
നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു. രാജ്യത്ത് ജെൻ സി വിപ്ലവം ശക്തമായതോടെയാണ് കെ.പി. ശർമ ഒലി പ്രധാനമന്ത്രി പദവി ഒഴിഞ്ഞത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കെതിരെയാണ് രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. സമൂഹ മാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ നീക്കിയെങ്കിലും അഴിമതിയും ദുർഭരണവും ആരോപിച്ച് യുവാക്കൾ പ്രക്ഷോഭം തുടരുകയായിരുന്നു.
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് കെ.പി ശർമ ഒലി പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കടുക്കുകയും, പാർലമെൻ്റ് മന്ദിരം, നേതാക്കളുടെ വസതികൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഓഫീസുകൾ പ്രക്ഷോഭകർ തകർക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
വെള്ളിയാഴ്ച ആരംഭിച്ച 'ജെൻ സീ വിപ്ലവം' തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പോലീസ് നടപടികളെത്തുടർന്ന് 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേറ്റു. അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തൊട്ടുപുറകെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത സർക്കാർ തിങ്കളാഴ്ച രാത്രി വൈകി സോഷ്യൽമീഡിയ സൈറ്റുകളുടെ നിരോധനം പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.











