉടൻ തന്നെ കീർത്തിപൂർ ബേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാജലക്ഷ്മി ചികിത്സയ്ക്കിടെ മരിച്ചെന്ന് കുടുംബ വൃത്തങ്ങൾ വ്യക്തമാക്കി. 

ഒലി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന 65കാരനായ ബിഷ്ണു പ്രസാദ് പൗഡലിനെ പ്രക്ഷോഭകർ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. ബിഷ്ണു പ്രസാദ് പൗഡലിനെതലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മന്ത്രിയെ പ്രക്ഷോഭകർ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

26 സോഷ്യൽ മീഡിയ സൈറ്റുകൾ തടഞ്ഞതിൽ പ്രകോപിതരായ യുവാക്കൾ നയിച്ച പ്രകടനങ്ങളാണ് രാജ്യത്തെ അശാന്തിയിലേക്കും യുദ്ധസമാനമായ സംഘർഷത്തിലേക്കും ചെന്നെത്തിച്ചത്.

നേപ്പാളിലെ അശാന്തിയെ തുടർന്ന്, സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ അയൽ രാജ്യത്തേക്കുള്ള യാത്ര മാറ്റിവെക്കാൻ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, നേപ്പാൾ എയർലൈൻസ് എന്നിവ ഡൽഹി–കാഠ്മണ്ഡു വിമാനസർവീസുകൾ റദ്ദാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img